പാരീസ്: ആരടിക്കണം പെനാല്‍ട്ടി…? വിട്ടു കൊടുക്കാന്‍ ഭാവമില്ലാതെ എഡില്‍സണ്‍ കവാനി, പിന്മാറാതെ നെയ്മര്‍… അവസാനം കവാനി കിക്കെടുത്തു-ഷോട്ട് പുറത്തുമായി…! ഫ്രഞ്ച് ലീഗില്‍ ട്രോയസിനെ രണ്ട് ഗോളിന് തകര്‍ത്തെങ്കിലും പാരീസ് സെന്റ ജര്‍മന്‍ മാനേജ്‌മെന്റിന് സൂപ്പര്‍ താരങ്ങളുടെ ഈ തമ്മിലടി വലിയ തലവേദനയാവുകയാണ്. ഉറുഗ്വേക്കാരനായ സീനിയര്‍ താരം കവാനിയും ഈ സീസണില്‍ ബാര്‍സിലോണയില്‍ നിന്നും പി.എസ്.ജിയിലെത്തിയ നെയ്മറും തമ്മിലുള്ള അധികാര വടവം വലി ഇതാദ്യമല്ല. ഫ്രഞ്ച് ലീഗില്‍ ഇരുവരും തമ്മില്‍ ഒരു നാള്‍ പരസ്യ അടിപിടി ഉണ്ടായിരുന്നു. തുര്‍ന്ന് മാനേജ്‌മെന്റ് ഇടപ്പെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. വീണ്ടുമിപ്പോള്‍ അധികാരതര്‍ക്കം വന്നതോടെ മാനേജ്‌മെന്റ് പുലിവാല്‍ പിടിച്ച അവസ്ഥയിലാണ്. ഇന്നലെ പക്ഷേ പരസ്യമായി പ്രശ്‌നങ്ങള്‍ ഉണ്ടായില്ല. ഒന്നാം പകുതിയില്‍ ടീമിന് പെനാല്‍ട്ടി ലഭിച്ചപ്പോള്‍ കിക്കെടുക്കാന്‍ രണ്ടു പേരുമെത്തി. പക്ഷേ പന്തെടുത്ത് കവാനി സ്‌പോട്ടില്‍ വെച്ചു. നെയ്മര്‍ കവാനിയോട് എന്തോ സംസാരിച്ചു. ഉടന്‍ തന്നെ ടീമിന്റെ നായകന്‍ ബ്രസീലുകാരനായ തിയാഗോ സില്‍വ ഓടിയെത്തി. നെയ്മര്‍ പിന്മാറുകയും ചെയ്തു. കവാനിയെ പെനാല്‍ട്ടി ബോക്‌സില്‍ വെച്ച് ഫൗള്‍ ചെയ്തതിനായിരുന്നു സ്‌പോട്ട് കിക്ക് അനുവദിച്ചത്. മുമ്പ് ഇരുവരും തമ്മില്‍ പെനാല്‍ട്ടി കിക്കിന്റെ പേരില്‍ പരസ്യമായി ഉടക്കിയപ്പോള്‍ അത് വലിയ വാര്‍ത്തയായിരുന്നു. പിന്നീട് ടീം മാനേജ്‌മെന്റ്് തീരുമാനിച്ചത് സ്‌പോട്ട് കിക്ക് ലഭിച്ചാല്‍ ആദ്യാവസരം കവാനിക്കെന്നായിരുന്നു.
ഇന്നലെ കവാനി എടുത്ത സ്‌പോട്ട് കിക്ക് പക്ഷേ ട്രോയസ് ഗോള്‍ക്കീപ്പര്‍ മമ്മദു സമാസ മനോഹരമായി കുത്തിയകറ്റി. പക്ഷേ രണ്ടാം പകുതിയില്‍ സീസണിലെ തന്റെ പതിനഞ്ചാമത് ഗോളുമായി കവാനി പ്രായശ്ചിത്തം ചെയ്തു. നെയ്മറാണ് ടീമിന്റെ ആദ്യ ഗോള്‍ സ്‌ക്കോര്‍ ചെയ്തത്.