Connect with us

Video Stories

ഇടതുസര്‍ക്കാരും കിഫ്ബിയും

Published

on

കേരള ഇന്‍ഫ്രാസ്ട്രക്്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിന്റെ (കിഫ്ബി) പുന:സംഘടിപ്പിച്ച ഡയറക്ടര്‍ ബോര്‍ഡ് പ്രഥമ യോഗം സംസ്ഥാനത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന 4004 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിരിക്കുകയാണ്. വ്യവസായം, ആരോഗ്യം, ഐ.ടി, പൊതുമരാമത്ത്, വിദ്യാഭ്യാസം, വനം-വന്യ ജീവി, ശുദ്ധ ജല വിതരണം, ടൂറിസം എന്നീ മേഖലകളിലായി 48 പദ്ധതികളാണ് കണ്ടെത്തിയിരിക്കുന്നത്. ആദ്യ പടിയായി 1740.63 കോടി രൂപ വേണ്ടിവരും. ഈ തുക കണ്ടെത്താന്‍ എസ്.ബി.ഐ ക്യാപിനെ ചുമതലപ്പെടുത്താനാണ് തീരുമാനം. രണ്ടാം ഘട്ടത്തില്‍ നാലായിരം കോടി രൂപ നബാര്‍ഡ് വഴി കണ്ടെത്തും. വരുന്ന അഞ്ചു വര്‍ഷത്തിനുള്ളില്‍ നാല്‍പതിനായിരം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനമാണ് ലക്ഷ്യമിടുന്നത് എന്നാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ തീരുമാനം. ഫണ്ട് കണ്ടെത്തുന്നതിന് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് മാനേജ്‌മെന്റ് കോര്‍പറേഷന്‍ രൂപീകരിക്കും. റിസര്‍വ ്ബാങ്ക്, സെബി എന്നിവയുടെ അംഗീകാരമുള്ള ധന സമാഹരണ സംവിധാനങ്ങള്‍ക്കും രൂപം നല്‍കും. പുതുക്കിപ്പണിയുന്ന പാലങ്ങള്‍ക്കും റോഡുകള്‍ക്കും ടോള്‍ പിരിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് റവന്യൂകമ്മി വര്‍ധിക്കുന്നുവെന്ന് (നടപ്പുവര്‍ഷം 1800 കോടി) ആകുലപ്പെട്ടു തുടങ്ങിയിട്ട് കാലമേറെയായി. നികുതി വരുമാനം കുത്തനെ വര്‍ധിച്ചിട്ടും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ശമ്പളവും പെന്‍ഷനും പലിശയും കൊടുക്കുന്നതിനാണ് ഇതിന്റെ 65 ശതമാനവും ചെലവിടുന്നത്. രാജ്യത്തിന്റെ ജന സംഖ്യയില്‍ മൂന്നു ശതമാനം മാത്രമുള്ള കേരളത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം (ജി.എസ്.ഡി.പി) രാജ്യത്തിന്റെ പതിമൂന്നാമതാണ്- 3.96 ലക്ഷം കോടി രൂപ. ഇതിന്റെ 25 ശതമാനമാണ് പ്രവാസി മലയാളികള്‍ അയച്ചുതരുന്ന തുക. ഈ ഒരു ലക്ഷം കോടിയിലാണ് പ്രധാനമായും തോമസ് ഐസക്കിന്റെ കണ്ണ് എന്നത് വ്യക്തം. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് അമ്പതിനായിരം കോടി രൂപയാണ് കിഫ്ബി വഴി സമാഹരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇതിനായി കെ.എസ്.എഫ്.ഇ എന്‍.ആര്‍.ഐ ചിട്ടി ആരംഭിക്കും. ഈ വര്‍ഷം മാത്രം 15000 കോടി രൂപയാണ് ഇതുവഴി സമാഹരിക്കുന്നത്.

ഫലത്തില്‍ പണത്തിനുവേണ്ടി ജനങ്ങളിലേക്ക് കൈ നീട്ടാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് വ്യക്തം. നെടുമ്പാശേരി വിമാനത്താവളം നിര്‍മിക്കുന്നതിന് സ്വീകരിച്ച മാര്‍ഗത്തിന് സമാനമാണിത്. അന്ന് മുഖ്യമന്ത്രി കെ. കരുണാകരന്‍ മുന്‍കൈയെടുത്താണ് പൊതു ധന സമാഹരണം വഴി ആ മഹത്തായ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. കേരളത്തിലേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതിന് മുഖ്യമന്ത്രിമാരായ എ.കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും വ്യവസായ വകുപ്പു മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും മറ്റും സ്വീകരിച്ച നയത്തെതുടര്‍ന്നാണ് ഗ്ലോബല്‍ ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റ് (ജിം) പോലുള്ള സംരംഭങ്ങള്‍ നടത്താനായത്. 2003ല്‍ മുപ്പതിനായിരം കോടി രൂപയുടെ പദ്ധതികളാണ് കേന്ദ്രത്തിന്‍േതടക്കം, അന്ന് കേരളത്തിലേക്ക് കരാറായത്. 2012ല്‍ എമര്‍ജിങ് കേരള ഗ്ലോബല്‍ കണക്ട് എന്ന സമ്മേളനവും നടത്തി. ഐ.ടിയിലടക്കം നിരവധി വ്യവസായങ്ങള്‍ നമുക്ക് തുടങ്ങാനായി. കേരളം രാജ്യത്തെ ഒന്നാം ഡിജിറ്റല്‍ സംസ്ഥാനമായി മാറിയതിന് പിന്നില്‍ ഈ കയ്യൊപ്പുണ്ട്. നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ ഇടതു പക്ഷം നയിച്ച സ്വകാര്യവത്കരണ വിരുദ്ധ സമരം തൊഴിലവസരങ്ങള്‍ സാധ്യമാക്കുന്ന നിരവധി പദ്ധതികളെ സംസ്ഥാനത്തുനിന്ന് അകറ്റി. തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടാതെ കേരളത്തിലേക്കില്ലെന്ന് പല പ്രമുഖ വ്യവസായ സംരംഭകരും വെട്ടിത്തെളിച്ചുതന്നെ പറഞ്ഞു. കാര്‍ഷിക മേഖല തകര്‍ന്നു തരിപ്പണമായി.

ആഗോളവത്കരണ അന്തരീക്ഷത്തില്‍ തമിഴ്‌നാട്, കര്‍ണാടക പോലുള്ള പല സംസ്ഥാനങ്ങളും മുന്നോട്ടു കുതിച്ചപ്പോള്‍ യു.ഡി.എഫ് സര്‍ക്കാര്‍ ആരംഭിച്ച കിന്‍ഫ്ര, ഐ.ടി പാര്‍ക്കുകളും കൂറ്റന്‍ #ാറ്റ് സമുച്ചയങ്ങളും ഗള്‍ഫുകാരന്റെ മണിമാളികകളും മാത്രമായി കേരളം നിലച്ചുനിന്നു. അന്യസംസ്ഥാനത്തൊഴിലാളികള്‍ വരുന്നത് നിര്‍മാണമേഖലയിലേക്കാണ്. വിഴിഞ്ഞം, വല്ലാര്‍പാടം തുടങ്ങി വികസനത്തിന്റെ വന്‍ പന്ഥാവാണ് കഴിഞ്ഞ അഞ്ചുവര്‍ഷം കേരളം കണ്ടത്. മൂന്നു പതിറ്റാണ്ടിനിപ്പുറം പെട്രോളിയത്തിന്റെ വിലത്തകര്‍ച്ചയടക്കം ഗള്‍ഫില്‍ നിന്നുള്ള വാര്‍ത്തകള്‍ ശുഭകരമല്ല. സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായി തദ്ദേശീയര്‍ക്ക് തൊഴിലില്‍ മുന്‍ഗണന നല്‍കാനും വിദേശികളെ പിരിച്ചുവിടാനും ഗള്‍ഫ് രാജ്യങ്ങളില്‍ തകൃതിയായ നീക്കം നടക്കുകയാണ്.

കമ്പ്യൂട്ടറിനെയും ട്രാക്ടറിനെപോലും എതിര്‍ത്തവരുടെ പിന്‍മുറക്കാരാണ് മുതലാളിത്ത സിദ്ധാന്തത്തെ കൂട്ടുപിടിക്കുന്നതെന്നത് കൗതുകകരമാണ്. ഈ തെറ്റിന് കേരള ജനത നല്‍കേണ്ടി വന്നത് അവരുടെ ഭാവിയാണ്. റിച്ചാര്‍ഡ് ഫ്രാങ്കിയുടെയും ഗീത ഗോപിനാഥിന്റെയും നയങ്ങള്‍ സി.പി.എമ്മിനിന്ന് പഥ്യമായിരിക്കുന്നു. ലോക ബാങ്കിനെയും അന്താരാഷ്ട്ര നാണയ നിധിയെയും ലോക വ്യാപാര കരാറിനെയും ഭാരത ബന്ദു പരമ്പരകള്‍ കൊണ്ടെതിര്‍ത്ത മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ വന്നിരിക്കുന്ന മാറ്റം കോര്‍പറേഷനുകളിലേക്ക് ലോക ബാങ്ക് വായ്പ സ്വീകരിച്ചപ്പോള്‍ തന്നെ നാം കണ്ടതാണ്. ഡാമുകളിലെ മണല്‍ വിറ്റ് കേരളം ഗള്‍ഫാക്കുമെന്ന് വീമ്പിളക്കി പാളീസായ തോമസ് ഐസക്കിനെക്കുറിച്ച് ആശങ്കയുണ്ടെങ്കിലത് ന്യായമാണ്. എന്തിനും കിഫ്ബി ഒറ്റ മൂലിയുമാകരുത്. സര്‍ക്കാര്‍ ഫണ്ടിന് ചെയ്യാനുള്ളിടത്ത് അത് ചെയ്യണം. സമാഹരിക്കുന്ന പണം എവിടെ നിന്ന് തിരിച്ചു കൊടുക്കുമെന്നതിന് സര്‍ക്കാരിന് യാഥാര്‍ത്ഥ്യബോധമുണ്ടോ എന്നതിനെക്കുറിച്ച് സംശയമുണ്ട്. അഞ്ചു വര്‍ഷം കഴിയുമ്പോഴേക്കും നമ്മള്‍ വളരുമെന്നും ആ തുക കൊണ്ട് കടം വീട്ടാമെന്നുമാണ് ധനമന്ത്രി പറയുന്നത്. തൊഴിലന്തരീക്ഷവും പൊതുവായ ഇടതു പക്ഷ സമീപനവും മാറാതെ മന്ത്രിയുടെ വാക്കുകള്‍ കൊണ്ടുമാത്രം ഇത് സാധ്യമാകില്ലെന്ന് ഓര്‍മിപ്പിക്കട്ടെ.

കമ്യൂണിസ്റ്റ് നേതാവ് മാവോ സേ തുങ് പറഞ്ഞതുപോലെ പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിച്ചാല്‍ മതി. സര്‍ക്കാര്‍- സ്വകാര്യ പങ്കാളിത്തം പച്ചയായ പരമാര്‍ഥമാണിന്ന്. മൂലധനം ഒരിക്കലും ചീത്തയല്ലെന്ന് തിരിച്ചറിയാനാവാത്തതായിരുന്നു ഇന്ത്യന്‍ കമ്യൂണിസ്റ്റുകളുടെ ബലഹീനത. കിഫ്ബിയുടെ ഉപദേശക സമിതിയില്‍ വിനോദ് റോയ് അടക്കം പ്രഗത്ഭരുണ്ടെന്നത് ആശ്വാസകരമാണ്. ആ വഴിയില്‍ തന്നെയാവും ഇടതു സര്‍ക്കാരുമെന്ന് കിഫ്ബിയിലൂടെ നമുക്ക് പ്രതീക്ഷയര്‍പ്പിക്കാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി കമല്‍ഹാസന്‍

കോയമ്പത്തൂര്‍ മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുക

Published

on

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി കമല്‍ഹാസന്‍. കോയമ്പത്തൂര്‍ മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുക. ഇന്ന് നടന്ന മക്കള്‍ നീതി മയ്യം യോഗത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തേ തന്നെ അണികള്‍ പ്രവര്‍ത്തനം ശക്തമാക്കിയിരുന്നു. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം വിജയക്കൊടി പാറിക്കുമെന്നാണ് കമല്‍ഹാസന്‍ പ്രതീക്ഷിക്കുന്നതെന്ന് നേതാക്കള്‍ മുന്‍പ് അറിയിച്ചിരുന്നു. കോയമ്പത്തൂരില്‍ വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് കമല്‍ഹാസന്‍ യോഗത്തില്‍ പറഞ്ഞു.

നേരിയ വോട്ടുവ്യത്യാസത്തിലായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വാനതി ശ്രീനിവാസനോട് കമൽഹാസൻ പരാജയപ്പെട്ടത്. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ വിജയം ഉറപ്പിക്കാനുള്ള നീക്കത്തിലാണ് അണികൾ. ബൂത്തുതല സമിതികൾ ഉൾപ്പെടെ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളും സ‍ജ്ജമായി കഴിഞ്ഞു.2018-ൽ കമൽഹാസന്റെ നേതൃത്വത്തിൽ ആരംഭിച്ച മക്കൾ നീതി മയ്യം, പാർട്ടിയുടെ ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തന്നെ പരാജയം നേരിട്ടുവെങ്കിലും വോട്ട് വിഹിതം പിടിച്ചെടുക്കാൻ സാധിച്ചിരുന്നു.

 

Continue Reading

kerala

തോമസ് ഐസക്കിന് പ്രതിപക്ഷ നേതാവിന്റെ മറുപടി

ഉപഭോകൃത സംസ്ഥാനമെന്ന നിലയില്‍ കേരളം ജി.എസ്.ടിയില്‍ ഏറ്റവും കൂടുതല്‍ നേട്ടം കൊണ്ടു വരേണ്ടതായിരുന്നു.

Published

on

ജി.എസ്.ടി നടപ്പാക്കി 5 വര്‍ഷം കഴിഞ്ഞിട്ടും ഇ-വേ ബില്‍ ശരിയാകാത്തത് കൊണ്ടാണ് ഐ.ജി.എസ്.ടിയില്‍ സംസ്ഥാനത്തിന് കോടികളുടെ നികുതി നഷ്ടം ഉണ്ടായതെന്ന ശ്രീ. തോമസ് ഐസക്കിന്റെ അഭിപ്രായം എന്നെ വല്ലാതെ അമ്പരപ്പിച്ചു.

ഇ- വേ ബില്ലിന്റെ ഉപയോഗം എന്താണെന്നാണ് ആദ്യം മനസിലാക്കേണ്ടത്. 50,000 രൂപയ്ക്ക് മുകളിലുള്ള സാധനങ്ങള്‍ വാഹനങ്ങളിലൂടെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റുമ്പോള്‍ വാഹനത്തില്‍ നിര്‍ബന്ധമായും കരുതേണ്ട ഒരു ഇലക്ട്രോണിക് ട്രാന്‍സ്‌പോര്‍ട്ടിങ്ങ് ഡോക്യുമെന്റ് മാത്രമാണ് ഇ-വേ ബില്‍. (See Section 68 Read with Rule 138).

ഉപഭോകൃത സംസ്ഥാനമെന്ന നിലയില്‍ കേരളം ജി.എസ്.ടിയില്‍ ഏറ്റവും കൂടുതല്‍ നേട്ടം കൊണ്ടു വരേണ്ടതായിരുന്നു. (ഇത് മുന്‍ ധനമന്ത്രിയായിരുന്ന അങ്ങയുടെ തന്നെ വാക്കുകളാണ്) എന്നാല്‍ കഴിഞ്ഞ 6 വര്‍ഷമായി ജി.എസ്.ടി വരുമാനം വര്‍ധിപ്പിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടു.

ഐ.ജി.എസ്.ടി സെറ്റില്‍മെന്റിലൂടെ പ്രതിവര്‍ഷം ലഭിക്കേണ്ട 5000 കോടി രൂപയെങ്കിലും റിട്ടേണ്‍ ഫയലിങിലെ പിഴവ് മൂലം നഷ്ടപ്പെടുന്നുവെന്നതാണ് ഇതിന്റെ കാരണം പരിശോധിച്ചപ്പോള്‍ ബോധ്യപ്പെട്ടത്. പ്രതിപക്ഷം ചൂണ്ടിക്കാട്ടിയ ഇക്കാര്യം ധനവകുപ്പിന്റെ കീഴിലുള്ള GIFT നടത്തിയ പഠനത്തിലും എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യൂ കമ്മറ്റി റിപ്പോര്‍ട്ടിലും അടിവരയിട്ട് പറയുന്നുണ്ട്.

എങ്ങനെയാണ് GST ഒരു ഡെസ്റ്റിനേഷന്‍ ബേസ് ടാക്‌സ് സിസ്റ്റം ആകുന്നത്?

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 269 എ അനുസരിച്ച് പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അന്തര്‍ സംസ്ഥാന ചരക്കുകളുടേയും സേവനങ്ങളുടേയും വിതരണത്തിന് മേല്‍ നികുതി ചുമത്താനും പിരിക്കാനും പിരിക്കുന്ന നികുതി GST കൗണ്‍സില്‍ ശുപാര്‍ശ അനുസരിച്ച് കേന്ദ്രത്തിനും സംസ്ഥാനത്തിനും പങ്കുവയ്ക്കാനും അധികാരം നല്‍കുന്നുണ്ട്. ഇതനുസരിച്ച് അന്തര്‍ സംസ്ഥാന ചരക്കുകളുടേയും സേവനങ്ങളുടേയും വിതരണത്തിന് മേല്‍ ചുമത്താനുള്ള നികുതി നിയമമാണ് 2017 ലെ ഐ.ജി.എസ്.ടി ആക്ട് (സംയോജിത ചരക്ക് സേവന നികുതി നിയമം).

ജി.എസ്.ടി ആക്ടിലെ 10, 11, 12 ,13 വകുപ്പുകള്‍ സാധനങ്ങളുടേയും സേവനങ്ങളുടേയും Place of Supply നിര്‍വചിക്കുന്നുണ്ട്. നികുതി ചുമത്താന്‍ സാധനങ്ങളുടേയും സേവനങ്ങളുടേയും ഡെസ്റ്റിനേഷന്‍ തീര്‍ച്ചപ്പെടുത്തേണ്ടതുണ്ട്. അതിനായി സാധനങ്ങളോ സേവനങ്ങളോ വിതരണം ചെയ്തയാളും സ്വീകരിച്ചയാളും പ്രതിമാസം 3 എ റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ടേബിള്‍ 3.1 ലും ടേബിള്‍ 4 ലും കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്തണം. ഇത് ചെയ്താല്‍ മാത്രമെ 17, 18 വകുപ്പുകള്‍ അനുസരിച്ച് അര്‍ഹമായ 50% ഐ.ജി.എസ്.ടി വിഹിതം പ്രതിമാസം സംസ്ഥാനത്തിന് ലഭിക്കൂ. ഇങ്ങനെ ചെയ്തില്ലെങ്കില്‍ ഐ.ജി.എസ്.ടി പൂളില്‍ മിച്ചം വരുന്ന പണം വാര്‍ഷികമായി പകുതി കേന്ദ്രം എടുക്കുകയും ബാക്കി സംസ്ഥാനങ്ങള്‍ക്ക് വീതിച്ച് നല്‍കുകയും ചെയ്യും.

ചില സാഹചര്യങ്ങളില്‍ ജി.എസ്.ടി ബാധകമല്ലാത്ത സാധനമോ സേവനമോ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളോ വ്യക്തികളോ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് (ITC) കൃത്യമായി രേഖപ്പെടുത്താറില്ല. വന്‍തോതില്‍ സാധനങ്ങളും സേവനങ്ങളും
സംസ്ഥാനത്തേക്ക് എത്തിക്കുന്ന കേന്ദ്ര സംസ്ഥാന പൊതുമേഖല, സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍, കോമ്പോസിഷന്‍ സ്‌കീമില്‍ നികുതി ഒടുക്കുന്ന വ്യാപാരികള്‍, ബേക്കറി ഉടമകള്‍ എന്നിവരെല്ലാം ജി.എസ്.ടി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ കൃത്യമായി വിവരങ്ങള്‍ രേഖപ്പെടുത്താറില്ല. ഇതിലൂടെ സംസ്ഥാനത്തിന് അര്‍ഹമായ കോടിക്കണക്കിന് രൂപയുടെ വിഹിതം ലഭിക്കാതെ പോകുന്നു. ഈ വിഷയം ഞങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വന്നതിനെ തുടര്‍ന്ന് നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ വി.എസ്.എസ്.സി, കെ.എസ്.ഇ.ബി, കൊച്ചി മെട്രോ തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ റിട്ടേണ്‍ ഫയലിങിലെ അപാകതയെ തുടര്‍ന്ന് ഐ.ജി.എസ്.ടി വിഹിതം സംസ്ഥാനത്തിന് നഷ്ടമാകുന്നതായി കണ്ടെത്തി. എന്നാല്‍ 1000 കോടി രൂപ തിരിച്ച് പിടിക്കുകയെന്ന നടപടി മാത്രമാണ് സംസ്ഥാനം സ്വീകരിച്ചത്. വിഷയം പ്രതിപക്ഷം വീണ്ടും ഉയര്‍ത്തിക്കൊണ്ട് വന്നപ്പോള്‍ വിശദമായ സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിങ് പ്രൊസീജ്യര്‍ (SOP) ഇറക്കി കച്ചവടക്കാര്‍ക്ക് റിട്ടേണ്‍ ഫയലിങ് പരിശീലനം നല്‍കി.

ഇനി സ്വര്‍ണ്ണം പോലുള്ള ലോഹത്തിന് ഇ-വേ ബില്‍ കൊണ്ട് വന്നാല്‍ എന്ത് മാറ്റമാണ് വരുക? പേഴ്‌സണല്‍ ബാഗേജില്‍ കൊണ്ട് വരാന്‍ പറ്റുന്ന സ്വര്‍ണത്തിന്റെ കള്ളക്കച്ചവടം ഇ-വേ ബില്ലിലൂടെ തടയാന്‍ പറ്റുമോ?

ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് മൊക്കാനിസത്തിലൂടെയും സെറ്റില്‍മെന്റ് പ്രൊവിഷനുകളിലൂടെയുമാണ് ഐ.ജി.എസ്.ടി പിരിക്കേണ്ടത്. അതില്ലാത്തതു കൊണ്ടും അശ്രദ്ധ കൊണ്ടുമാണ് ഐസക്കിന്റെ കാലത്തും ഇപ്പോഴും 25000 കോടി രൂപ ഐ.ജി.എസ്.ടിയിലൂടെയും ആയിരക്കണക്കിന് കോടി രൂപ മറ്റ് നികുതി വെട്ടിപ്പിലൂടെയും കേരളത്തിന്നഷ്ടപ്പെട്ടത്. ഈ വസ്തുതയാണ് ശ്രീ. തോമസ് ഐസക്ക് മറച്ചു വയ്ക്കാന്‍ ശ്രമിക്കുന്നത്.

നികുതി പിരിവിലെ കെടുകാര്യസ്ഥതയും അശാസ്ത്രീയതയും സംബന്ധിച്ച് പ്രതിപക്ഷം നിയമസഭയിലും പുറത്തും പലതവണ നല്‍കിയ മുന്നറിയിപ്പുകള്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ കേരളത്തിന് ഇത്രമാത്രം നികുതി നഷ്ടം ഉണ്ടാകുമായിരുന്നോ?

പ്രതിപക്ഷ നേതാവിനോട് ഏഴ് ചോദ്യങ്ങള്‍ ഉന്നയിച്ചുള്ള അങ്ങയുടെ പുതിയ പോസ്റ്റും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതിനുള്ള മറുപടി പിന്നാലെ പറയാം.

Continue Reading

Health

വവ്വാലുകളുടെയും മൃഗങ്ങളുടെയും സാമ്പിൾ ശേഖരണം തുടരും

വളർത്തു മൃഗങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുന്നതോടൊപ്പം തന്നെ വന അതിർത്തിയോടു ചേർന്നതും രോഗബാധിത പ്രദേശങ്ങളിലുളളതുമായ വവ്വാലുകളിൽ നിന്നും സാമ്പിളുകൾ ശേഖരിക്കാൻ യോഗം തീരുമാനിച്ചു.

Published

on

നിപ പ്രതിരോധ പഠന നടപടികളുമായി ബന്ധപ്പെട്ട് മൃഗ സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വവ്വാലുകളുടെയും മൃഗങ്ങളുടെയും സാമ്പിൾ ശേഖരിക്കുന്നത് തുടരും. നിപ രോഗ ബാധിത പ്രദേശമായ കുറ്റ്യാടിയിലെ തൊട്ടിൽപ്പാലത്ത് നിന്നും പൈക്കളങ്ങാടിയിൽ നിന്നുമാണ് സാമ്പിളുകൾ ശേഖരിക്കുക.

കേന്ദ്രത്തിൽ നിന്നും എത്തിയ വിദഗ്ദ്ധ സംഘവും, വനം വകുപ്പും, പാലോട് കേരള അഗ്രികൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസും , ജില്ലാ മൃഗസംരക്ഷണ വകുപ്പും പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കുന്നതിനായി യോഗം ചേർന്നു.

വളർത്തു മൃഗങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുന്നതോടൊപ്പം തന്നെ വന അതിർത്തിയോടു ചേർന്നതും രോഗബാധിത പ്രദേശങ്ങളിലുളളതുമായ വവ്വാലുകളിൽ നിന്നും സാമ്പിളുകൾ ശേഖരിക്കാൻ യോഗം തീരുമാനിച്ചു. വന്യജീവികളുടെ അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്താൽ വന വകുപ്പും ജില്ലാ മൃഗ സംരക്ഷണ വകുപ്പും ചേർന്ന് പോസ്റ്റ്മോർട്ടം , സാമ്പിൾ ശേഖരണം, ശാസ്ത്രീയമായി ശവ സംസ്കരണം എന്നിവ നടത്താനും തീരുമാനിച്ചു.

കഴിഞ്ഞ ദിവസം നിപ ബാധിത പ്രദേശങ്ങളിൽ നിന്നും 10 സാമ്പിളുകളും ഈന്ത് , അടക്ക എന്നിവയും പരിശോധനയ്ക്കായി മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ചിരുന്നു.

Continue Reading

Trending