ന്യൂഡല്‍ഹി: കടാലക്രമണം മല്‍സ്യബന്ധന തൊഴിലാളികളുടെ ജീവിതം ദുസ്സഹമാക്കിയെന്നും സര്‍ക്കാര്‍ അവര്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ തയ്യാറാവണമെന്നും മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സിക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.

കേരളത്തിലെ തീരദേശ മേഖലയിലാകെയും കടലെടുപ്പ് ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. പൊന്നാനി മണ്ഡലത്തിലെ അലിയാര്‍പള്ളി, മരക്കടവ്, മുറിഞ്ഞഴി, പുതുപൊന്നാനി, വെളിയങ്കോട്, അഴീക്കല്‍, തണ്ണിത്തുറ, പാല്‍പ്പെട്ടി, കപ്പിരിക്കാട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ മാറ്റിപാര്‍പ്പിക്കേണ്ടതായി വന്നു. താനൂര്‍, പരപ്പനങ്ങാടി തുടങ്ങിയ പ്രദേശങ്ങളും ശക്തമായ കടലാക്രമണത്തെയാണ് നേരിട്ടത്. മല്‍സ്യബന്ധന തൊഴിലാളികള്‍ക്ക് കടലില്‍ പോവാനാവാത്ത സ്ഥിതിയാണ് ഇവിടങ്ങളിലൊക്കെയുള്ളത്. പ്രത്യേക സാഹചര്യം പരിഗണിച്ച് മല്‍സ്യതൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം സഭയില്‍ ആവശ്യപ്പെട്ടു. ഇന്നലെ ശൂന്യവേളയില്‍ കേരളത്തിലെ കടലാക്രമണ പ്രശ്‌നം സഭയില്‍ ഉന്നയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീരദേശത്തെ നിലവിലുള്ള കടല്‍ഭിത്തികളുടെ അറ്റകുറ്റപണികള്‍ നടക്കാത്തതാണ് പ്രധാനപ്രശ്‌നം. പുതിയ കടല്‍ഭിത്തികള്‍ നിര്‍മ്മിക്കാനുള്ള അപേക്ഷ സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. അതിന്മേല്‍ ഇതുവരെ നടപടിയായിട്ടില്ല. കടല്‍ഭിത്തി നിര്‍മ്മാണം ശാസ്ത്രീയമല്ല എന്ന വിമര്‍ശനവും ഉയര്‍ന്ന് വന്നിട്ടുണ്ട്. സര്‍ക്കാറിന്റെ അടിയന്തര ശ്രദ്ധ വിഷയത്തില്‍ ഉണ്ടാവേണ്ടതുണ്ടെന്നും ഇ.ടി സഭയില്‍ പറഞ്ഞു. പുതിയ ശാസ്ത്രീയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കടലെടുപ്പ് തടയാനുള്ള പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആസൂത്രണം ചെയ്യണം. കടല്‍ഭിത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു.