അമിത്ഷായോളം അളവില്‍ വിഷം രാജവെമ്പാലക്കുവരെ ഇല്ലെന്ന് കെ.സി വേണുഗോപാല്‍

വയനാട്: അമിത് ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. രാജവെമ്പാലക്കുവരെ അമിത് ഷായുടെ അളവില്‍ വിഷമുണ്ടാകില്ലെന്ന് വേണുഗോപാല്‍ പറഞ്ഞു. വയനാടിനെ പാകിസ്ഥാന്‍ എന്നു വിശേഷിപ്പിച്ചതിലൂടെ അമിത് ഷാ വയനാടിനെ അപമാനിച്ചിരിക്കുകയാണെന്നും വേണുഗോപാല്‍ പറഞ്ഞു. വയനാട് പാകിസ്ഥാനിലാണോ അതോ ഇന്ത്യയിലാണോ എന്ന് കഴിഞ്ഞ ദിവസം അമിത് ഷാ ചോദിച്ചിരുന്നു. അതിനുള്ള മറുപടിയായാണ് വേണുഗോപാലിന്റെ പരാമര്‍ശം.

എല്ലാ വിഭാഗം ജനങ്ങളും ഒത്തൊരുമയോടെ ജീവിക്കുന്ന ഇടമാണ് വയനാട്. അമിത് ഷാക്ക് വയനാടിന്റെ ഈ പാരമ്പര്യം അറിയില്ല. ജനത്തെ ധ്രുവീകരിച്ച് ഭരണം നിലനിര്‍ത്താനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത്. ജനങ്ങളുടെ വിധിയെഴുത്ത് അവര്‍ക്കുള്ള ചുട്ട മറുപടിയായിരിക്കുമെന്നും കെ.സി പറഞ്ഞു. പാകിസ്ഥാനില്‍ വിളിക്കാതെ പോയി ചായ കുടിച്ച മോദി ഞങ്ങളെ രാജ്യസ്‌നേഹം പഠിപ്പിക്കേണ്ടതില്ലെന്നും മോദി പറഞ്ഞു.