കൊച്ചി: ഇന്ന് നടക്കുന്ന ബ്ലാസ്റ്റേഴ്‌സ്-ചെന്നൈയിന്‍ മത്സരം കാണാന്‍ സിദാന്റെ മുഖം മൂടിയണിഞ്ഞ് ഗാലറിയിലെത്താന്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ബ്ലാസ്റ്റേഴ്‌സ് ഫാന്‍സിന്റെ ആഹ്വാനം. ചെന്നൈയില്‍ നടന്ന ആദ്യ പാദ മത്സരത്തിന് ശേഷം ചെന്നൈയിന്‍ പരിശീലകന്‍ മാര്‍ക്കോ മറ്റരാസി കേരളം താരം ബെല്‍ഫോര്‍ട്ടിനെ ഗ്രൗണ്ടില്‍ കയറി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ഇന്ന് സിദാന്റെ മുഖംമൂടിയുമായെത്തുക. ചെന്നൈയിനെതിരായ മത്സര ശേഷമുള്ള ഫാന്‍സ് ഗ്രൂപ്പിലെ ചര്‍ച്ചക്കിടെ ഒരംഗം കൊണ്ടുവന്ന നിര്‍ദ്ദേശം മറ്റു ള്ളവരും അംഗീകരിക്കുകയായിരുന്നു.

2006ലെ ലോകകപ്പിനിടെ തനിക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് സൂപ്പര്‍ താരം സിനദിന്‍ സിദാന്‍ മറ്റരാസിയെ തല കൊണ്ട് ഇടിച്ചു വീഴ്ത്തിയിരുന്നു. അതിനാല്‍ സിദാന്റെ മുഖംമൂടി അണിഞ്ഞെത്തുകയാണ് പ്രതിഷേധിക്കാന്‍ ഏറ്റവും മികച്ച മാര്‍ഗമെന്ന് ഒരു ആരാധകര്‍ വെളിപ്പെടുത്തി. ചെന്നൈയില്‍ നടന്ന മത്സരത്തിനിടെ ഗാലറിയില്‍ പിന്തുണയുമായെത്തിയ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് നേരെയും ആക്രമണ ശ്രമങ്ങളുണ്ടായിരുന്നു. ഗ്രൗണ്ടില്‍ താരങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളെ തുടര്‍ച്ചയായിട്ടായിരുന്നു ഇത്. മോശം പെരുമാറ്റത്തിന് മറ്റരാസിയെ ഐ.എസ്.എല്‍ മാനേജ്‌മെന്റ് മുംബൈക്കെതിരായ മത്സരത്തില്‍ നിന്ന് വിലക്കിയിരുന്നു.