ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ ഉറിയില്‍ 17 സൈനികര്‍ കൊല്ലപ്പെട്ട ഭീകരാക്രണമത്തിനു പിന്നില്‍ പാകിസ്താനാണെന്ന ഇന്ത്യയുടെ ആരോപണം പാകിസ്താന്‍ തള്ളി. ഇന്ത്യ പാകിസ്താനെതിരെ ഇത്തരം ആരോപണങ്ങള്‍ പതിവായി ഉന്നയിക്കുന്നതാണെന്നും പാക് വിദേശകാര്യ വക്താവ് നഫീസ് സക്കരിയ്യ പറഞ്ഞു.

ഉറി ഭീകരാക്രമണത്തിനു പിന്നില്‍ പാകിസ്താനാണെന്നും പാക് സര്‍ക്കാറിന്റെ പിന്തുണയോടെയാണ് ഭീകരര്‍ അതിര്‍ത്തി കടന്നതെന്നുമുള്ള ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ പ്രസ്താവന പുറത്തു വന്നതിനു തൊട്ടു പിന്നാലെയാണ് നിഷേധവുമായി പാകിസ്താന്‍ രംഗത്തെത്തിയത്. അന്വേഷണം പോലും നടത്താതെ കുറ്റം തങ്ങളുടെ നേരെ തിരിച്ചു വിടുകയാണെന്നും ഇത് തള്ളിക്കളയുന്നതായും നഫീസ് പറഞ്ഞു. എല്ലാ രീതിയിലുള്ള ഭീകരാക്രമണങ്ങളേയും പാകിസ്താന്‍ അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഉറി ഭീകരാക്രമണത്തിന് വലിയ രീതിയിലുള്ള പ്രാധാന്യമാണ് പാക് മാധ്യമങ്ങള്‍ നല്‍കിയത്.