ഷാര്‍ജ: രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണ്‍ മറ്റാരേയും പോലെ ആകേണ്ടതും സഞ്ജു, സഞ്ജു തന്നെ ആയാല്‍ മതിയെന്നും മുന്‍ ഇന്ത്യന്‍ ഓപണര്‍ ഗൗതം ഗംഭീര്‍. സഞ്ജു അടുത്ത ധോണിയാകും എന്ന തിരുവനന്തപുരം എംപി ശശി തരൂരിന്റെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു ഗംഭീര്‍.

‘എന്ത് അവിശ്വസനീയമായ ഇന്നിങ്‌സായിരുന്നു അത്. ഒരു പതിറ്റാണ്ടായി സഞ്ജു സാംസണെ അറിയാം. 14 വയസ്സുള്ളപ്പോള്‍ ഒരിക്കല്‍ അടുത്ത ധോണിയാകും എന്ന് ഞാന്‍ അവനോട് പറഞ്ഞിരുന്നു. ആ ദിവസമിതാ ഇവിടെ. ഐപിഎല്ലിലെ രണ്ടു വിസ്മയകരമായ ഇന്നിങ്‌സിന് ശേഷം ഒരു ലോക ക്ലാസ് കളിക്കാരന്‍ വന്നിരിക്കുന്നു’ – എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.

ഇതിന് മറുപടിയായി, സഞ്ജു സാംസണ്‍ ആരുടെയെങ്കിലും അടുത്തയാള്‍ ആകേണ്ട. ഇന്ത്യന്‍ ക്രിക്കറ്റിലെ സഞ്ജു സാംസണ്‍ ആയാല്‍ മതി എന്നായിരുന്നു തരൂരിന്റെ ട്വീറ്റ് ഷെയര്‍ ചെയ്ത് ഗംഭീറിന്റെ കുറിപ്പ്. ക്രിക്കറ്റ് ലോകത്ത് എപ്പോഴും സഞ്ജുവിനെ പിന്തുണയ്ക്കുന്ന താരമാണ് ഗംഭീര്‍.

കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെയുള്ള മത്സരത്തില്‍ 42 പന്തില്‍ നിന്ന് 85 റണ്‍സാണ് സഞ്ജു നേടിയിരുന്നത്. സഞ്ജുവിന്റെ മികവില്‍ 224 റണ്‍സ് എന്ന കൂറ്റന്‍ വിജയ ലക്ഷ്യം റോയല്‍സ് മറിടക്കുകയും ചെയ്തു. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയുള്ള മത്സരത്തിലും മലയാളി താരം അര്‍ധ സെഞ്ച്വറി നേടിയിരുന്നു. രണ്ടു കളികളിലും സഞ്ജുവാണ് മാന്‍ ഓഫ് ദ മാച്ച്.