‘ജയരാജന്റെ ഫേസ്ബുക്ക് കൈകാര്യം ചെയ്യുന്നത് ഷുഹൈബിന്റെ കൊലയാളി’; പി.കെ.കൃഷ്ണദാസ്

തിരുവനന്തപുരം: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ന് അറസ്റ്റിലായ ആകാശ് തില്ലങ്കേരി പി.ജയരാജന്റെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നയാളെന്ന് പി.കെ.കൃഷ്ണദാസ്. ജയരാജന്‍ നേരിട്ട് നിയന്ത്രിക്കുന്ന കൊലയാളിസംഘത്തിലെ അംഗമാണ് പ്രതികളെന്നും കൃഷ്ണദാദസ് ആരോപിച്ചു.

ഇതോടുകൂടി ഷുഹൈബ് വധകേസില്‍ പി.ജയരാജന്റെ പങ്ക് അന്വേഷിക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു. പ്രതി ആകാശിന് മുഖ്യമന്ത്രിയുമായും, ജില്ലസെക്രട്ടറി പി.ജയരാജനുമായും അടുത്ത ബന്ധമെന്നും കൃഷ്ണദാസ് ആരോപിച്ചു.

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെയാണ് പൊലീസ് ഇന്ന് കസ്റ്റഡയിലെടുത്തത്. സിപിഎം പ്രവര്‍ത്തകരായ തില്ലങ്കേരി സ്വദേശികളായ ആകാശ്, റിജിന്‍ എന്നിവര്‍ മാലൂര്‍ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കേസില്‍ നേരിട്ട് ബന്ധമുളളവരാണ് ഇവരെന്നാണ് വിവരം. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷിനെ കൊന്ന കേസിലെ പ്രതികളാണിവരെന്ന് റിപ്പോര്‍ട്ടുണ്ട്.

അതേസമയം, സി.പി.എം ഡമ്മിപ്രതികളെ ഇറക്കിയതാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ ആരോപിച്ചു.

SHARE