വേദിയിലേക്ക് ചെരിപ്പേറ് : അണ്ണാ ഹസാരെ സമരം അവസാനിപ്പിച്ചു

ന്യൂഡല്‍ഹി: അണ്ണാ ഹസാരെ ആറു ദിവസമായി ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. കേന്ദ്രത്തില്‍ ലോക്പാലും സംസ്ഥാനങ്ങളില്‍ ലോകായുക്ത നിയമിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിക്കുന്നതെന്ന് ഹസാരെ പറഞ്ഞു.

ഓഗസ്റ്റ് വരെ ആറു മാസം കേന്ദ്രത്തിന് സമയം നല്‍കിയിട്ടുണ്ട്. അതിനകം നടപടി ഉണ്ടായില്ലെങ്കില്‍ സെപ്തംബറില്‍ താന്‍ വീണ്ടും സമരവുമായി രംഗത്തെത്തും. ഇക്കാര്യം സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. സാധ്യമായത്ര വേഗത്തില്‍ നിയമനം നടത്താമെന്ന ഉറപ്പാണ് കേന്ദ്രം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള മധ്യസ്ഥ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. ആറുമാസം കാത്തിരിക്കേണ്ടി വരില്ലെന്നും അതിനു മുമ്പു തന്നെ ലോക്പാല്‍, ലോകായുക്ത നിയമനങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നും ഫഡ്‌നാവിസും മാധ്യമങ്ങളോട് പറഞ്ഞു.ഇതിനിടെ അണ്ണാ ഹസാരെയുടെ സമര വേദിയിലേക്ക് ഇന്നലെ ചെരിപ്പേറുണ്ടായി. മധ്യസ്ഥ ചര്‍ച്ചക്കായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് എന്നിവര്‍ ഹസാരെക്കൊപ്പം വേദിയിലിരിക്കുമ്പോഴാണ് യുവാവ് ഷൂവെറിഞ്ഞത്. ഇയാളെ ഉടന്‍ തന്നെ പൊലീസ് അറസ്റ്റു ചെയ്തുനീക്കി.

SHARE