ദുബായ്: ഈ ഐപിഎല്ലിലെത്തുമ്പോള്‍ വിരാത് കോലിക്കിതെന്തു പറ്റി എന്നാണ് ആരാധകരുടെ ചോദ്യം. ദയനീയ പ്രകടനമാണ് ഈ സീസണിലെ മൂന്ന് ഐപിഎല്‍ മത്സരങ്ങളിലും കോലി കാഴ്ചവച്ചത്. മുംബൈക്കെതിരായ മത്സരത്തില്‍ കോലി എടുത്തത് മൂന്ന് റണ്‍സ്. അതിനായി വിനിയോഗിച്ചതാകട്ടെ, 11 ബോളുകള്‍. രാഹുല്‍ ചാഹര്‍ എറിഞ്ഞ പന്തില്‍ മുംബൈ നായകന്‍ രോഹിത് ശര്‍മ ക്യാച്ച് ചെയ്യുകയായിരുന്നു.

ദുബായിയില്‍ നടന്ന മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മില്‍ നടന്ന മത്സരത്തിലാണ് കോലി ദയനീയ പ്രകടനം ആവര്‍ത്തിച്ചത്. രണ്ട് ഐപിഎല്‍ ടീമുകള്‍ എന്നതിലുപരി ടീം ഇന്ത്യയുടെ ക്യാപ്റ്റനും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തമ്മിലുള്ള ഏറ്റുമുട്ടല്‍ എന്ന തലത്തില്‍ കൂടി പ്രാധാന്യമര്‍ഹിച്ച മത്സരമായിരുന്നു ഇത്.

കഴിഞ്ഞ മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ബാംഗ്ലൂര്‍ നാണംകെട്ട പരാജയം ഏറ്റുവാങ്ങിയിരുന്നു. ആദ്യ മത്സരത്തില്‍ ഹൈദരാബാദിനെതിരെ 13 ബോളില്‍ 14 റണ്‍സും പിന്നീട് പഞ്ചാബിനെതിരെ അഞ്ച് ബോളില്‍ ഒരു റണ്ണും മാത്രമായിരുന്നു കോലിയുടെ സമ്പാദ്യം.

ബാറ്റിങ്ങില്‍ മാത്രമല്ല, ഫീല്‍ഡിങ്ങിലും കോലി സമ്പൂര്‍ണ പരാജയമായിരുന്നു. പഞ്ചാബിനെതിരായ മത്സരത്തില്‍ രണ്ട് അനായാസ ക്യാച്ചുകള്‍ കൈവിട്ടുകളഞ്ഞിരുന്നു. ഇതിന്റെ പേരില്‍ സുനില്‍ ഗവാസ്‌കര്‍ അടക്കമുള്ളവര്‍ അദ്ദേഹത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

അതേസമയം മുംബൈക്കെതിരായ മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 201 റണ്‍സെടുത്തു. മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് ബാംഗ്ലൂര്‍ ഈ റണ്‍നേട്ടം കൈവരിച്ചത്.