അവഗണിക്കപ്പെടുന്നവരുടെ അക്ഷരമായി വീണ്ടും ചന്ദ്രിക

2017 ഒക്‌ടോബര്‍ 31ലെ പി.എസ്.സി യോഗത്തിലാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിനെ (കെ.എ.എസ്) കുറിച്ചുള്ള ചര്‍ച്ചകളുടെ തുടക്കം. കേരളത്തിനായി ഒരു ഉദ്യോഗസ്ഥ കേഡര്‍ രൂപീകരിക്കാനായിരുന്നു തീരുമാനം. പ്രാഥമിക രൂപം നല്‍കിയ പി.എസ്.സി, 2017 നവംബര്‍ മൂന്നിന് സര്‍ക്കാരിനോട് വ്യക്തത തേടി കത്ത് നല്‍കി. ആദ്യ സ്ട്രീമില്‍ മാത്രം (നേരിട്ടുള്ള നിയമനം) സംവരണം നല്‍കാമെന്നും രണ്ട്, മൂന്ന് സ്ട്രീമുകളില്‍ സംവരണം നല്‍കേണ്ടതില്ലെന്നുമാണ് സര്‍ക്കാര്‍ തൂരുമാനിച്ചത്.
2017 നവംബര്‍ പകുതിയില്‍ എം.എല്‍.എ ഹോസ്റ്റലില്‍ ടി.വി ഇബ്രാഹിം എം.എല്‍.എയുമായി സംസാരിച്ചിരിക്കുന്നതിനിടെയാണ് കെ.എ.എസില്‍ സംവരണം അട്ടിമറിക്കപ്പെടുകയാണെന്നും നിലവില്‍ സര്‍ക്കാര്‍ രൂപം നല്‍കുന്ന രീതിയില്‍ ഈ കേഡര്‍ നിലവില്‍ വന്നാല്‍ മുസ്‌ലിം, ദലിത്, പിന്നാക്കങ്ങള്‍ക്ക് വലിയതോതിലുള്ള നഷ്ടമുണ്ടാകുമെന്നും മനസിലാക്കുന്നത്. ഇക്കാര്യത്തില്‍ മുസ്‌ലിം ലീഗിനുള്ള ആശങ്ക ടി.വി ഇബ്രാഹിം തുറന്നുപറയുകയും ചെയ്തു.
തുടര്‍ന്ന് അടുത്ത ഏതാനും ദിവസങ്ങള്‍ ഇതേക്കുറിച്ച് വിശദമായി പഠിക്കാന്‍ ശ്രമിച്ചു. ഭാവിയില്‍ കേരളത്തിലെ ഭരണനിര്‍വഹണത്തിന്റെ ചുക്കാന്‍ പിടിക്കേണ്ട കെ.എ.എസില്‍ നിന്ന് സംവരണ സമുദായങ്ങള്‍ നിഷ്‌കരുണം തഴയപ്പെടുമെന്ന് വ്യക്തമായി. 2017 നവംബര്‍ 24ന് ‘കെ.എ.എസില്‍ സംവരണ അട്ടിമറി’ എന്ന തലക്കെട്ടില്‍ ചന്ദ്രിക ഈ വിഷയം പ്രധാന വാര്‍ത്തയായി പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് അന്നത്തെ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ഡോ.എം.കെ മുനീര്‍, വി.കെ ഇബ്രാഹിം കുഞ്ഞ്, അന്നത്തെ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍, എസ്.ഇ.യു, എന്‍.ജി.ഒ അസോസിയേഷന്‍ നേതാക്കള്‍ ഉള്‍പെടെയുള്ളവരുടെ പ്രതികരണങ്ങള്‍ അടുത്ത ദിവസങ്ങളില്‍ ചന്ദ്രിക പ്രസിദ്ധീകരിച്ചു. തുടര്‍ച്ചയായി 60 ഓളം റിപ്പോര്‍ട്ടുകള്‍ ചന്ദ്രികയിലൂടെ പുറത്തുവന്നു. 2018 ജനുവരി 31ന് യൂത്ത്‌ലീഗ് സെക്രട്ടറിയേറ്റിന് മുന്നില്‍ സംവരണ അട്ടിമറിക്കെതിരെ ധര്‍ണ സംഘടിപ്പിച്ചു. ഇത് വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. മുസ്‌ലിം ലീഗിന് പുറമെ ദലിത് സംഘടനകളുടെ പ്രമുഖ നേതാക്കള്‍ സെക്രട്ടറിയേറ്റിന് മുന്നിലെത്തി അഭിവാദ്യമര്‍പ്പിച്ചു. ഫെബ്രുവരി ഒന്‍പതിന് സംസ്ഥാന വ്യാപകമായി നിശാസമരങ്ങളും സംഘടിപ്പിച്ചു.
ഇതിനിടെ കെ.എ.എസിലെ മൂന്ന് സ്ട്രീമുകളിലും സംവരണം നടപ്പിലാക്കണമെന്നു കാട്ടി 2018 മെയ് മാസത്തില്‍ നിയമവകുപ്പ് സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ട് തള്ളിയ മുഖ്യമന്ത്രിയുടെ നടപടി ചന്ദ്രിക വളരെ പ്രാധാന്യത്തോടെ വെളിച്ചത്തുകൊണ്ടുവന്നു. മുഖ്യമന്ത്രി സ്വീകരിച്ചതാകട്ടെ സംവരണം നല്‍കേണ്ടതില്ലെന്ന അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടായിരുന്നു. ഇതോടെയാണ് മുസ്‌ലിം ലീഗ് സമരം ശക്തമാക്കിയത്. മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് മുസ്‌ലിം ലീഗ് നേതാക്കള്‍ നിവേദനം നല്‍കി.
പിന്നീട് മുസ്‌ലിം ലീഗ് കോഴിക്കോട്ട് മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍, ജമാഅത്തെ ഇസ്‌ലാമി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, എം.ഇ.എസ്, എം.എസ്.എസ് തുടങ്ങിയ സംഘടനകള്‍ പങ്കെടുത്ത യോഗം സര്‍ക്കാരിനെതിരെ പ്രക്ഷോഭം പ്രഖ്യാപിക്കുകയും അതിനു മുന്നോടിയായി മുഖ്യമന്ത്രിയെ നേരില്‍ കാണാനും തീരുമാനിച്ചു. പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ മത നേതാക്കള്‍ അടങ്ങിയ സംഘം മുഖ്യമന്ത്രിയെ നേരില്‍ കാണുകയും നിവേദനം നല്‍കുകയും ചെയ്തതാണ് ഏറ്റവും ഒടുവില്‍ സംഭവിച്ചത്. യാഥാര്‍ത്ഥ്യം ഇതാണെന്നിരിക്കെ കെ.എ.എസില്‍ സംവരണം അനുവദിച്ചതിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ചിലര്‍ രംഗത്തുള്ളത് ലജ്ജാകരമാണ്. മറ്റൊരു മഹത്തായ സംവരണ വിജയചരിത്രം കൂടി എഴുതിച്ചേര്‍ത്ത് ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ കര്‍മ്മവഴികളില്‍ ഏറ്റവും കരുത്തോടെ മുസ്‌ലിം ലീഗും ചന്ദ്രികയും നിറഞ്ഞുനില്‍ക്കുന്ന കാലഘട്ടമാണിത്.

SHARE