ബീജിങ്: രണ്ടാം ലോകമഹായുദ്ധ കാലത്ത് ഹോങ്കോങില്‍ പൊട്ടാതെ ഉപേക്ഷിക്കപ്പെട്ട ബോംബ് വിജയകരമായി നിര്‍വീര്യമാക്കി. തിരക്കേറിയ വാണിജ്യ കേന്ദ്രത്തില്‍ നിര്‍മാണ പ്രവര്‍ത്തനം നടക്കുന്ന സ്ഥലത്തുനിന്നാണ് 450 കിലോഗ്രാം ഭാരമുള്ള ബോംബ് കണ്ടെടുത്തത്.
സാരമായി കേടുപാട് പറ്റിയ ബോംബ് നിര്‍വീര്യമാക്കുന്നതിനുമുമ്പ് പ്രദേശത്തുനിന്ന് നാലായിരത്തിലേറെ പേരെ ഒഴിപ്പിക്കുകയും റോഡുകള്‍ അടച്ചിടുകയും ചെയ്തിരുന്നു. ഒരാഴ്ചക്കിടെ ഹോങ്കോങില്‍ കണ്ടെടുത്ത രണ്ടാമത്തെ ബോംബാണിത്. കുഴിയെടുക്കുന്ന സ്ഥലത്തുവെച്ചു തന്നെ നിര്‍വീര്യമാക്കിയ ശേഷമാണ് ബോംബ് പുറത്തെടുത്തതെന്ന് പൊലീസ് അറിയിച്ചു.

ബോംബ് നിര്‍വീര്യമാക്കാന്‍ 24 മണിക്കൂര്‍ സമയമെടുത്തു. ഒരാഴ്ച മുമ്പ് ഇതേ സ്ഥലത്തുനിന്ന് സമാന വലുപ്പത്തിലുള്ള മറ്റൊരു ബോംബ് കണ്ടെടുത്തിരുന്നു. ലോഹകമഹായുദ്ധകാലത്ത് ഹോങ്കോങില്‍ പൊട്ടാതെ ഉപേക്ഷിക്കപ്പെട്ട ബോംബുകള്‍ കണ്ടുകിട്ടുക പതിവാണ്. 1941-45 കാലത്ത് ജപ്പാന്റെ അധീനതയിലിരിക്കെ, ഹോങ്കോങ്കില്‍ സഖ്യസേന ബോംബു വര്‍ഷിച്ചിരുന്നു. 2014ല്‍ കിട്ടിയ 907 കിലോഗ്രാം ഭാരമുള്ള ബോംബാണ് നഗരത്തില്‍ ഇതുവരെ കണ്ടെത്തിയവയില്‍ ഏറ്റവും വലുത്.