ന്യൂയോര്‍ക്ക്: സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ അമേരിക്കന്‍ ഗാനരചയിതാവ് ബോബ് ഡിലന്‍ ദിവസങ്ങളുടെ ഇടവേളക്കുശേഷം മൗനംവെടിഞ്ഞു. നൊബേല്‍ പുരസ്‌കാരം ലഭിച്ച വാര്‍ത്ത തന്നെ സ്തബ്ധനാക്കിയെന്ന് അദ്ദേഹം പറഞ്ഞു. അവാര്‍ഡ് സ്വീകരിക്കാന്‍ താന്‍ തന്നെ എത്തുമെന്നും ബ്രിട്ടീഷ് പത്രമായ ഡെയ്‌ലി ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ ഡിലന്‍ വ്യക്തമാക്കി.
പുരസ്‌കാര പ്രഖ്യാപനം ആശ്ചര്യകരവും അവിശ്വസനീയവുമായിരുന്നു. ഞാന്‍ അതിനെ അങ്ങേയറ്റം വിലമതിക്കുന്നു. ഇത് വിശ്വസിക്കാന്‍ തന്നെ പ്രയാസമാണ്. ആര്‍ക്കാണ് ഇത്തരം കാര്യങ്ങള്‍ സ്വപ്‌നം കാണാന്‍ സാധിക്കുക-അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ സംഗീത പാരമ്പര്യത്തിന് പുതിയ കാവ്യ മുഖം നല്‍കിയതു പരിഗണിച്ചാണ് ഡിലന് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം നല്‍കിയത്. ഒക്‌ടോബര്‍ 13ന് പ്രഖ്യാപനം വന്നതിനുശേഷം അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് പ്രതികരണമൊന്നുമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പെരുമാറ്റം സ്വീഡിഷ് അക്കാദമിയെ ആശയക്കുഴപ്പത്തിലാക്കി. സ്വീഡിഷ് അക്കാദമിയിലെ തന്നെ ചിലര്‍ അദ്ദേഹത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. മര്യാദയില്ലാത്തവനും അഹങ്കാരിയുമെന്നാണ് ഒരംഗം ഡിലനെ വിശേഷിപ്പിച്ചത്.