ബ്യൂണസ് അയേഴ്‌സ്: ബ്രസീലിന് മുന്നില്‍ തകര്‍ന്നടിഞ്ഞ ലയണല്‍ മെസിയുടെ അര്‍ജന്റീന ഇന്ന് വീണ്ടും ലോകകപ്പ് യോഗ്യതാ ഗോദയില്‍. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ നടക്കുന്ന മല്‍സരത്തില്‍ ശക്തരായ കൊളംബിയക്ക് മുന്നിലാണ് മെസിയും സംഘവും വരുന്നത്. സ്വന്തം ഗ്രൗണ്ടിലാണ് കളിയെന്നത് മാത്രമാണ് ടീമിന് ആശ്വാസം. കഴിഞ്ഞ മല്‍സരത്തില്‍ ബെലോ ഹോറിസോണ്ടയില്‍ മൂന്ന് ഗോളിന് ബ്രസീലിനോട് തകര്‍ന്ന ടീമില്‍ കാര്യമായ മാറ്റങ്ങളുണ്ടാവില്ലെന്നാണ് സൂചന. സ്വന്തം നാട്ടില്‍ കളിക്കുമ്പോള്‍ നാട്ടുകാരുടെ പൂര്‍ണ്ണ പിന്തുണയാണ് പ്രതീക്ഷിക്കുന്നതെന്നും ലോകകപ്പ് യോഗ്യത നേടാന്‍ തന്റെ ടീമിന് കഴിയുമെന്നും മെസി പറഞ്ഞു. എന്നാല്‍ വിട്ടു കൊടുക്കില്ലെന്നാണ് കൊളംബിയക്കാര്‍ തീര്‍ത്തു പറയുന്നത്. അവരുടെ മുന്‍നിരയിലെ ചാട്ടൂളിയായ ജെയിംസ് റോഡ്രിഗസ് കഴിഞ്ഞ ലോകകപ്പിലെ ടോപ് സ്‌ക്കോററാണ്.

ബ്രസീല്‍ ഉള്‍പ്പെടെയുളള ശക്തരായ പ്രതിയോഗികള്‍ക്ക് മുന്നില്‍ വീറുറ്റ പോരാട്ടം നടത്താറുളള കൊളംബിയ പോയന്റ് ടേബിളില്‍ ഇപ്പോള്‍ അര്‍ജന്റീനക്കും മുകളിലാണ്. സ്വന്തം മൈതാനത്ത് അര്‍ജന്റീന അവസാന മല്‍സരം കളിച്ചത് കോര്‍ദോബയില്‍ പരാഗ്വേയുമായിട്ടായിരുന്നു. ആ മല്‍സരത്തില്‍ തോറ്റതോടെ ടീമിനെതിരെ കൂക്കുവിളികള്‍ ഉയര്‍ന്നിരുന്നു. പരുക്ക് കാരണം മെസി അന്ന് കളിച്ചിരുന്നില്ല. ലാറ്റിനമേരിക്കയിലെ മറ്റ് മല്‍സരങ്ങളില്‍ നാളെ ബൊളീവിയ പരാഗ്വേയുമായും ഇക്വഡോര്‍ വെനിസ്വേലയുമായും ചിലി ഉറുഗ്വേയുമായും പെറു ബ്രസീലുമായും കളിക്കുന്നുണ്ട്. തകര്‍പ്പന്‍ ഫോമിലാണ് നെയ്മറുടെ ബ്രസീല്‍. റിയോ ഒളിംപിക്‌സിന് ശേഷം രാജ്യാന്തര രംഗത്ത് വിസ്മയ ഫോം നിലനിര്‍ത്തുന്ന നെയ്മര്‍ ടീമിനെ കരുത്തോടെ മുന്നോട്ട് നയിക്കുന്നുണ്ട്. നായകന്‍ എന്ന നിലയില്‍ അദ്ദേഹം പ്രകടിപ്പിക്കുന്ന പക്വതയും ഗബ്രിയേല്‍ ജീസസ,് പൗളിഞ്ഞോ തുടങ്ങിയ യുവതാരങ്ങളുടെ അതിവേഗതയും കൂട്ടായ്മയുമാണ് ബ്രസീലിനെ കൂടുതല്‍ കരുത്തരാക്കുന്നകത്. ലിമയിലാണ് ഇന്നത്തെ മല്‍സരം. പക്ഷേ ഗോള്‍വേട്ടയില്‍ പിന്നോട്ട് പോവില്ലെന്നാണ് നെയ്മര്‍ പറഞ്ഞത്.

പതിനൊന്ന് മല്‍സരങ്ങള്‍ വീതമാണ് എല്ലാ ടീമുകളും ഇതിനകം കളിച്ചത്. വന്‍കരയിലെ ആദ്യ നാല് സ്ഥാനക്കാര്‍ നേരിട്ട് റഷ്യന്‍ ടിക്കറ്റ് സ്വന്തമാക്കുമെന്നിരിക്കെ നിലവില്‍ ബ്രസീല്‍, ഉറുഗ്വേ, കൊളംബിയ, ഇക്വഡോര്‍ എന്നിവരാണ് ആ സ്ഥാനങ്ങളില്‍. അഞ്ചാം സ്ഥാനക്കാര്‍ക്ക് പ്ലേ ഓഫ് സാധ്യതയുണ്ടെങ്കില്‍ നിലവില്‍ ആ സ്ഥാനത്ത് ചിലിയാണ്. അര്‍ജന്റീന ആറാമതാണ്. അടുത്ത വര്‍ഷം ഒക്ടോബര്‍ വരെ ദീര്‍ഘിക്കുന്ന യോഗ്യതാ മല്‍സരങ്ങളില്‍ എല്ലാ ടീമുകള്‍ക്കും നാളത്തെ മല്‍സരം മാറ്റിനിര്‍ത്തിയാല്‍ ആറ് മല്‍സരങ്ങള്‍ വീതമുണ്ട്.