സേനയുമായി ഏറ്റുമുട്ടല്‍; 14 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

റായ്പൂര്‍: ചത്തീസ്ഗഡിലെ സുഖ്മ ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 14 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ നിന്നും 16 ആയുധങ്ങള്‍ പിടികൂടിയതായി ഡി.ജി.പി ഡി.എം അശ്വതി അറിയിച്ചു. മിക തോങ് വനത്തില്‍ 200 ഓളം വരുന്ന മാവോയിസ്റ്റുകള്‍ യോഗം ചേരുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് റിസര്‍വ് ഗാര്‍ഡ്, സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്, സെന്‍ട്രല്‍ റിസര്‍വ് പൊലീസ് എന്നിവര്‍ നടത്തിയ സംയുക്ത ഓപറേഷനിലാണ് 14 പേരെയും വധിച്ചതെന്നും അദ്ദേഹം അറിയിച്ചു. സുരക്ഷാ സേനക്കു നേരെ മാവോയിസ്റ്റുകള്‍ വെടിവെച്ചതിനെ തുടര്‍ന്ന് നടത്തിയ തിരിച്ചടിയിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. മേഖലയില്‍ മാവോയിസ്റ്റുകള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.