അമൃത്സര്‍: പഞ്ചാബില്‍ ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പടുത്തിയ സംഭവത്തിന് പിന്നാലെ കോണ്‍ഗ്രസിന് എതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയ ബിജെപി നേതൃത്വത്തിന് ചുട്ട മറുപടിയുമായി രാഹുല്‍ ഗാന്ധി. പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ ആറു വയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാര്‍ വീഴ്ചയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയ രാഹുല്‍ ഗാന്ധി, നീതി അവശ്യമെങ്കില്‍ പഞ്ചാബിലേക്കും രാജസ്ഥാനിലേക്കും പോകുമെന്നും തുറന്നടിച്ചു. ട്വിറ്ററിലായിരുന്നു രാഹുലിന്റെ പ്രതികരണം.

‘യുപി സര്‍ക്കാറിനെപ്പോലെ ആ പെണ്‍കുട്ടി ബലാല്‍സംഗം ചെയ്യപ്പെട്ടില്ല എന്ന് പഞ്ചാബിലെയും രാജസ്ഥാനിലെയും സര്‍ക്കാറുകള്‍ പറയുന്നില്ല. അവരുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുന്നില്ല. ഇനി അവരെങ്ങാന്‍ അങ്ങനെ ചെയ്യുകയാണെങ്കില്‍ ഞാന്‍ അവിടെയും പോയി നീതിക്ക് വേണ്ടി പോരാടും’ -രാഹുല്‍ ട്വീറ്റ് ചെയ്തു.

പഞ്ചാബില്‍ ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പടുത്തിയ സംഭവത്തിന് പിന്നാലെ ഉത്തര്‍പ്രദേശിലേക്ക് രാഷ്ട്രീയ യാത്ര നടത്തിയ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പഞ്ചാബില്‍ ദലിത് പെണ്‍കുട്ടി ക്രൂരമായി കൊലചെയ്യപ്പെട്ടപ്പോള്‍ എവിടെയെന്ന രൂക്ഷ വിമര്‍ശനവുമായി ബിജെപി ഉയര്‍ത്തിയത്.

ഉത്തര്‍പ്രദേശിലെ ഹാഥ്രസില്‍ ദലിത് പെണ്‍കുട്ടി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടപ്പോള്‍ സന്ദര്‍ശനം നടത്തിയ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എന്തുകൊണ്ട് ഇതുവരെ പഞ്ചാബിലേക്ക് പോയില്ലെന്നും കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ ചോദിച്ചു. കോണ്‍ഗ്രസ് രാഷ്ട്രീയം നോക്കിയാണ് വിഷയങ്ങളില്‍ ഇടപെടുന്നതെന്നും കോണ്‍ഗ്രസ് അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ നേതാക്കള്‍ കാണില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. എന്നാല്‍ ഇതിന് മറുപടിയുമായാണ് രാഹുല്‍ നേരിട്ടെത്തിയത്.

പഞ്ചാബ് തണ്ടയിലെ ജലാല്‍പുര്‍ ഗ്രാമത്തിലാണ് പീഡന സംഭവം നടന്നത്. ഗ്രാമത്തില്‍ താമസിക്കുന്ന ബിഹാറില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളിയുടെ മകളെയാണ് പീഡിപ്പിച്ചു കൊന്ന് കത്തിച്ചത്. പെണ്‍കുട്ടിയെ ഗുര്‍പ്രീത് വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോകുകയായിരുന്നു. അവിടെവെച്ച് ബലാത്സംഗം ചെയ്തതായും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

എന്നാല്‍ സംഭവത്തില്‍ യോഗി സര്‍ക്കാറിന് വിഭിന്നമായി ഉടന്‍ അന്വേഷണം പ്രഖ്യാപിച്ച പഞ്ചാബ് സര്‍ക്കാര്‍, പ്രതികളുടെ വീട്ടില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തിരുന്നു. തുടര്‍ന്ന് പ്രതികളായ ഗുര്‍പ്രീത് സിങ്, ഇയാളുടെ മുത്തച്ഛന്‍ സുര്‍ജിത് സിങ് എന്നിവരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. പെണ്‍കുട്ടി മരിച്ചതോടെ ഗുര്‍പ്രീതും സുര്‍ജിത്തും ചേര്‍ന്ന് മൃതദേഹം കത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.കൊലപാതകം, ബലാത്സംഗം എന്നിവയ്ക്ക് പുറമേ പോക്‌സോ വകുപ്പും പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് നിര്‍ദേശം നല്‍കി.