കോഴിക്കോട്: പിന്നോക്ക-ദളിത് സമുദായങ്ങളുടെ അവകാശങ്ങള്‍ നിഷേധിച്ച് വെല്ലുവിളിക്കുന്ന നിലപാടുമായിട്ടാണ് ഇടത് സര്‍ക്കാര്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നതെന്നും ഇതിനെതിരായി ശക്തമായ പ്രക്ഷോഭം നടത്തുമെന്നും മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പുതുതായി രൂപം നല്‍കിയ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസില്‍ സംവരണ സമുദായങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം തടയാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമം. കെ.എ.എസില്‍ കേവലം മൂന്നിലൊന്ന് തസ്തികകളില്‍ മാത്രം സംവരണം നടപ്പിലാക്കി മൂന്നില്‍ രണ്ട് വിഭാഗത്തില്‍ സംവരണം നിഷേധിക്കാനാണ് തീരുമാനമെടുത്തത്. ഇതു പിന്‍വലിച്ച് മുഴുവന്‍ തസ്തികകളിലേക്കും ഭരണഘടാനുസൃതം സംവരണം നടപ്പിലാക്കണം.
നിലവിലുള്ള സംവരണ തത്വങ്ങളെ കാറ്റില്‍പ്പറത്തി സാമ്പത്തിക സംവരണം കൊണ്ട് വരുന്നത് സംവരണ സമുദായങ്ങളെ പാര്‍ശ്വവത്കരിക്കുന്നതിന് വേണ്ടിയാണ്. ഇടതുപക്ഷ സര്‍ക്കാരിന്റെ ഇത്തരം നയങ്ങളില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി 24മണിക്കൂര്‍ സംവരണ സമരം സംഘടിപ്പിക്കും. 29നും 30 നും സെക്രട്ടറിയേറ്റിന് മുന്നിലാണ് സമരം. പിന്നാക്ക വിഭാഗങ്ങളുടെ മേല്‍തട്ട് പരിധി ആറില്‍ നിന്ന് എട്ടു ലക്ഷം രൂപയാക്കി ഉയര്‍ത്തിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കേണ്ടതില്ലെന്ന് തീരുമാനിച്ച സര്‍ക്കാര്‍ നിലപാടും പ്രതിഷേധാര്‍ഹമാണ്.
കേരള സര്‍വ്വകലാശാലയില്‍ അധ്യാപക നിയമനങ്ങളില്‍ സംവരണം നടപ്പിലാക്കുന്ന വൈസ് ചാന്‍സലറോട് പക പോക്കുന്ന രീതിയിലാണ് സി.പി.എം പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ സി.പി.എമ്മിനെ നയിക്കുന്നത് സംവരണ വിരുദ്ധ ലോബിയാണെന്ന് വ്യക്തമാണ്. സംസ്ഥാനത്ത് അപ്രഖ്യാപിത നിയമന നിരോധനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 25ലക്ഷം പേര്‍ക്ക് തൊഴില്‍ കൊടുക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ ഇടത്പക്ഷം യുവജനങ്ങളെ പൂര്‍ണ്ണമായും കൈയ്യൊഴിയുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കോഴിക്കോട് ജില്ലയില്‍ മാത്രം ലാസ്റ്റ് ഗ്രേഡ് തസ്തികയില്‍ 1200ല്‍ അധികം നിയമനം നടന്നപ്പോള്‍ സംസ്ഥാനത്ത് നിയമന നിരോധനമാണെന്നാണ് ഡി.വൈ.എഫ്.ഐ അന്ന് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇന്ന് റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരാനിരിക്കെ 600ല്‍ താഴെ മാത്രമാണ് നിയമനം നടത്തിയത്. മറ്റ് ജില്ലകളിലും സമാനമായ അവസ്ഥയാണുള്ളത്. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ മാത്രം സംസ്ഥാനത്ത് നൂറോളം തസ്തികളാണ് വെട്ടിക്കുറച്ചത്. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍, ബീവറേജ് എല്‍.ഡി.സി, ബീവറേജ് അസിസ്റ്റന്റ് എന്നീ ലിസ്റ്റുകള്‍ മരവിപ്പിച്ച സാഹചര്യമാണ്. കെ.ടി ജലീലിന്റെ സ്വന്തക്കാര്‍ക്കും ഇ.പി ജയരാജന്റെ ബന്ധുക്കള്‍ക്കും മാത്രമാണ് ഈ സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ നിയമനം ലഭിച്ചിട്ടുള്ളത്. ഒരുഭാഗത്ത് തൊഴിലവസരങ്ങള്‍ നിഷേധിക്കുമ്പോള്‍ മറുഭാഗത്ത് പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ച് ഉദ്യോഗാര്‍ത്ഥികളുടെ മേല്‍ ഇരട്ടപ്രഹരം ഏല്‍പ്പിക്കാനാണ് സര്‍ക്കാര്‍ തുനിയുന്നത്. പാര്‍ട്ടി സമ്മേളനത്തിനായി ഹെലികോപ്റ്ററില്‍ യാത്ര ചെയ്തതിന് ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്നും എട്ട് ലക്ഷം രൂപ ചിലവിട്ടതിന് മുഖ്യമന്ത്രി കേരളീയ പൊതു സമൂഹത്തോട് മാപ്പ് പറയണം.
ഗുരുതരമായ തെറ്റ് സംഭവിച്ചിട്ടും സംഭവത്തെ ന്യായീകരിക്കുന്ന നിലപാടാണ് ചീഫ് സെക്രട്ടറി ഇപ്പോഴും സ്വീകരിക്കുന്നത്. ഉത്തരവ് വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ചു എന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി വിവാദമായില്ലായിരുന്നുവെങ്കില്‍ നഷ്ടം ദുരിതബാധിതര്‍ക്ക് ഉണ്ടാവുമായിരുന്നില്ലേയെന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രിക്ക് ഇക്കാര്യത്തില്‍ ഉത്തരവാദിത്വമില്ലെങ്കില്‍ ചീഫ് സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരവും പങ്കെടുത്തു.