ലക്‌നോ: ഉത്തര്‍പ്രദേശില്‍ ദലിതര്‍ക്കു നേരെ വീണ്ടും ആക്രമണം. കാളകുട്ടികളെ മോഷ്ടിച്ചെന്നാരോപിച്ചാണ് ഇത്തവണ ദലിത് യുവാക്കളെ പുരോഗിതന്റെ നേതൃത്വത്തില്‍ ജനകൂട്ടം ക്രൂരമായി മര്‍ദിച്ചത്.

മര്‍ദന ശേഷം ആള്‍കൂട്ടം ഇവരുടെ ദേഹത്ത് വെള്ള പെയിന്റ് ഒഴിക്കുകയും തങ്ങള്‍ കാള മോഷ്ടാക്കളാണെന്ന ബോര്‍ഡ് കഴുത്തില്‍ കെട്ടിതൂക്കി നടത്തുകയും ചെയ്തു. 20 വയസ് പ്രായം വരുന്ന യുവാക്കളാണ് ക്രൂര അനുഭവം നേരിട്ടത്. സംഭവമറിഞ്ഞെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ കൈവശമുണ്ടായിരുന്ന കാളകുട്ടികള്‍ മോഷ്ടിക്കപ്പെട്ടവയല്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് സംഭവത്തില്‍ 15 പേര്‍ക്കെതിരേ പൊലീസ് കേസെടുത്തു.