ന്യൂഡല്‍ഹി: പുതുച്ചേരിയിലെ നെല്ലിത്തോപ്പ് മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി നാരായണസ്വാമി വിജയിച്ചു. 11,144 വോട്ടുകളുടെ ഭൂരിപക്ഷത്തിന് എ.ഐ.എ.ഡി.എം.കെയിലെ ഓം ശക്തി ശേഖറിനെയാണ് നാരായണസ്വമി പരാജയപ്പെടുത്തിയത്. നാരായണസ്വാമിക്ക് 18,709 വോട്ടും ശേഖറിന് 7,565 വോട്ടും ലഭിച്ചു. ഇവരെ കൂടാതെ ആറ് സ്ഥാനാര്‍ത്ഥികള്‍ മല്‍സരരംഗത്തുണ്ടായിരുന്നു. മുഖ്യമന്ത്രി പദത്തെച്ചൊല്ലി കോണ്‍ഗ്രസിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ കേന്ദ്ര നേതൃത്വം ഇടപെട്ടാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാതിരുന്ന നാരായണസ്വാമിയെ മുഖ്യമന്ത്രിയായി അവരോധിച്ചത്. ജൂണ്‍ ആറിന് സത്യപ്രതിജ്ഞ ചെയ്ത അദ്ദേഹത്തിന് ഉപതെരഞ്ഞടുപ്പ് വിജയത്തോടെ തല്‍സ്ഥാനത്ത് തുടരാനാകും.