കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഇറാഖ് എംബസിയില്‍ ഐ.എസ് ആക്രമണം. അഫ്ഗാന്‍ പൗരന്മാരായ രണ്ടു എംബസി ജീവനക്കാര്‍ കൊല്ലപ്പെട്ടു. പൊലീസുകാരനുള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. എംബസിയുടെ കവാടത്തില്‍ ചാവേറാക്രമം നടത്തിയ ശേഷം മൂന്ന് അക്രമികള്‍ കെട്ടിടത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു.
മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ മൂന്ന് അക്രമികളെയും അഫ്ഗാന്‍ സേന കൊലപ്പെടുത്തി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റ്(ഐ.എസ്) ഏറ്റെടുത്തു. ഏഴു സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയെന്നാണ് ഐ.എസിന്റെ അവകാശവാദം. ഇറാഖ് എംബസിക്കുനേരെ ആദ്യമായാണ് ആക്രമണം നടക്കുന്നത്. രണ്ടാഴ്ച മുമ്പ് ഇറാഖിലെ മൊസൂളില്‍ ഐ.എസിനെ പരാജയപ്പെടുത്തിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് എംബസിയില്‍ പ്രത്യേക വാര്‍ത്താ സമ്മേളനം വിളിച്ചുകൂട്ടിയിരുന്നു. ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍ എംബസിയിലെ ഉന്നത ഉദ്യോഗസ്ഥനെ ഈജിപ്ഷ്യന്‍ എംബസിയിലേക്ക് മാറ്റിയതായി ഇറാഖ് വിദേശകാര്യ മന്ത്രലായം അറിയിച്ചു. എംബസി ജീവനക്കാരെ മുഴുവന്‍ സുരക്ഷിതമായി ഒഴിപ്പിച്ചു. കാബൂളിലെ മറ്റു വിദേശ എംബസികളില്‍നിന്ന് വ്യത്യസ്തമായി ഗ്രീന്‍ സോണിനു പുറത്താണ് ഇറാഖിന്റെ എംബസി.
വീടുകളും കടകളും റെസ്റ്റോറന്റുകളും നിറഞ്ഞ തിരക്കേറിയ പ്രദേശത്താണ് ആക്രമണമുണ്ടായത്. തലസ്ഥാന നഗരിയില്‍ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ അഫ്ഗാന്‍ ജനത രോഷാകുലരാണ്. അക്രമങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് കാബൂള്‍ നഗരം വന്‍ പ്രക്ഷോഭത്തിന് സാക്ഷ്യംവഹിച്ചിരുന്നു. മെയ് 31ന് നയതന്ത്ര മേഖലയിലുണ്ടായ ആക്രമണത്തില്‍ 150 പേരാണ് കൊല്ലപ്പെട്ടത്. അതിനുശേഷവും നിരവധി ആക്രമണങ്ങളുണ്ടായി.