ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ വനിതാ മാധ്യമപ്രവര്‍ത്തകയെ ഭര്‍ത്താവ് വെടിവെച്ചുകൊന്നു. ശനിയാഴ്ച വൈകുന്നേരം ബലൂചിസ്ഥാനിലെ കെച്ച് ജില്ലയിലെ ടര്‍ബാറ്റ് പ്രദേശത്താണ് സംഭവം. പിടിവിയിലെ പ്രാദേശിക അവതാരകയും പ്രാദേശിക മാസികയുടെ പത്രാധിപരുമായിരുന്ന ഷഹീന ഷഹിനാണ് കൊല്ലപ്പെട്ടത്. ബലൂചിസ്ഥാന്‍ സര്‍വകലാശാലയില്‍ ഫൈന്‍ ആര്‍ട്‌സ് വിദ്യാര്‍ത്ഥിനിയുമായിരുന്നു ഷഹിന.

ഭാര്യ തന്നെക്കാള്‍ പ്രശസ്തയായതാണ് ഭര്‍ത്താവിനെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. 2018ല്‍ പുറത്തിറങ്ങിയ ഒരു റിപ്പോര്‍ട്ടില്‍ ബലൂചിസ്ഥാനില്‍ ദുരഭിമാനത്തിന്റെ പേരില്‍ 30 സ്ത്രീകള്‍ ഉള്‍പ്പെടെ 50 പേര്‍ കൊല്ലപ്പെട്ടന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ആയ ഔറത് ഫൗണ്ടേഷന്റെ റിപ്പോര്‍ട്ടിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.

ഭര്‍ത്താക്കന്‍മാര്‍, സഹോദരങ്ങള്‍, മറ്റു ബന്ധുക്കള്‍ തുടങ്ങിയവരാണ് ഭൂരിഭാഗം ദുരഭിമാനക്കൊലക്കും പിന്നില്‍. ഷഹിന്റെ കൊലപാതകത്തിന് പിന്നിലും ഇത് തന്നെയാണ് സംഭവിച്ചതെന്നാണ് കരുതുന്നത്. കൊലപാതകം ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നാണെന്ന് കെച്ച് പൊലീസ് സൂപ്രണ്ട് നജീബുള്ള പന്ദ്രാനി പറഞ്ഞു. കേസില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി.