കാസര്‍കോട്: അബുദാബിയില്‍ ഗ്യാസ് ചോര്‍ന്ന് മധൂര്‍ മന്നിപ്പാടി സ്വദേശി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. മന്നിപ്പാടി വിവേകാനന്ദ നഗറിലെ അശോകന്‍ (32) ആണ് മരിച്ചത്. മറ്റു രണ്ടുപേര്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. സൗത്ത് വിംഗ്സ് ഇന്റീരിയര്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു അശോകന്‍. കഴിഞ്ഞ ദിവസം അബുദാബി ബത്തീനിലെ ജോലിസ്ഥലത്താണ് അപകടമുണ്ടായത്.

ഗ്യാസ് ചോര്‍ന്ന് വിഷവാതകം ശ്വസിച്ചാണ് മരണം സംഭവിച്ചതെന്നാണ് നാട്ടില്‍ ലഭിച്ച വിവരം. സോമയ്യ-ഗിരിജ ദമ്പതികളുടെ മകനാണ് അശോകന്‍. ഭാര്യ: ദീപിക. ഭാര്യയെ അബുദാബിയിലേക്ക് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലായിരുന്നു അശോകന്‍. കഴിഞ്ഞ ഏപ്രിലിലായിരുന്നു ഇവര്‍ വിവാഹിതരായത്. ജൂണ്‍ 28നാണ് അശോകന്‍ അബുദാബിയിലേക്ക് തിരികെപോയത്.

മൃതദേഹം അബുദാബി ഖലീഫ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായി കമ്പനി അധികൃതരും കെ.എം. സി.സി പ്രവര്‍ത്തകരും അബുദാബി ഖലീഫ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ എത്തി ശ്രമം ആരംഭിച്ചിട്ടുണ്ട്.