ഷാര്‍ജ: വില്ലനില്‍ നിന്ന് ഹീറോ ആയി മാറാന്‍ തെവാരിയ എടുത്തത് അഞ്ച് പന്തുകളായിരുന്നു. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ അനായാസ വിജയത്തിലേക്ക് നയിച്ചത് രാഹുല്‍ തെവാതിയയുടെ മിന്നലാക്രമണമായിരുന്നു. 224 റണ്‍സെന്ന കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ റോയല്‍സിനെ ഒരൊറ്റ ഓവറില്‍ അഞ്ച് സിക്‌സറുകള്‍ പായിച്ചാണ് തെവാതിയ വിജയ തീരത്തെത്തിച്ചത്. ഷെല്‍ഡണ്‍ കോട്രെല്‍ എറിഞ്ഞ 18ാം ഓവറിലായിരുന്നു തെവാതിയയുടെ ഈ പ്രകടനം.

ഇന്നിങ്‌സിന്റെ തുടക്കത്തില്‍ 21 പന്തില്‍ നിന്ന് വെറും 14 റണ്‍സ് മാത്രമെടുത്ത തെവാതിയയുടെ സ്‌കോര്‍ കളി അവസാനിക്കുമ്പോള്‍ 31 പന്തില്‍ 53 റണ്‍സായിരുന്നു. നേരിട്ട അവസാന 10 പന്തില്‍ നേടിയത് 39 റണ്‍സ്.

ഈ വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെ തെവാതിയക്ക് അഭിനന്ദനവുമായി ക്രിക്കറ്റ് താരങ്ങളും ആരാധകരും രംഗത്തെത്തി. ടി20യില്‍ ഒരോവറില്‍ ആറ് സിക്‌സ് അടിച്ച യുവരാജ് സിങ് ഒരോവറില്‍ അഞ്ച് സിക്‌സടിച്ച തെവാതിയയെ വളരെ രസകരമായാണ് അഭിനന്ദിച്ചത്.  ‘ഒരു പന്ത് മിസ് ചെയ്തതിന് നന്ദിയുണ്ട് തെവാതിയ’ എന്നായിരുന്നു യുവിയുടെ ട്വീറ്റ്. മികച്ച പ്രകടനം പുറത്തെടുത്ത മായങ്ക് അഗര്‍വാളിനേയും സഞ്ജു സാംസണേയും യുവി അഭിനന്ദിച്ചു. 2007ലെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരേ ആയിരുന്നു യുവരാജിന്റെ റെക്കോര്‍ഡ് പ്രകടനം.