ചെന്നൈ: ഹീറോ ഇന്ത്യന്‍ സൂപ്പ്രര്‍ ലീഗില്‍ ചെന്നൈയിലെ മരീന അരീനയില്‍ ഇന്ന് ആതിഥേയരായ ചെന്നൈയിന്‍ എഫ്.സിക്കും സന്ദര്‍ശകരായ പുനെ സിറ്റി എഫ്.സിക്കും ജീവന്മരണ പോരാട്ടം. രണ്ടു ടീമുകള്‍ക്കും ഇത് പത്താം പോരാട്ടം. ശേഷിക്കുന്നത് നാല് മത്സരങ്ങള്‍ മാത്രം. ഈ അവസാന നാല് മത്സരങ്ങളായിരിക്കും ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഈ സീസണിന്റെ വിധിനിര്‍ണയിക്കുകയെന്ന് പുനെ സിറ്റി പരിശീലകന്‍ ആന്റോണിയോ ഹബാസ് പറഞ്ഞു. സെമിഫൈനിലിലേക്കു കയറണമെങ്കില്‍ പൂനെക്കും ചെന്നൈയിന്‍ എഫ്.സിക്കും ഇന്ന് ജയിച്ചേ തീരൂ. അഞ്ചാം സ്ഥാനക്കാരായ പൂനെ സിറ്റിക്ക് 12 പോയിന്റും ഏഴാം സ്ഥാനക്കാരായ ചെന്നൈയിന്‍ എഫ്.സിക്ക് 10 പോയിന്റും വീതമാണ്.

ആദ്യനാല് സ്ഥാനക്കാരാണ് സെമിഫൈനല്‍ പ്ലേ ഓഫിനു അര്‍ഹത നേടുക. ആദ്യ സ്ഥാനക്കാരായ ഡല്‍ഹി ഡൈനാമോസിന് 17 ുപോയിന്റും രണ്ടാം സ്ഥാനക്കാരായ കേരള ബ്ലാസറ്റേ്‌ഴ്‌സിനു 15 പോയിന്റുമാണ് ലഭിച്ചിട്ടുള്ളത്. 20 പോയിന്റ് മറികടക്കാനായാല്‍ സെമി ഫൈനല്‍ എകദേശം ഉറപ്പാണ്.

നിലവിലുള്ള ചാമ്പ്യന്മാര്‍ എന്ന പദവി കൂടിയുള്ള ചെന്നൈയിന്‍ എഫ്.സിക്ക് സെമിഫൈനല്‍ കാണാതെ മടങ്ങേണ്ടിവന്നാല്‍ നാണക്കേടാകും. അവസാന സ്ഥാനക്കാരായ ഗോവ പോലൂം പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നു. അടുത്ത് മത്സരങ്ങള്‍ കണക്കിലെടുത്താല്‍ സെമി ഫൈനലിനു മികച്ച സാധ്യത കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ 14 ഗോളുകളാണ് ചെന്നൈയിന്‍ എഫ്.സിക്കു വാങ്ങിക്കൂട്ടിയിരിക്കുന്നത്. അവസാന സ്ഥാനക്കാരായ ഗോവയും ചെന്നൈയുമാണ് ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ വഴങ്ങിയ ടീ്മുകള്‍.

കൊച്ചിയിലെ മത്സരത്തിനെത്തിയ ഗ്യാലറി തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തിനെ കണ്ട ത്രില്ലിലാണ് മറ്റെരാസി. ഇന്ന് ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലേക്ക് ചെന്നൈയിന്‍ എഫ്.സിയുടെ ആരാധകര്‍ കൂട്ടത്തോടെ എത്തണമെന്നാണ് മറ്റെരാസിയുടെ ആഗ്രഹം. 30,000ത്തോളം വരുന്ന സ്വന്തം ഫുട്‌ബോള്‍ ആരാധകരുടെ മുന്നില്‍ കളിക്കാനാണ് ടീം ആഗ്രഹിക്കുന്നത്. ഈ മോശം സന്ദര്‍ഭത്തില്‍ ഗ്യാലറയില്‍ ചെന്നൈയിന്‍ ആരാധകരുടെ പൂര്‍ണ പിന്തുണയാണ് വേണ്ടെതന്നും അദ്ദേഹം പറഞ്ഞു. ചെറുപ്പം മുതല്‍ ഫുട്‌ബോളിന്റെ ഭയങ്കര ആരാധാകനായിരുന്നു താനെന്നും മറ്റെരാസി ഓര്‍മ്മിച്ചു.

പുനെ സിറ്റി എഫ്.സിയ്ക്കും ഈ സീസണ്‍ അത്ര എളുപ്പമായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ രണ്ട് മത്സരങ്ങള്‍ പൂനെ സിറ്റിക്ക് തിരിച്ചുവരവിന്റെ പ്രതീക്ഷ നല്‍കിയിട്ടുണ്ട്. കരുത്തരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ 2-1നും മുംബൈ സിറ്റിയെ 1-0നും തോല്‍പ്പിച്ചതോടെ പൂനെ സിറ്റി തിരിച്ചുവരവിന്റെ പാതയിലാണ്.

സെമിഫൈനല്‍ പ്ലേ ഓഫാണ് എല്ലാ ടീമുകളുടെയും ലക്ഷ്യമെന്നും അതുകൊണ്ടു തന്നെ ഇനിയുള്ള മത്സരങ്ങള്‍ അതിവ ദുഷ്‌കരമാകുമെന്നു വ്യക്തമാക്കിയ കോച്ച് ഹബാസ് ചെന്നൈയിന്‍ എഫ്.സി വളരെ ശക്തമായ ടീമാണെന്നും പറഞ്ഞു.ഈ സീസണില്‍ എവേ മത്സരങ്ങളില്‍ തോല്‍വി അറിയാത്ത ഏക ടീം പൂനെ സിറ്റിയാണ്. രണ്ട് എവേ മത്സരങ്ങള്‍ ജയിച്ചു.മൂന്നെണ്ണം സമനിലയിലും കലാശിച്ചു. അതുകൊണ്ടു തന്നെ ഈ സീസണില്‍ സെമി ഫൈനല്‍ സാധ്യതയുള്ള ഒരു ടീമായി പൂനെ സിറ്റിയെ കണക്കിലെടുത്തേ മതിയാകൂ.