Connect with us

kerala

യൂട്യൂബറെ കൈയേറ്റം ചെയ്ത സംഭവം; ഡി.വൈ.എഫ്​.ഐ, സി.പി.എം പ്രവർത്തകർ റിമാൻഡിൽ

നവംബർ 30 ന് യൂട്യൂബ് ചാനൽ ഉടമ കുഴിമണ്ണ സ്വദേശി നിസാർ ബാബു അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന നവകേരള സദസ്സിൽ പരാതി നൽകാനെത്തിയപ്പോഴായിരുന്നു സംഭവം

Published

on

അരീക്കോട് : അരീക്കോട്ട് ഏറനാട് മണ്ഡലം നവകേരള സദസ്സിനിടെ യൂട്യൂബറെ കൈയേറ്റം ചെയ്ത സംഭവത്തിൽ 11 ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവർത്തകരെ അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തു.

ഡി.വൈ.എഫ്.ഐ അരീക്കോട് ബ്ലോക്ക് പ്രസിഡന്റും അരീക്കോട് ഗ്രാമപഞ്ചായത്ത് അംഗവുമായ കെ. സാദിൽ, തൃപ്പനച്ചി സ്വദേശി കെ. സൽമാൻ, തവരാപ്പറമ്പ് സ്വദേശി എൻ.കെ. അബ്ദുൽ ഗഫൂർ, ഏലിയാപറമ്പ് സ്വദേശി ഉബൈദുല്ല ശാക്കിർ, കാവനൂർ സ്വദേശി കെ.വി. ശ്രീജേഷ്, ചെമ്രക്കാട്ടൂർ സ്വദേശി ടി.സി. അബ്ദുൽ നാസർ, മണ്ണാറക്കൽപാറ സ്വദേശി നസീർ പള്ളിയാലി, കുരിക്കലംപാട് സ്വദേശി എസ്. ജിനേഷ്, മൈത്ര സ്വദേശി എം.കെ. മുഹമ്മദ് അനീസ്, എടവണ്ണപ്പാറ സ്വദേശി മുഹമ്മദ് അഷ്‌റഫ്, കിഴിശ്ശേരി സ്വദേശി പി. സയ്യിദ് ആബിദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ മഞ്ചേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

നവംബർ 30 ന് യൂട്യൂബ് ചാനൽ ഉടമ കുഴിമണ്ണ സ്വദേശി നിസാർ ബാബു അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന നവകേരള സദസ്സിൽ പരാതി നൽകാനെത്തിയപ്പോഴായിരുന്നു സംഭവം. നേരത്തെ കുഴിമണ്ണ പഞ്ചായത്തിലെ കെട്ടിട പെർമിറ്റ് ഫീസ് വർധനക്കെതിരെ ഇദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ സർക്കാരിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. കൈയേറ്റത്തിൽ പരിക്കേറ്റ നിസാർ അരീക്കോട്ടെ സ്വകാര്യാശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അരീക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് 11 പ്രതികളും ചൊവ്വാഴ്ച ഉച്ചയോടെ കീഴടങ്ങിയത്.

അതേസമയം, ഏകദേശം രണ്ട് ലക്ഷം രൂപയോളം വിലയുള്ള ഫോണും, മൈക്കും ഇവർ പിടിച്ചെടുത്തിരുന്നെന്നും അരീക്കോട് പൊലീസിൽ നൽകിയിട്ടും തിരികെ ലഭിക്കാൻ നടപടിയുണ്ടായിട്ടില്ലെന്നും നിസാർ ബാബു പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

അമ്പലത്തിലെ ഉത്സവം കൂടാനെത്തി; മറ്റൊരു ആണ്‍ സുഹൃത്തുണ്ടെന്ന സംശയം ജീവനെടുത്തു

പെണ്‍കുട്ടിക്ക് മറ്റൊരു ആണ്‍ സുഹൃത്തുണ്ടെന്ന സംശയത്തില്‍ അലന്‍ കല്ലുകൊണ്ട് തലയ്ക്ക് അടിച്ചു കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്

Published

on

കൊച്ചി: മലയാറ്റൂരിലെ 19കാരി ചിത്രപ്രിയയുടെ കൊലപാതകത്തിന് കാരണം സംശയമെന്ന് പൊലീസ്. പെണ്‍കുട്ടിക്ക് മറ്റൊരു ആണ്‍ സുഹൃത്തുണ്ടെന്ന സംശയത്തില്‍ അലന്‍ കല്ലുകൊണ്ട് തലയ്ക്ക് അടിച്ചു കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മദ്യ ലഹരിയിലായിരുന്നു കൊലപാതകമെന്നും പൊലീസ് വ്യക്തമാക്കി.

സംഭവത്തില്‍ ആണ്‍ സുഹൃത്ത് അലന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ചിത്രപ്രിയയുടെ തലയില്‍ ഒന്നിലേറെ ഭാഗത്ത് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നും ആന്തരിക രക്തസ്രാവവും മരണ കാരണത്തിന് ഇടയാക്കിയെന്നും പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തി. കാലടി ടൗണില്‍ ചെറിയ ജോലികള്‍ ചെയ്യുന്ന വ്യക്തിയാണ് 21കാരനായ അലന്‍. സിസിടിവിയില്‍ മറ്റ് രണ്ട് യുവാക്കളുടെ കൂടി ദൃശ്യങ്ങള്‍ ലഭിച്ചില്ലെങ്കിലും അവര്‍ക്ക് കൊലപാതകവുമായി ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം.

ശനിയാഴ്ച മുതല്‍ കാണാതായ പെണ്‍കുട്ടിയെ ഇന്നലെ വൈകീട്ടാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്റെ മകളായ 19കാരിയായ ചിത്രപ്രിയ ബംഗളൂരുവില്‍ ഏവിയേഷന്‍ വിദ്യാര്‍ഥിനിയാണ്. അമ്പലത്തിലെ ഉത്സവം കൂടാനാണ് ചിത്രപ്രിയ ബംഗളൂരുവില്‍ നിന്ന് മലയാറ്റൂരിലെത്തിയത്. എന്നാല്‍ ശനിയാഴ്ച വൈകീട്ട് മുതല്‍ ചിത്രപ്രിയയെ കാണാതായി. കടയിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് ചിത്രപ്രിയ വീട്ടില്‍ നിന്ന് ഇറങ്ങിയത്. പിന്നീട് കാണാതാവുകയായിരുന്നു.

മകളെ കാണാതായതോടെ വീട്ടുകാര്‍ കാലടി പൊലീസിന് പരാതി നല്‍കി. കാണാതായ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടെ അലനെ വിളിപ്പിച്ചു മൊഴി എടുത്തിരുന്നു. മൊഴിയെടുത്തശേഷം അലനെ വിട്ടയക്കുകയായിരുന്നു. അതിനിടെയാണ് ഇന്നലെ വൈകീട്ട് നാല് മണിയോടെ നാടിനെ നടുക്കി മലയാറ്റൂര്‍ നക്ഷത്ര തടാകത്തിനരികില്‍ ഒഴിഞ്ഞ പറമ്പില്‍ ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തുന്നത്. തലയ്ക്ക് ആഴത്തില്‍ അടിയേറ്റതായി പൊലീസിന്റെ മൃതദേഹ പരിശോധനയില്‍ തന്നെ വ്യക്തമായിരുന്നു.

ശരീരത്തില്‍ മുറിപാടുകളും കണ്ടെത്തിയത്തോടെ കൊലപാതകമെന്ന് ഉറപ്പിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുകയായിരുന്നു. ചിത്രപ്രിയയും ആണ്‍സുഹൃത്ത് അലനും ഒരുമിച്ച് മലയാറ്റൂര്‍ ജംഗ്ഷന്‍ വഴി ബൈക്കില്‍ പോകുന്ന സിസിടിവി ദൃശ്യവും ഇതിനിടെ പൊലീസിന് ലഭിച്ചു. ഇതോടെ നേരത്തെ മൊഴിയെടുത്ത് വിട്ടയച്ച അലനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

Continue Reading

kerala

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്

കനത്ത സുരക്ഷയാണ് ഏഴു ജില്ലകളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Published

on

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പില്‍് ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. തൃശൂര്‍ മുതല്‍ കാസര്‍ക്കോട് വരെയുള്ള ഏഴു ജില്ലകളിലും പോളിംഗ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. പ്രശ്‌നബാധിത ബൂത്തുകളിലുള്‍പ്പെടെ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളില്‍ രാവിലെ തന്നെ ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. എട്ടു മണിയോടെ നടപടികള്‍ തുടങ്ങി. ത്രിതല പഞ്ചായത്തിലേക്ക് മൂന്നു ബാലറ്റ് യൂണിറ്റും,ഒരു കണ്‍ട്രോള്‍ യൂണിറ്റുമടങ്ങുന്ന പോളിംഗ് സാമഗ്രികള്‍ ഉദ്യോഗസ്ഥര്‍ ഏറ്റു വാങ്ങി. കോര്‍പ്പറേഷനുകളിലും നഗരസഭകളിലും ഒരു ബാലറ്റ് യൂണിറ്റും ഒരു കണ്‍ട്രോള്‍ യൂണിറ്റും വീതമാണ് വിതരണം ചെയ്തത്.

കനത്ത സുരക്ഷയാണ് ഏഴു ജില്ലകളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവിധ കേന്ദ്രങ്ങളില്‍ നിന്നും പോലീസ് സുരക്ഷയിലാണ് ഉദ്യോഗസ്ഥര്‍ പോളിംഗ് സാമഗ്രികളുമായി ബൂത്തുകളിലേക്ക് പോയത്. കേരളാ പോലീസിനു പുറമേ, ബംഗളൂരുവില്‍ നിന്നും കോയമ്പത്തൂരില്‍ നിന്നും ആര്‍ എ എഫിനേയും വിവിധിയിടങ്ങളില്‍ വിന്യസിച്ചു.

കോഴിക്കോട് ജില്ലയില്‍ മാത്രം ഏഴായിരത്തിയഞ്ഞൂറ് സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ഏറ്റവുമധികം പ്രശ്‌നബാധിത ബൂത്തുകള്‍ കണ്ണൂര്‍ ജില്ലയിലാണ്. 1025 ബൂത്തുകള്‍. 5100 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് കണ്ണൂരില്‍ വിന്യസിച്ചിരിക്കുന്നത്. വെബ് കാസ്റ്റിംഗ് സംവിധാനങ്ങളുള്‍പ്പെടെ വിവിധ ബൂത്തുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

Continue Reading

kerala

‘പുരസ്‌കാരം സ്വീകരിച്ചിട്ടില്ല, മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞത്’; സവര്‍ക്കര്‍ പുരസ്‌കാരത്തില്‍ വ്യക്തത വരുത്തി ശശി തരൂര്‍

ഇത്തരമൊരു പുരസ്‌കാരത്തെ കുറിച്ച് അറിയില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി.

Published

on

ന്യൂഡല്‍ഹി: ആര്‍എസ്എസ് അനുകൂല സംഘടനയായ എച്ച്ആര്‍ഡിഎസിന്റെ പ്രഥമ സവര്‍ക്കര്‍ പുരസ്‌കാരവുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തി ശശി തരൂര്‍ എംപി. മാധ്യമങ്ങളിലൂടെയാണ് പുരസ്‌കാര വിവരം അറിഞ്ഞതെന്നും ഇത്തരമൊരു പുരസ്‌കാരത്തെ കുറിച്ച് അറിയില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി. അത് സ്വീകരിച്ചിട്ടില്ലെന്നും ഇന്നലെ തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നുവെന്നും ശശി തരൂര്‍ എക്സില്‍ കുറിച്ചു.

‘എന്റെ അനുവാദം ചോദിക്കാതെ എന്റെ പേര് പ്രഖ്യാപിച്ചത് സംഘാടകരുടെ ഭാഗത്തുനിന്നുള്ള നിരുത്തരവാദപരമായ നടപടിയാണെന്നും ഞാന്‍ പറഞ്ഞിരുന്നു. പുരസ്‌കാരത്തിന്റെ സ്വഭാവം, അത് നല്‍കുന്ന സംഘടന, അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ എന്നിവയെക്കുറിച്ചൊന്നും യാതൊരു വ്യക്തതയുമില്ലാത്ത സാഹചര്യത്തില്‍, ഇന്ന് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനെക്കുറിച്ചോ പുരസ്‌കാരം സ്വീകരിക്കുന്നതിനെക്കുറിച്ചോ ഉള്ള ചോദ്യമേ ഉദിക്കുന്നില്ല’, ശശി തരൂര്‍ പറഞ്ഞു.

പുരസ്‌കാരവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. മറ്റൊരു പരിപാടിയുമായി ശശി തരൂര്‍ കൊല്‍ക്കത്തയിലേക്ക് പോകുമെന്നും എംപിയുടെ അടുത്ത വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു.

ശശി തരൂര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഇന്ന് ഡല്‍ഹിയില്‍ വെച്ച് നല്‍കുന്ന ‘വീര്‍ സവര്‍ക്കര്‍ പുരസ്‌കാരത്തിന്’ എന്നെ തിരഞ്ഞെടുത്തതായി മാധ്യമ വാര്‍ത്തകളില്‍ നിന്നാണ് ഞാന്‍ അറിഞ്ഞത്.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനായി കേരളത്തില്‍ എത്തിയപ്പോഴാണ് ഇന്നലെ ഞാന്‍ ഈ പ്രഖ്യാപനത്തെക്കുറിച്ച് അറിഞ്ഞത്.
ഇങ്ങനെയൊരു പുരസ്‌കാരത്തെക്കുറിച്ച് എനിക്ക് അറിവില്ലെന്നും, ഞാനത് സ്വീകരിച്ചിട്ടില്ലെന്നും തിരുവനന്തപുരത്ത് വെച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഞാന്‍ വ്യക്തമാക്കിയിരുന്നു. എന്റെ അനുവാദം ചോദിക്കാതെ എന്റെ പേര് പ്രഖ്യാപിച്ചത് സംഘാടകരുടെ ഭാഗത്തുനിന്നുള്ള നിരുത്തരവാദപരമായ നടപടിയാണെന്നും ഞാന്‍ അന്ന് പറഞ്ഞിരുന്നു.
എന്നിരുന്നാലും, ഇന്നും ഡല്‍ഹിയില്‍ ചില മാധ്യമങ്ങള്‍ ഇതേ ചോദ്യം ആവര്‍ത്തിക്കുകയാണ്. അതിനാല്‍, ഇക്കാര്യത്തില്‍ അസന്നിഗ്ദ്ധമായി വ്യക്തത വരുത്തുന്നതിനാണ് ഞാന്‍ ഈ പ്രസ്താവന ഇറക്കുന്നത്.
പുരസ്‌കാരത്തിന്റെ സ്വഭാവം, അത് നല്‍കുന്ന സംഘടന, അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ എന്നിവയെക്കുറിച്ചൊന്നും യാതൊരു വ്യക്തതയുമില്ലാത്ത സാഹചര്യത്തില്‍, ഇന്ന് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനെക്കുറിച്ചോ പുരസ്‌കാരം സ്വീകരിക്കുന്നതിനെക്കുറിച്ചോ ഉള്ള ചോദ്യമേ ഉദിക്കുന്നില്ല.

Continue Reading

Trending