കോഴിക്കോട്:യൂത്ത്‌ലീഗിന്റെ കത്വ ഉന്നാവോ ഫണ്ടില്‍ നിന്ന് സഹായം നല്‍കിയ അസന്‍സോള്‍ ഇമാം ആരാണെന്ന് പരിഹാസത്തോടെ ചോദിച്ച മന്ത്രി കെ.ടി ജലീലിന് മറുപടിയുമായി യൂത്ത്‌ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് സുബൈര്‍ ജലീലിന് വിശദമായ മറുപടി നല്‍കിയിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കത്വ ഉന്നാവോ ഫണ്ടിൽ അസൻസോൾ ഇമാമിന് പണം കൊടുത്തു… ആരാണാ ഇമാം.. എന്തിന് കൊടുത്തു.. ചോദിക്കുന്നത് ഒരു മന്ത്രിയാണ്…
ആദ്യം ആരാണ് എന്ന് മന്ത്രിയുടെ അറിവിലേക്കായി പറയാം.. അദ്ദേഹത്തിന്റെ പേര് ഇംദാദുദീൻ റഷാദി.. സ്വന്തം മകനെ 16 വയസുകാരനായ സിബ്ഗതുല്ല റഷീദിയെ ജയ് ശ്രീരാം വിളിയുടെ പേരിൽ ഹിന്ദുത്വ വാദികൾ കൊന്നു കളഞ്ഞത് സഹിക്കേണ്ടി വന്ന ഒരു പിതാവ്..
ബംഗാളിൽ ഒരു വർഗീയ കലാപമായിരുന്നു അവരുടെ ലക്ഷ്യം.. നൂറാനി മസ്ജിദിൽ മൂന്ന് പതിറ്റാണ്ടായി ഇമാമായി ജോലി ചെയ്യുന്ന അദ്ദേഹം മകന്റെ മരണത്തെ തുടർന്ന് താൻ ഖുതുബ പറയുന്ന പള്ളിയിൽ ചെന്ന് എല്ലാ വേദനകളും മാറ്റിവെച്ച് നാട്ടുകാരോട് പറഞ്ഞു. എന്റെ മകന്റെ പേരിൽ ഒരു തുള്ളി ചോര വീഴരുത്..
ഈ പ്രകോപനത്തിൽ വീണു പോകരുത്.. അങ്ങനെ സംഭവിച്ചാൽ ഈ വീടും വിറ്റ് ഞാൻ നാട് വിട്ട് പോകും.. ആ പണ്ഡിതന്റെ വികാരനിർഭരമായ വാക്കുകൾ ആ നാടു കേട്ടു.. അവിടെ സമാധാനം പുലർന്നു..
ലോകം ആ മനുഷ്യനെക്കുറിച്ച് ആദരവോടെ പറഞ്ഞു.. ഈ നൂറ്റാണ്ട് കണ്ട യഥാർത്ഥ ഗാന്ധിയൻ..
കത്വ ഉന്നാവോ പോലെയുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ ഗ്യാലറിയിലിരുന്ന് കളി കണ്ട് രസിക്കുന്ന മന്ത്രി കെ ടി ജലീൽ ഈ ഇമാമിനെ അറിയാത്തതിൽ അത്ഭുതമില്ല… പക്ഷേ ഈ രാജ്യത്തിന് ആ ഇമാമിനെ അറിയാം.. ആ മകന് യൂത്ത് ലീഗ് അഞ്ച് ലക്ഷം രൂപ നൽകിയത് തെറ്റാണെന്ന് ആരും പറയില്ല..
ഏത് വകുപ്പിലാണ് കൊടുത്തത് എന്നും പറയാം :
ഈ കളക്ഷൻ നടക്കുന്ന സമയത്ത് തന്നെ ഓൺലൈൻ ക്യാമ്പയിനിൽ തയ്യാറാക്കിയ പോസ്റ്ററിൽ അസൻസോൾ കൂടി തയ്യാറാക്കിയാണ് അന്നൗൻസ് ചെയ്തത് . ദേശീയ പ്രസിഡണ്ട് സാബിർ എസ് ഗഫാറിന്റെ facebook വാളിൽ പോയാൽ അത് കാണാം ..
ഓൺലൈൻ പോസ്റ്ററും fb പോസ്സ്റ്റിന്റെ സ്ക്രീൻ ഷോട്ടും കൂടി ഇതിനോട് ചേർക്കുന്നു..
അസൻസോൾ ഇമാമിനെ സഹായിക്കാനായതിലും ഞങ്ങൾക്ക് സന്തോഷമാണ് …
ഏതു ഇമാം എന്നൊക്കെ ചോദിക്കുന്ന ഈ മനുഷ്യന്റെ ക്രൂരമായ വിനോദം ഈ നാട് വിലയിരുത്തട്ടെ…