കോഴിക്കോട്: മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ പോലീസ് സ്‌റ്റേഷനില്‍ വിളിപ്പിച്ച് മര്‍ദ്ദിച്ചതായി പരാതി. കാലില്‍ കയറി നിന്ന് കാല്‍പാദത്തില്‍ ലാത്തി കൊണ്ട് പൊലീസ് മര്‍ദ്ദിച്ച യുവാവിനെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൂടരഞ്ഞി കല്‍പ്പൂര് പുത്തന്‍വീട്ടില്‍ ഹാഷിറിനെയാണ് തിരുവമ്പാടി പോലീസ് മര്‍ദിച്ചതായി പരാതിയുളളത്. രണ്ടാഴ്ച മുന്‍പ് കൂടരഞ്ഞി കല്‍ പൂരില്‍ ഒരു കല്യാണവീട്ടില്‍നിന്നും പണം നഷ്ടപെട്ടതുമായുള്ള പരാതിയില്‍ സംശയമുള്ള ആളുകളുടെ ലിസ്റ്റില്‍ ഉള്ള യുവാവിനെ തിരുവമ്പാടി പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി കാലില്‍ പോലീസുകാര്‍ കയറിനിന്ന് ലാത്തി കൊണ്ട് കാലില്‍ അടിക്കുകയായിരുന്നു എന്ന് യുവാവ് പറഞ്ഞു.

ഇപ്പോള്‍ മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
പണം പോയ സമയത്ത് പരാതി നല്‍കാതെ ഇവര്‍ രണ്ടാഴ്ച കഴിഞ്ഞാണ് പരാതി നല്‍കുന്നതെന്നും യുവാവ് പറയുന്നു. അതേസമയം പരാതിയില്‍ പറയുന്ന ആളുകളെ പോലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നുവെന്നും മര്‍ദ്ദിച്ചിട്ടില്ലെന്നുമാണ് തിരുവമ്പാടി പോലീസ് പറയുന്നത്.മര്‍ദ്ദിച്ചതിനെതിരെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാന്‍ തയ്യാറെടുക്കുകയാണ് യുവാവ്.