കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഏഴ് മാസമായി അടച്ചിട്ടിരിക്കുന്ന പെറുവിലെ ലോകപ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമായ മാച്ചു പിക്ച്ചു ഒരാള്‍ക്ക് വേണ്ടി മാത്രം തുറന്നു. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുന്നതിനിടെ ജപ്പാനീസ് സഞ്ചാരിയായ ജെസെ കതയാമയ്ക്കാണ് അപൂര്‍വ്വമായ അവസരം ലഭിച്ചത്.

എന്നാല്‍ ഒരൊറ്റ ടൂറിസ്റ്റിനു വേണ്ടി മാത്രം ഏഴ് ലോകാത്ഭുതങ്ങളില്‍ ഒന്നായ മാച്ചു പിക്ച്ചു തുറന്നുകൊടുത്തതിന് പിന്നില്‍ ഒരു കഥയുണ്ട്. മാച്ചുപിക്ച്ചു കാണാനായി മാത്രം പെറുവിലെത്തിയ ജപ്പാന്‍ പൗരന്‍ ഏഴ് മാസത്തിലേറെയായി ഇവിടെ കുടുങ്ങിക്കിടക്കുകയായിരുന്നു എന്നതാണത്.

മാര്‍ച്ച് മാസം 14 നാണ് മാച്ചുപിക്ച്ചു കാണാനായി ജെസെ കതയാമ പെറുവില്‍ എത്തിയത്. അവിടേക്കുള്ള യാത്രയുടെ തുടക്കമായ അഗോസ് കാലിയന്റസിലാണ് കതയാമ ആദ്യം എത്തിയത്. രണ്ടു ദിവസത്തിനകം എന്‍ട്രി ടിക്കറ്റും യുനസ്‌കോ ലോക ഹെറിറ്റേജ് സൈറ്റിലേക്കു പ്രവേശിക്കാനുള്ള പെര്‍മിറ്റും ലഭിച്ചു. എന്നാല്‍ ഇതിനിടെ അപ്രതീക്ഷിതമായി എത്തിയ കോവിഡിന്റെ പേരില്‍ പെറുവിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടുക്കുകയായിരുന്നു. ലോക്ഡൗണ്‍ കൂടിയായതോടെ ജപ്പാന്‍ പൗരന്‍ പെറുവില്‍ നി്ന്നും പുറത്തുകടത്താനാവാത്ത നിലയിലുമായി.

സമീപ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ എവിടേക്കും പോവാനും മാര്‍ഗമില്ലായിരുന്നു. ഏഴ് മാസമായി ജെസെ അഗോസ് കാലിയന്റസില്‍ ചെറിയൊരു മുറി വാടകക്കെടുത്ത് കഴിയുകയാണ്. ഇതിനിടെ ആ നാട്ടിലൊരാളായി ജെസെ മാറി. സമീപപ്രദേശങ്ങളിലെ കുട്ടികള്‍ക്ക് ബോക്സിംഗ് പഠിപ്പിച്ചു കൊടുത്ത് ചെറിയ വരുമാനമുണ്ടാക്കി.

കൂടാതെ, എല്ലാ പ്രഭാതത്തിലും മാച്ചുപിക്ച്ചു വരേ ഓടുകയും അതുനോക്കുനില്‍ക്കുന്നതും ജെസെ പതിവാക്കി. ഇത് പെറുവില്‍ വാര്‍ത്തയായതോടെയാണ് ഒടുവില്‍ ജപ്പാന്‍ പൗരന്റെ സ്വപ്‌ന യാത്ര ലക്ഷ്യത്തിലെത്തിയത്.

അടുത്തൊന്നും മാച്ചുപിക്ച്ചു തുറക്കാന്‍ വഴിയില്ലെന്നാണ് താന്‍ കരുതിയതെന്നും സ്വപ്നം സഫലീകരിക്കാതെ നാട്ടിലേക്ക് മടങ്ങേണ്ടി വരുമോ എന്നാണ് ആശങ്കയെന്നും കുറച്ചു ദിവസം മുമ്പ് ജെസെ കതയാമ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ആന്‍ഡിയാന്‍ റൂട്ട്സ് പെറു എന്ന ടൂര്‍ ഓപ്പറേറ്റര്‍ സാംസ്‌കാരിക മന്ത്രാലയത്തിന്റെ സഹായത്തോടെയാണ് ജെസെക്ക് സ്പെഷ്യല്‍ പെര്‍മിറ്റ് തയാറായത്. പിന്നാലെ ഒരു ടൂറിസ്റ്റായ ജെസെയ്ക്ക് മാത്രമായി മാച്ചുപിക്ച്ചുവിന്റെ വാതിലുകള്‍ തുറന്നു.

Machu Picchu Reopens, Just For 1 Tourist. Here's Why

ജെസെ കതയാമ മാച്ചുപിക്ച്ചുവില്‍ നിന്നെടുത്ത ചിത്രങ്ങള്‍ ഇതിനകം വൈറലാണ്.

https://www.instagram.com/p/CGQvpQcpk8p/?utm_source=ig_web_copy_link

പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ജെസെയ്ക്ക് സ്പെഷ്യല്‍ പെര്‍മിറ്റ് നല്‍കിയതെന്ന് സാംസ്‌കാരിക മന്ത്രി അലെജാന്ദ്രോ നെയ്റു ബിബിസിയോട് പറഞ്ഞു.

കൊളംബിയൻ കാലഘട്ടത്തിനു മുൻപുണ്ടായിരുന്ന ഇൻകൻ സാമ്രാജ്യത്തിൽപ്പെട്ട ഒരു പ്രദേശമാണ്‌ മാച്ചു പിക്ച്ചു. പെറുവിലെ കുസ്‌കോ നഗരത്തില്‍ നിന്നും 80 കി.മീറ്റര്‍ അകലെ ഉറുബാംബ താഴ്വരയുടെ മുകളില്‍ ഒരു പര്‍വ്വതശിഖരത്തില്‍ 2,430 മീറ്റര്‍ (8,000 അടി) ഉയരത്തിലാണ് മാച്ചു പിക്ച്ചു സ്ഥിതി ചെയ്യുന്നത്. ഇതിനു സമീപത്തുകൂടിയാണ് ആമസോണ്‍ നദിയുടെ കൈവഴിയായ ഉറുബാംബ ഒഴുകുന്നത്. മിനുസപ്പെടുത്തിയ കല്‍മതിലുകള്‍ ഉപയോഗിച്ചുള്ള പഴയ ഇന്‍ക കലാ രീതിയിലാണ് മാച്ചു പിക്ച്ചു നിര്‍മ്മിക്കപ്പെട്ടത്. ഇന്‍തിഹൊതാന, സൂര്യക്ഷേത്രം, മൂന്ന് ജനാലകളുടെ അറ എന്നിവയാണ് പ്രധാന മേഖലകള്‍.

അമേരിക്കന്‍ ചരിത്രകാരനായിരുന്ന ഹിറാം ബിങ്ങ്ഹാം ആണ് 1911 ലാണ് മാച്ചുപിക്ചു പുറം ലോകത്തിന് പരിചയപ്പെടുത്തിയത്. 1460 -ന് അടുത്താണ് പ്രദേശം നിര്‍മ്മിക്കപ്പെട്ടത്. നൂറുവര്‍ഷത്തിനകം സ്പാനിഷുകാര്‍ ഇന്‍ക സാമ്രാജ്യത്തില്‍ നടത്തിയ കൈയേറ്റത്തോടെ ഈ പ്രദേശം കൈയൊഴിയപ്പെട്ടു.

1981 -ല്‍ പെറു ഇതിനെ സംരക്ഷിത ചരിത്രസ്മാരകമായി പ്രഖ്യാപിച്ചു. 1983 ല്‍ യുനെസ്‌കൊ മാച്ചുപിക്ച്ചുവിനെ ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി. 2007ല്‍ ഏഴ് ലോകാത്ഭുതങ്ങളില്‍ ഒന്നായി മാച്ചുപിക്ച്ചുവിനെ തെരഞ്ഞെടുത്തു.