കാലിഫോര്‍ണിയ: ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ വലിയ തിരിച്ചടി നേരിയുന്ന ഫെയ്‌സ് ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കാന്‍ പുതിയ ഫീച്ചറുമായി എത്തുന്നു. ഗൂഗിള്‍ ക്രോം, മോസില്ല ഫയര്‍ ഫോക്‌സ് എന്നീവയിലെ പോലെ ക്ലിയര്‍ ഹിസ്റ്ററി എന്ന ഓപ്ഷനാണ് ഫെയ്‌സ്ബുക്ക് തങ്ങളുടെ ആപ്പിലും ഉള്‍പ്പെടുത്താന്‍ ഒരുങ്ങുന്നത്. കാലിഫോര്‍ണിയയിലെ സാന്‍ഹോസില്‍ നടന്ന എഫ് 8 കോണ്‍ഫറന്‍സിലാണ് പുതിയ ഫീച്ചറിനെ കുറിച്ചുളള വിവരം ഫെയ്‌സ്ബുക്ക് പുറത്തുവിട്ടത്.

പുതിയ ഫീച്ചര്‍ വരുന്നതോടെ ഫെയ്‌സ്ബുക്കില്‍ നിന്നും ഉപഭോക്താക്കള്‍ തുറന്ന വെബ്‌സൈറ്റുകള്‍, ആപ്ലിക്കേഷനുകള്‍ എന്നിവ സംബന്ധിച്ച വിവരം ഉപയോക്താവിന് കാണാം. ഇത് ക്ലിയര്‍ ചെയ്താല്‍ പിന്നീട് വ്യക്തികളുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ സാധിക്കില്ലെന്നാണ് ഫെയ്‌സ് ബു്ക്കിന്റെ വാദം. മാസങ്ങള്‍ക്കുളളില്‍ തന്നെ പുതിയ ലഭ്യമാവുമെന്ന് ഫെയ്‌സ്ബുക്ക് ചീഫ് പ്രൈവസി ഓഫീസറും വൈസ് പ്രസിഡന്റുമായ എറിക് എഗന്‍ അറിയിച്ചു.

 

സാധരണഗതിയില്‍ ഉപഭോക്താക്കള്‍ വെബ്‌സൈറ്റുകളോ അപ്ലിക്കേഷന്‍സോ ഉപയോഗിക്കുമ്പോള്‍ അവ ഉപഭോക്താവിന്റെ ചില പ്രത്യേക വിവരങ്ങള്‍ ശേഖരിച്ചു വെക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ശേഖരിച്ചു വെയ്ക്കുന്ന ഇത്തരം വിവരങ്ങള്‍ പിന്നീടു കൂടുതല്‍ സ്വീകാര്യമായ പരസ്യങ്ങള്‍ ഫെയ്‌സ് ബുക്കിലൂടെ ലഭ്യമാക്കാന്‍ ശ്രമിക്കും. ഫെയ്‌സ്ബൂക്കില്‍ നിന്നു ലോഗ് ഔട്ട് ചെയ്താലും ശേഖരിച്ചുവെയ്ക്കപ്പെടുന്ന ഈ വിവരങ്ങള്‍ മായ്ച്ച് കളയാന്‍ ഇതുവരെ സാധിച്ചിരുന്നില്ല. ഇതിലൂടെയാണ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയത്. പുതിയ ഫീച്ചര്‍ വരുന്നതോടെ നഷ്ടമായ വിശ്വാസ്യത തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണ് കമ്പനി.