റിജില്‍ മാങ്കുറ്റി ഉള്‍പ്പടെയുള്ള  കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐ മര്‍ദിച്ച  സംഭവത്തില്‍ തിരുവനന്തപുരം എകെജി സെന്ററിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പൊലീസ് മാര്‍ച്ച് തടഞ്ഞു.  തെരുവുഗുണ്ടകളെപ്പോലെയാണ് ഡി.വൈ.എഫ്.ഐ ജില്ലാനേതാക്കളും മറ്റും തന്നെ മര്‍ദിച്ചതെന്ന് റിജില്‍ വ്യക്തമാക്കി. ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും ഡിവൈഎഫ്ഐ ഉള്‍പ്പെടെയുള്ളവര്‍ അങ്ങനെ പ്രതിഷേധിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. തങ്ങളെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കായികമായി നേരിട്ടെന്നും റിജില്‍ മാങ്കുറ്റി പറഞ്ഞു.

ഇന്ന് കണ്ണൂരില്‍ കെ റെയില്‍ പദ്ധതിയുടെ വിശദീകരണ യോഗം നടക്കുന്ന ഹാളിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചതിനാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രച്ചത്. പോലീസ് നോക്കിനില്‍ക്കെയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമിച്ചത്. റിജില്‍ മാക്കുറ്റി, സുദീപ് ജെയിംസ്, വിനേഷ് ചുള്ളിയാന്‍, പ്രിനില്‍ മതുക്കോത്ത്, യഹിയ, ജെറിന്‍ ആന്റണി തുടങ്ങിയ യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. മന്ത്രി എംവി ഗോവിന്ദന്‍ പങ്കെടുത്ത യോഗത്തിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധവുമായി എത്തിയത്.