ത്രിപുര നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു. മൂന്നുമണി വരെ 67ശതമാനം
പോളിംഗ് രേഖപ്പെടുത്തി. സുരക്ഷാകാരണങ്ങളാല്‍ പോളിംഗ് സമയം കുറച്ചിരുന്നു. വോട്ടെടുപ്പ് നടക്കുന്ന 59 മണ്ഡലത്തിലായി 492 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. സി.പി.എം സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് ചരിലാം മണ്ഡലത്തില്‍ തെരെഞ്ഞെടുപ്പ് മാറ്റി വച്ചിരിക്കുകയാണ്. കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.

ആദിവാസി സമൂഹത്തിന്റെ വോട്ടുകള്‍ നിര്‍ണ്ണായകമാകുന്ന ത്രിപുരയില്‍ ഭരണകക്ഷിയായ സി.പി.എമ്മും ബി.ജെ.പിയും തമ്മിലാകും കനത്ത മത്സരം നടക്കുക. രണ്ടു മാസത്തോളമായി കനത്ത പ്രചാരണ പരിപാടികള്‍ നടന്നിരുന്നു. 51 സീറ്റുകളില്‍ ബി.ജെ.പിയും സഖ്യകക്ഷിയായ ഐ.പി.എഫ്.ടി ഒന്‍പതു സീറ്റുകളിലുമാണ് ജനവിധി തേടുന്നത്.

രണ്ടുതവണ പ്രധാനമന്ത്രി നരേന്ദ്രമോദിയെുള്‍പ്പടെ പ്രചാരണരംഗത്തെത്തിയിരുന്നു. സി.പി.എം സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയനും ഫേസ്ബുക്കില്‍ കുറിപ്പ് രേഖപ്പെടുത്തിയിരുന്നു.

സംസ്ഥാനത്താകെ 50 റാലികളില്‍ മണിക് സര്‍ക്കാര്‍ പങ്കെടുത്തത്. 50 ശതമാനത്തിലധികം വരുന്ന ബംഗാളി വോട്ടും 30 ശതമാനത്തോളം വരുന്ന ആദിവാസി വോട്ടും ഇത്തവണ തെരെഞ്ഞെടുപ്പില്‍ നിര്‍ണായകമാകും, 25 ലക്ഷം വോട്ടര്‍മാരുള്ള ത്രിപുരയില്‍ 47,803 പേര്‍ ആദ്യമായി പോളിങ് ബൂത്തിലേക്ക് എത്തുന്നവരാണ്. രാവിലെ ഏഴുമുതല്‍ ആരംഭിച്ച പോളിങ് വൈകിട്ട് നാലിനാണ് സമാപിച്ചത്. പരമ്പരാഗത ശൈലിയില്‍ പ്രചരണം നടത്തിയ സി.പി.എം നഗരവോട്ടുകളെക്കാള്‍ ഗ്രാമീണമേഖലയിലെ വോട്ടുകളിലാണ് നോട്ടമിട്ടിരിക്കുന്നത്.