സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: രാജ്യത്തെ മുസ്ലിം കുടുംബങ്ങളെ ശിഥിലീകരിക്കാനുള്ള സംഘപരിവാര്‍ നീക്കമാണ് മുത്തലാഖ് ബില്ലന്നും അതിനാല്‍ തന്നെ സര്‍ക്കാര്‍ നീക്കം ഒരു കാരണവശാലും അംഗീകരിക്കാന്‍ സാധ്യമെല്ലന്നും വനിതാ ലീഗ് ദേശീയ ജനറല്‍ സിക്രട്ടറി അഡ്വ നൂര്‍ബീനാ റഷീദ് ദില്ലിയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മുത്തലാഖ് ബില്ലിനെതിരെ മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാ ദിനത്തില്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്നും അവര്‍ അറിയിച്ചു. ലോക്‌സഭ പാസ്സാക്കിയ ബില്ല് വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണ്. ഭര്‍ത്താവിനെ മൂന്ന് വര്‍ഷം ജയിലിലിടുന്നതോടപ്പം ചിലവിന് കൊടുക്കാനും നിര്‍ദ്ദേശിക്കുന്നത് വൈരുദ്ധ്യത്തിന് തെളിവാണ് അഡ്വ നൂര്‍ബീന റഷീദ് പറഞ്ഞു. മുസ്ലിം സ്ത്രീയുടെ കണ്ണീരൊപ്പാനല്ല മറിച്ച് കുടുംബങ്ങളെ അനാഥമാക്കി അവരെ ദുരിതകയത്തിലേക്ക് തള്ളി വിടാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. വനിതാ സംഘടനകളുടെ നിരന്തര ആവശ്യത്തിനൊടുവില്‍ രൂപം കൊണ്ട കുടുംബകോടതികളെ മറികടന്നുള്ള അനുരജ്ഞന രീതികള്‍ കുടുംബങ്ങളെ ശിഥിലീകരിക്കുന്നതിലേക്കാണ് കൊണ്ടുചെന്നത്തിക്കുകയന്നും അഡ്വ. നൂര്‍ബീന റഷീദ് കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വനിതകള്‍ മാര്‍ച്ചില്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. അഡ്വ നൂര്‍ബീന റഷീദ് വനിത ലീഗ് സോണല്‍ സിക്രട്ടറി പി ജയന്തി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.