ചെന്നൈയില്‍ കേരള ബ്ലാസ്‌റ്റേര്‍സ്- ചെന്നൈന്‍ എഫ്‌സി മത്സരം കാണാനെത്തിയ ചെന്നൈ ആരാധകര്‍ തീര്‍ച്ചയായും പരസ്പരം ചോദിച്ചിട്ടുണ്ടാവും.. ‘ഇത് തങ്ങളുടെ ഹോംഗ്രൗണ്ട് തന്നെ അല്ലേ…’

പതിവായി 20,000ത്തില്‍ താഴെ ആരാധകരെത്തുന്ന ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിലേക്ക് ഇന്നലെ സൗത്തിന്ത്യന്‍ ഡര്‍ബി കാണാനെത്തിയത് 35000ഓളം പേരായിരുന്നു. ആവേശത്തേരില്‍ കേരളത്തില്‍ നിന്നുമെത്തിയ ബ്ലാസ്റ്റേര്‍സ് ആരാധക്കൂട്ടമാണ് ഗാലറി നിറച്ചത്.

ടീം ഉടമ സച്ചിന്‍ തെണ്ടുല്‍ക്കറിനെ പോലും ഈ ഫുട്‌ബോള്‍ ആവേശം ഞെട്ടിച്ചുവെന്ന് വേണം കരുതാന്‍. ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ ഇത് ബ്ലാസ്‌റ്റേര്‍സിന്റെ ഹോംഗ്രൗണ്ടാണോ അതോ ചെന്നൈയുടേതാണോ എന്നാണ് സച്ചിന്റെ ചോദ്യം.

മത്സരത്തില്‍ ജയിക്കാനായില്ലെങ്കിലും ആരാധകര്‍ക്ക് ഓര്‍മിക്കാന്‍ ഒട്ടേറെ മനോഹര നിമിഷങ്ങള്‍ സമ്മാനിക്കാന്‍ റാഫിക്കും ഹെങ്ബര്‍ട്ടിനും ഹോസുവിനുമെല്ലാമായി. കൊച്ചിയില്‍ അവസാന ഹോംമത്സരത്തില്‍ ജയിച്ച ശേഷം ഇതുവരെ തോറ്റിട്ടില്ലാത്ത ടീമിന് ഒരു മത്സരത്തിനപ്പുറം വീണ്ടും ഹോംമാച്ചിന്റെ കാലം. ഗാലറിനിറക്കാന്‍ ഇരട്ടിയാവേശവുമായി ഈ മഞ്ഞക്കടല്‍ കാത്തിരിക്കുന്നു.