Connect with us

Video Stories

സഹിഷ്ണുതയുടെ കാവല്‍ക്കാര്‍ വിജയിക്കണം

Published

on


പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചരിത്രപരമായ പ്രാധാന്യവും രാഷ്ട്രീയ
പ്രസക്തിയും വിശകലനം ചെയ്ത് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ദേശീയ
രാഷ്ട്രീയ കാര്യ സമിതി ചെയര്‍മാനും സംസ്ഥാന പ്രസിഡണ്ടുമായ
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സംസാരിക്കുന്നു
അഭിമുഖം: സി.പി. സൈതലവി


ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് ആയി നിലവില്‍വന്ന ശേഷം നടക്കുന്ന അതിസങ്കീര്‍ണമായ തെരഞ്ഞെടുപ്പിനു മുന്നിലാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമിപ്പോള്‍. പുതിയ ലോക്‌സഭയിലെ കക്ഷിനില നിര്‍ണയിക്കുക ആര് ഭരിക്കണമെന്ന് മാത്രമല്ല രാജ്യത്തിന്റെ ഭാവി കൂടിയാണ്. മതേതര ജനാധിപത്യവ്യവസ്ഥ നിലനില്‍ക്കുമോ അതോ രാജ്യത്തിന്റെ ശ്രേയസ്സ് സ്വേച്ഛാധിപത്യപ്രവണതകളില്‍ മുങ്ങിപ്പോവുമോ എന്ന ആശങ്കയാണ് ഇത്തവണ ജനങ്ങളില്‍ നിഴലിക്കുന്നത്.
? മുന്‍കാല തെരഞ്ഞെടുപ്പുകളില്‍നിന്ന് വിഭിന്നമായി ഇത്തവണ വലിയ ആശങ്കകള്‍ പ്രചരിക്കുന്നുണ്ട്. എല്ലാ കാലത്തും പറഞ്ഞുവരുന്നതില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ എന്താണുള്ളത്.
= ഓരോ തെരഞ്ഞെടുപ്പും അതാത് കാലത്ത് പ്രാധാന്യമുള്ളവയാണ്. അതിനനുസരിച്ച പ്രചാരണവും നടക്കും. രണ്ടാം പൊതുതെരഞ്ഞെടുപ്പ് നടന്ന 1957 മുതലുള്ള പ്രചാരണങ്ങള്‍ അറിയാം. അന്നൊന്നും ഈ രീതിയില്‍ സംഭവിക്കാറില്ല. ഭരണഘടന എന്ന ഒരു വിശ്വാസവും ബലവുമാണ് രാജ്യത്തെ ദുര്‍ബലരായ ജനങ്ങള്‍ക്കുള്ളത്. ഇവിടെ ഭരണകക്ഷി തന്നെ ഭരണഘടനാ തത്വങ്ങള്‍ മാറ്റിമറിക്കുന്നു. മതേതരത്വം പോലുള്ള അടിസ്ഥാന മൂല്യങ്ങളെയാണ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. പല മതങ്ങളും ഭാഷകളും സംസ്‌കാരവുമുള്ള രാജ്യത്ത് അതിനെയെല്ലാം അവഗണിച്ച് ഏക സംസ്‌കാരവും ഏക സിവില്‍നിയമവും കൊണ്ടുവരാനുള്ള നീക്കം എത്ര ഗുരുതരമാണ്. വിശ്വാസത്തിന്റെയും ഭാഷയുടെയും കഴിക്കുന്ന ഭക്ഷണത്തിന്റെയും പേരിലെല്ലാം അതിക്രമങ്ങള്‍ നടക്കുകയാണ്. ആളുകള്‍ വധിക്കപ്പെടുകയാണ്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ എന്നു വിളിക്കപ്പെടുന്ന അക്രമങ്ങളടക്കം ആസൂത്രിതമായി അരങ്ങേറുന്നവയാണ്. ഇതിനെല്ലാം ഭരിക്കുന്നവരുടെ തണലുണ്ടാകുന്നത് എത്രമാത്രം ഭയാനകമാണ്. അതിനെതിരായ ഒരു ജാഗ്രതയാണ് ഈ തെരഞ്ഞെടുപ്പ്. മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും സഹിഷ്ണുതയുടെയും കാവല്‍ക്കാര്‍ വിജയിക്കണം.
? 2019ലെ തെരഞ്ഞെടുപ്പ് അവസാന തെരഞ്ഞെടുപ്പായിരിക്കുമെന്ന് ബി.ജെ.പി നേതാക്കള്‍ പരസ്യപ്രസ്താവന ചെയ്യുന്നുണ്ട്. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ 50 വര്‍ഷം ബി.ജെ.പി ഭരിക്കുമെന്നാണ് അമിത്ഷാ പറയുന്നത്. ഇത്തരം പ്രഖ്യാപനങ്ങളെ എങ്ങനെ കാണുന്നു.
= ജനാധിപത്യത്തില്‍ അവര്‍ക്ക് വിശ്വാസമില്ല എന്നതിന് ഏറ്റവും നല്ല തെളിവാണത്. ഇത് അവസാന തെരഞ്ഞെടുപ്പാകും എന്ന് പറഞ്ഞാലര്‍ത്ഥം ജനാധിപത്യ സമ്പ്രദായം തന്നെ എടുത്തുകളയുമെന്നാണ്. അതുകൊണ്ട് ഇത് അവസാനത്തെ തെരഞ്ഞെടുപ്പാവാന്‍ ഇന്ത്യന്‍ ജനത സമ്മതിക്കില്ല. ബി.ജെ.പിയെ രാജ്യം ഒന്നിച്ചുനിന്നു തോല്‍പിക്കും.
? കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ബി.ജെ.പി ഭരണം ജനങ്ങളിലുണ്ടാക്കിയ പ്രതിഫലനം എന്താണ്.
= സാമ്പത്തികമായി രാജ്യവും ജനങ്ങളും ഇങ്ങനെ തകര്‍ന്നുപോയ ഒരു കാലം ലോകത്തുതന്നെ മറ്റെവിടെയെങ്കിലും ഈ തോതിലുണ്ടാവില്ല. ലക്ഷക്കണക്കിനു പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ചെറിയ പെട്ടിക്കടകളും മറ്റുമായി ഉപജീവനം കഴിച്ചിരുന്നവര്‍ വഴിയാധാരമായി. നോട്ട് നിരോധനം ഇന്ത്യയെ 50 കൊല്ലം പിന്നിലാക്കി. വര്‍ഗീയ കലാപങ്ങളും ആള്‍ക്കൂട്ട കൊലകളും ജനങ്ങള്‍ സ്വന്തം നാട്ടില്‍നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നതുമെല്ലാം രാജ്യത്ത് ഭയം വിതച്ചു. ന്യൂനപക്ഷങ്ങളും ദളിതരും പേടിച്ചരണ്ടുകഴിഞ്ഞു. ബീഫിന്റെ പേരില്‍ വീടുകളില്‍ കയറി തല്ലിക്കൊല്ലുന്നവരെ തടയാന്‍പോയിട്ട്, കേസെടുക്കാന്‍പോലും പലപ്പോഴും പൊലീസുകാര്‍ തയ്യാറായില്ല. ഡല്‍ഹിയില്‍ ബീഫിന്റെ കാര്യം പറഞ്ഞ് തീവണ്ടിയില്‍വെച്ച് കൊലപ്പെടുത്തിയ ജുനൈദ് എന്ന വിദ്യാര്‍ഥിയുടെ കുടുംബം ഇവിടെ വന്നിരുന്നു. രാജസ്ഥാനില്‍ കൊലചെയ്യപ്പെട്ട ഉമര്‍ഖാന്റെ മക്കള്‍ വന്നിരുന്നു. വളരെ വേദന തോന്നിയ അനുഭവമായിരുന്നു അത്. ചെറിയ കുട്ടികള്‍പോലും അക്രമിക്കപ്പെടുന്നു. ബലാല്‍ക്കാരം ചെയ്യപ്പെടുന്നു. അങ്ങനെ എത്രയോ സംഭവങ്ങളുണ്ട്. വീടുകള്‍ കത്തിക്കുകയാണ്. പഠനം മുടക്കുകയാണ്. ഈ വിധത്തിലുള്ള കടുത്ത വര്‍ഗീയതയാണ് നടമാടുന്നത്. ഇതൊക്കെ ജനജീവിതത്തെയും രാജ്യത്തിന്റെ വികസനത്തെയും ബാധിച്ചിരിക്കുന്നു.
? ഫാസിസത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് സംസ്ഥാനത്ത് ആദ്യമായി കാമ്പയിന്‍ സംഘടിപ്പിച്ചത് താങ്കള്‍ പ്രസിഡണ്ടായിരിക്കെ മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയായിരുന്നു. ഫാസിസത്തിന്റെ വളര്‍ച്ചയെ ആ കാലവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇപ്പോള്‍ എങ്ങനെ വിലയിരുത്താം.
= 1990 കാലത്താണത്. ബാബരി മസ്ജിദ് തകര്‍ക്കപ്പെടുന്നതിനും മുമ്പുള്ള രാഷ്ട്രീയം. ബാബരി മസ്ജിദ് തകര്‍ക്കല്‍, മുംബൈ കലാപങ്ങള്‍, ഗുജറാത്ത് കലാപം തുടങ്ങി ബീഫ്, ആള്‍കൂട്ടക്കൊലകള്‍ വരെ എത്തിക്കഴിഞ്ഞു. അത് പിന്നീട് ഭരണഘടനാ സ്ഥാപനങ്ങളില്‍- കോടതിയില്‍ പോലും ഇടപെടാനുള്ള നീക്കമായി. സുപ്രീംകോടതി ജഡ്ജിമാര്‍ പത്രസമ്മേളനം നടത്തുന്ന അവസ്ഥയുണ്ടായി. പല സാഹിത്യകാരന്മാരും കൊലചെയ്യപ്പെട്ടു. അത്രയും കരുത്ത് നേടിയ ഫാസിസത്തെ തടയാന്‍ രാഹുല്‍ഗാന്ധിയുടെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എ അധികാരത്തില്‍വരിക മാത്രമേ നിര്‍വാഹമുള്ളൂ. അതിനായി വലിയ കരുതലോടെ പ്രവര്‍ത്തിക്കുകയും വോട്ടു ചെയ്യുകയും വേണം.
? ഈ തെരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗ് മുഖ്യമായും ഉയര്‍ത്തുന്ന രാഷ്ട്രീയം എന്താണ്.
= നമ്മുടെ രാജ്യത്തിന്റെ മഹത്തായ ഭരണഘടന സംരക്ഷിക്കപ്പെടണം. ഒരു പൗരനും ഭരണഘടനാവകാശം നിഷേധിക്കരുത്. മതത്തിന്റെയോ ജാതിയുടെയോ പേരില്‍ വിവേചനം പാടില്ല. മതേതരത്വവും ജനാധിപത്യവും നിലനില്‍ക്കണം. രാഹുല്‍ഗാന്ധി നയിക്കുന്ന, കോണ്‍ഗ്രസ് നേതൃത്വം നല്‍കന്ന ഭരണത്തിനു മാത്രമേ ആ ലക്ഷ്യം കൈവരിക്കാനാവൂ.
? രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് കേരള രാഷ്ട്രീയത്തെ ഏത് വിധത്തില്‍ സ്വാധീനിക്കും.
= മഹത്തായ പാരമ്പര്യത്തില്‍നിന്നു വരുന്ന നേതാവാണദ്ദേഹം. ആ വിനയവും ലാളിത്യവും സാധാരണക്കാരോടുള്ള അടുപ്പവും സ്‌നേഹവുമെല്ലാം മറ്റെല്ലാ പൊതുപ്രവര്‍ത്തകര്‍ക്കും മാതൃകയാണ്. ഹിന്ദി സംസാരിക്കുന്നവരും അല്ലാത്തവരുമെന്ന വിവേചനമുണ്ടാക്കി ഉത്തരേന്ത്യയും ദക്ഷിണേന്ത്യയുമായി ബി.ജെ.പി ഇന്ത്യയെ രണ്ടുതരത്തില്‍ കാണുമ്പോള്‍ ഇന്ത്യ ഒറ്റെക്കെട്ടാണ് എന്ന സന്ദേശമാണ് രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം മുന്നോട്ടുവെക്കുന്നത്. അതുകൊണ്ടുതന്നെ പൊതുസമൂഹത്തിന് രാഹുല്‍ഗാന്ധിയില്‍ പ്രതീക്ഷ വര്‍ധിച്ചിരിക്കുന്നു. ‘ഐക്യത്തിന്റെ നേതാവ്’ എന്ന ബഹുമാനത്തോടെയാണ് കേരളം കാണുന്നത്. ചില രാഷ്ട്രീയ കരുനീക്കങ്ങളിലൂടെ സംസ്ഥാനത്ത് ചുവടുറപ്പിക്കാമെന്ന ബി.ജെ.പിയുടെ മോഹം രാഹുല്‍ഗാന്ധിയുടെ വരവോടെ തകര്‍ന്നിരിക്കുന്നു. രാഷ്ട്രീയമായിതന്നെ നിലനില്‍പ്പില്ലാതായ ഇടതുപക്ഷത്തിന് രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വവും കൂടിയായതോടെ കനത്ത പരാജയമാണുണ്ടാവുക.
? ഇടതുപക്ഷത്തോടാണോ ബി.ജെ.പിയോടാണോ യു.ഡി.എഫിന്റെ പ്രധാന മത്സരം.
= രണ്ടു കൂട്ടരോടുമാണ്. ഇടതുപക്ഷത്തിന്റെ അക്രമരാഷ്ട്രീയത്തിനും ജനദ്രോഹ ഭരണത്തിനുമെതിരെ ജനങ്ങള്‍ വിധിയെഴുതും. ബി.ജെ.പി കേരളത്തില്‍ ഒരു പ്രധാന രാഷ്ട്രീയ ശക്തിയല്ലെങ്കിലും രാജ്യത്ത് നരേന്ദ്രമോദി സര്‍ക്കാരിന്റെ തണലില്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം അരങ്ങേറിയ രാജ്യവിരുദ്ധ, ന്യൂനപക്ഷ-ദലിത് വിരുദ്ധ, ഭീകരവാഴ്ചക്കെതിരെ കേരളം ഒറ്റക്കെട്ടായി പ്രതികരിക്കണം. കോണ്‍ഗ്രസിന്റെ സീറ്റുകളുടെ എണ്ണം കൂടുമ്പോഴാണ് ഫാസിസ്റ്റുകള്‍ക്കെതിരായ സര്‍ക്കാരുണ്ടാക്കുന്നതിന് നേതൃത്വം നല്‍കാന്‍ കഴിയുക. അതിന് യു.ഡി.എഫ് വിജയിക്കണം. കേവല വിജയമല്ല വോട്ടിന്റെ ശതമാനത്തിലും അത് പ്രകടമാവണം.
? ദേശീയ തലത്തില്‍ കോണ്‍ഗ്രസ് എത്രത്തോളം നേട്ടമുണ്ടാക്കും.
= കോണ്‍ഗ്രസിനെ പിന്തുണക്കണമായിരുന്ന ചില പ്രധാന മതേതര കക്ഷികള്‍ ചേര്‍ന്ന് ത്രികോണ മത്സരം ഉണ്ടാക്കുന്നുവെങ്കിലും കോണ്‍ഗ്രസിന് സഹായകമാവുക എന്ന നിലപാട് അവരില്‍ പലര്‍ക്കുമുണ്ട്. ബി.ജെ.പിക്ക് 60 സീറ്റ് നഷ്ടപ്പെടുമെന്ന് അതിന്റെ പ്രസിഡണ്ട് അമിത്ഷാ തന്നെ പറയുന്നു. പോരാത്തതിന് 31 ശതമാനം വോട്ടാണ് ബി.ജെ.പിക്ക് കഴിഞ്ഞ തവണ കിട്ടിയിട്ടുള്ളത്. മറുവശത്ത് പയറ്റിത്തെളിഞ്ഞ ഒരു നേതാവിന്റെ പക്വതയോടെ രാഹുല്‍ഗാന്ധി മുന്നിലുണ്ട്. അഞ്ചു വര്‍ഷത്തെ മോദി ഭരണത്തിന്റെ കെടുതികള്‍ എല്ലാ സമൂഹവും അനുഭവിച്ചറിഞ്ഞതാണ്. ഭരിക്കാനറിയാത്ത പ്രധാനമന്ത്രിയില്‍നിന്നും പാര്‍ട്ടിയില്‍നിന്നും രാജ്യത്തെ അറിയുന്ന നേതാവിലേക്കും പാര്‍ട്ടിയിലേക്കും ഭരണം കൈമാറണമെന്ന വികാരം രാജ്യത്താകെയുണ്ട്. ജനസ്വാധീനമുള്ള കക്ഷികള്‍ ഓരോ സംസ്ഥാനത്തും കോണ്‍ഗ്രസിനും യു.പി.എക്കുമൊപ്പമാണ്. തൊട്ടുമുമ്പ് നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളും ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളുമെല്ലാം കോണ്‍ഗ്രസിന് വലിയ വിജയം സമ്മാനിച്ചു. ഇതെല്ലാം തെളിയിക്കുന്നത് കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരുമെന്നാണ്.
? യു.ഡി.എഫ് വന്‍വിജയം നേടുമെന്നാണ് മിക്ക സര്‍വെകളും ചൂണ്ടിക്കാട്ടുന്നത്. ആ നിലയില്‍ ഒരു തരംഗം പ്രകടമാണോ.
= സംശയമില്ല. കേരളത്തില്‍ ഒരു രാഹുല്‍തരംഗം- യു.ഡി.എഫ് തരംഗം ശക്തമായുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പങ്കെടുത്ത പരിപാടികളിലും താഴെതട്ടില്‍നിന്നു ലഭിക്കുന്ന റിപ്പോര്‍ട്ടുകളിലും ഈ ബഹുജനാവേശം പ്രകടമാണ്. പ്രവര്‍ത്തകരും മുന്നണി നേതാക്കളും നല്‍കുന്ന വിവരം മാത്രമല്ല; ബന്ധപ്പെടുന്ന മാധ്യമപ്രവര്‍ത്തകരും ഫീല്‍ഡിലെ വിവരങ്ങള്‍ ശേഖരിക്കാന്‍ നിയുക്തരായവരുമെല്ലാം ഈ മുന്നേറ്റം വ്യക്തമായി പറയുന്നുണ്ട്. യു.ഡി.എഫിന്റെ സ്ഥാനാര്‍ഥികളെല്ലാം ബന്ധപ്പെട്ടിരുന്നു. അവരും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. പക്ഷേ അതൊന്നും ഉപരിതലത്തില്‍ മാത്രമായാല്‍ പോരാ. വോട്ടായി മാറണം. അവിടെയാണ് വിജയം. പോളിങ് തീരുംവരെ അതിനുള്ള ജാഗ്രത യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കുണ്ടാകണം. താഴെ തട്ടില്‍ ആ രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.
? മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ മുസ്‌ലിംലീഗിന് കൂടുതല്‍ പ്രതീക്ഷ പകരുന്നതെന്താണ്.
= യു.ഡി.എഫിലെ കെട്ടുറപ്പ് തന്നെ. ഇതുപോലെ ഒരു ഐക്യം ഒരു കാലത്തും പ്രകടമായിട്ടില്ല. മുസ്‌ലിംലീഗിന്റെ പാര്‍ലമെന്റ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച വേളയില്‍ ഒരു കാര്യം പ്രത്യേകം പറഞ്ഞിരുന്നു. 20 സ്ഥാനാര്‍ഥികളും സ്വന്തം സ്ഥാനാര്‍ഥികളാണെന്നുകണ്ട് മുസ്‌ലിംലീഗണികള്‍ പ്രവര്‍ത്തിച്ചു ജയിപ്പിക്കണമെന്ന്. ആ ഉത്തരവാദിത്തബോധം ഓരോ പ്രവര്‍ത്തകനിലും പ്രകടമാണ്. ഏത് കക്ഷിയുടെ സ്ഥാനാര്‍ഥി എന്നതല്ല; യു.ഡി.എഫ് എന്ന ഒറ്റപ്പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി എന്ന നിലയിലാണ് പ്രവര്‍ത്തകര്‍ കാണുന്നത്. എതിരാളികള്‍ക്ക് അസൂയ ജനിപ്പിക്കുംവിധം 20 മണ്ഡലത്തിലും യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടാണ്. മുസ്‌ലിംലീഗ് സംഘടനാ സംവിധാനം പൂര്‍വാധികം ശക്തിയോടെ പ്രവര്‍ത്തനനിരതമാണ്.
? ആ ആവേശത്തില്‍ വയനാട്ടില്‍ രാഹുല്‍ഗാന്ധി വന്നപ്പോള്‍ വീശിയ പച്ചക്കൊടിയാണ് യോഗി ആദിത്യനാഥിനെയും അമിത്ഷായെയും ചൊടിപ്പിച്ചത് അല്ലേ.
= ആവേശം മാത്രമല്ല, ആത്മാര്‍ത്ഥതയുമാണത്. രാഹുല്‍ഗാന്ധിയെ സ്വന്തം സ്ഥാനാര്‍ഥിയായി കാണുന്ന മുസ്‌ലിംലീഗ് പ്രവര്‍ത്തകരുടെ മനസ്സ്. അതിനുള്ള ഭൂരിപക്ഷം ഭാവി പ്രധാനമന്ത്രിക്കു നല്‍കാന്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ രാപകലില്ലാതെ അധ്വാനിച്ചു മുന്നിലുണ്ടാകും. രാഹുല്‍ഗാന്ധി വന്നത് യോഗിയേയും അമിത്ഷായെയും മാത്രമല്ല സി.പി.എമ്മുകാരെയും ചൊടിപ്പിച്ചിട്ടുണ്ട്. രാഹുല്‍ എന്തിന് ഇവിടെ മത്സരിക്കുന്നു എന്നുവരെ അവര്‍ ചോദിക്കുന്നു. ഇതിന് അവര്‍ക്കെന്തവകാശം. വയനാട് ഇന്ത്യയുടെ ഭാഗമല്ലേ. ഭാവി പ്രധാനമന്ത്രി കേരളത്തില്‍നിന്നു മത്സരിക്കുന്നതില്‍ അഭിമാനിക്കുകയല്ലേ വേണ്ടത്.
? മുസ്‌ലിംലീഗിനെ വൈറസ് എന്നു വിശേഷിപ്പിച്ച യോഗി ആദിത്യനാഥും വയനാട് പാകിസ്താനാണ് എന്നു പറഞ്ഞ അമിത്ഷായും എന്താണ് ലക്ഷ്യമിടുന്നത്.
= മതത്തിന്റെ പേരില്‍ വിഭാഗീയതയുണ്ടാക്കി ജനങ്ങളെ തമ്മിലടിപ്പിച്ച് മുതലെടുക്കുക. വോട്ട് ചെയ്തില്ലെങ്കില്‍ ശപിക്കുമെന്നും ജോലി തരില്ലെന്നും പറയുക. ഇതാണ് യഥാര്‍ത്ഥ വര്‍ഗീയത. പക്ഷേ, മുസ്‌ലിംലീഗ് എന്താണെന്നും ദേശീയോദ്ഗ്രഥനത്തിനും മതമൈത്രിക്കും വികസനത്തിനും സേവനത്തിനും മതഭേദമില്ലാതെ ജീവകാരുണ്യത്തിലും ലീഗ് നല്‍കിയ സംഭാവന എന്താണെന്നും ഇന്ത്യയാകെ ചര്‍ച്ച ചെയ്യാന്‍ ഇത്തരം വിമര്‍ശനങ്ങള്‍ സഹായകമായി.
അത് ഖാഇദേമില്ലത്തും സീതിസാഹിബും ബാഫഖി തങ്ങളും പൂക്കോയ തങ്ങളും സി.എച്ചും ശിഹാബ് തങ്ങളും മറ്റുമടങ്ങിയ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഉദ്ദേശ്യശുദ്ധിക്കുള്ള അംഗീകാരമാണ്. അമിത്ഷായുടെ പാകിസ്താന്‍ ആരോപണത്തിന് വയനാട്ടുകാര്‍ തന്നെ വോട്ട് കൊണ്ട് മറുപടി നല്‍കിക്കൊള്ളും. യു.പി മുഖ്യമന്ത്രി ആദിത്യനാഥിന് ഏതാനും ദിവസം പ്രചാരണ വിലക്ക് ഏര്‍പ്പെടുത്തുകയും ആക്ഷേപങ്ങള്‍ സമൂഹ മാധ്യമത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തതിലൂടെ യോഗി ആദിത്യനാഥിന്റെ വാക്കുകള്‍ എത്രമാത്രം വര്‍ഗീയവും രാജ്യദ്രോഹപരവുമാണെന്ന് തെളിഞ്ഞുകഴിഞ്ഞു.
? വോട്ടര്‍മാരോടും പ്രവര്‍ത്തകരോടുമുള്ള സന്ദേശം.
= ഒരു വോട്ടും പാഴാവരുത്. ഇന്ത്യയില്‍ ജനാധിപത്യം നിലനില്‍ക്കാനും പൗരന്‍മാരെല്ലാം ഒരു വിഭാഗീയതയുമില്ലാതെ ഏകോദര സഹോദരന്‍മാരാണെന്ന ഒറ്റ മനസ്സോടെ കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കാനും പൗരന്റെ ജീവനും സ്വത്തിനും അഭിമാനത്തിനും സുരക്ഷ ഉറപ്പുവരുത്താനുമാണ് ഈ വോട്ട്. ഒരു വോട്ട് നഷ്ടപ്പെട്ടാല്‍ അത് ഭാവി ഇന്ത്യയുടെ നഷ്ടമാണ്.
യാത്രക്കു കടുത്ത പ്രതിബന്ധമില്ലാത്ത ഏതൊരു വോട്ടറും ബൂത്തിലെത്തണം. അവരെ എത്തിക്കാന്‍ വേണ്ടത് പ്രവര്‍ത്തകര്‍ ചെയ്യണം. അങ്ങേയറ്റം അനുയോജ്യരായ സ്ഥാനാര്‍ഥികളെയാണ് യു.ഡി.എഫ് അണിനിരത്തിയിട്ടുള്ളത്. ഏറ്റവും ജനപ്രിയരായ സ്ഥാനാര്‍ഥികള്‍. രാഷ്ട്രീയപരമല്ലാത്ത ഒരെതിര്‍പ്പും എതിരാളികള്‍ക്കു പോലുമില്ലാത്തവര്‍. യു.ഡി.എഫിന്റെ 20 സ്ഥാനാര്‍ഥികളും വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കണം. പോളിങ് തീരുംവരെ വിശ്രമമരുത്.
ഗൃഹസമ്പര്‍ക്കത്തിന് ഇനിയുള്ള സമയമത്രയും വിനിയോഗിക്കണം. പുണ്യയാത്രകളാണെങ്കിലും തെരഞ്ഞെടുപ്പ് കഴിയും വരേയ്ക്ക് നീട്ടിവെക്കാന്‍ കഴിയുമെങ്കില്‍ അങ്ങനെ ചെയ്യണം. കാരണം ഈ തെരഞ്ഞെടുപ്പ് വ്യക്തിയുടെ സ്വാതന്ത്ര്യങ്ങള്‍, പൗരാവകാശങ്ങള്‍ ഉറപ്പ് നല്‍കുന്ന ഭരണഘടനയുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാനും കൂടിയുള്ളതാണ്. പ്രവാസി സുഹൃത്തുക്കള്‍ യാത്രയ്ക്കു സൗകര്യമുള്ളവര്‍ വന്ന് വോട്ട് രേഖപ്പെടുത്തണം. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വോട്ടുകള്‍ ഫോണില്‍ വിളിച്ചു സംസാരിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി ഉറപ്പു വരുത്തണം. അത്തരം ഓരോ ഫോണ്‍ കാളുകളും ജനാധിപത്യത്തിന്റെ അടിത്തറയ്ക്ക് ബലമേകുന്നതാണ്. ഒരു വോട്ട് പോലും പാഴാവരുത്. യു.ഡി.എഫിന്റെ 20 പേരും ജയിക്കണം മികച്ച ഭൂരിപക്ഷത്തില്‍. കാല്‍നൂറ്റാണ്ടിലേറെ കാലം പാര്‍ലിമെന്റില്‍ കേരളത്തെ പ്രതിനിധീകരിച്ച, ഒരു ദശാബ്ദക്കാലം കേന്ദ്രമന്ത്രിയായിരുന്ന ഇ. അഹമ്മദ് സാഹിബിന്റെയും മുന്നണിയുടെ ശക്തിയായിരുന്ന കെ.എം മാണിയുടെയും സാന്നിധ്യമില്ലാത്ത ഒരു തെരഞ്ഞെടുപ്പു ദിനമാണ് വരുന്നത്. ആ നേതാക്കളുടെയെല്ലാം ഓര്‍മകള്‍ നമുക്ക് കരുത്താകണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending