Cricket

വനിത പ്രീമിയര്‍ ലീഗ്: കലാശപ്പോരിനൊടുവില്‍ മുംബൈ ഇന്ത്യന്‍സിന് രണ്ടാം കിരീടം

By webdesk17

March 16, 2025

വനിതാ പ്രീമിയര്‍ ലീഗ് കലാശപ്പോരിനൊടുവില്‍ മുംബൈ ഇന്ത്യന്‍സിന് കിരീടം. ഡല്‍ഹി കാപിറ്റല്‍സിനെ എട്ട് റണ്‍സിന് തോല്‍പ്പിച്ച് മുംബൈ രണ്ടാം കിരീടം സ്വന്തമാക്കി. മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈക്ക് 150 റണ്‍സ് വിജയലക്ഷ്യമാണ് ഡല്‍ഹിക്ക് നല്‍കാനായത്. 44 പന്തില്‍ നിന്ന് 66 റണ്‍സ് നേടിയ മുംബൈ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ പ്രകടനമാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് അവരെ എത്തിച്ചത്.

എന്നാല്‍ മറുപടി ബാറ്റിംഗിനെത്തിയ ഡല്‍ഹി 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുക്കാനാണ് അവര്‍ക്ക് സാധിച്ചത്. മൂന്ന് വിക്കറ്റ് നേടിയ മുംബൈ ഓള്‍റൗണ്ടര്‍ നതാലി സ്‌കിവര്‍ ബ്രന്റാണ് ഡല്‍ഹിയെ തകര്‍ത്തത്. 26 ബോളില്‍ നിന്ന് 40 റണ്‍സ് നേടിയ മരിസാനെ കാപ്പാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍.

അതേസമയം തുടര്‍ച്ചയായ മൂന്നാം തവണയാണ് ഡല്‍ഹി അവസാന നിമിഷത്തിലേക്ക് എത്തി കിരീടം നേടാനാവാതെ മടങ്ങുന്നത്.

17 റണ്‍സ് നേടുന്നതിനിടെ ഓപണര്‍മാരെ നഷ്ടമായ ഡല്‍ഹിക്ക് പാര്‍ട്‌നര്‍ഷിപ്പുകള്‍ പടുത്തുയര്‍ത്താന്‍ കഴിയാതെ വന്നതോടെയാണ് തോല്‍വി വഴങ്ങേണ്ടിവന്നത്. 21 പന്തില്‍ 30 റണ്‍സുമായി ജെമീമ റോഡ്രിഗസും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് മുംബൈ ഇന്ത്യന്‍സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

സ്‌കോര്‍ ബോര്‍ഡില്‍ 14 റണ്‍സ് ചേര്‍ക്കുന്നതിനിടെ മുംബൈക്ക് ഓപണര്‍മാരെ നഷ്ടമായി.