തേഞ്ഞിപ്പലം: മൂന്ന് വര്‍ഷം മുമ്പ് കൈവിട്ടു പോയ കായിക കേരളത്തിന്റെ കിരീടം കല്ലടി സ്‌കൂളിന്റെ മികവില്‍ പാലക്കാടുകാര്‍ തിരിച്ചു പിടിച്ചു, സ്‌കൂള്‍ വിഭാഗത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കോതമംഗലം മാര്‍ബേസില്‍ അജയ്യരായി. അവസാന മൂന്ന് ദിനങ്ങളിലും മുന്നില്‍ നിന്ന നിലവിലെ ചാമ്പ്യന്‍മാരായ എറണാകുളത്തെ അവസാന ലാപ്പില്‍ എട്ടു പോയിന്റുകള്‍ക്ക് പിന്തള്ളിയാണ് 255 പോയിന്റുകള്‍ നേടിയ പാലക്കാട് ടീം സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന്റെ വജ്രജൂബിലി കിരീടത്തില്‍ മുത്തമിട്ടത്.

മൂന്നര ദിവസം എറണാകുളത്തിന് പിന്നില്‍ നിന്ന ശേഷമായിരുന്നു കിരീടത്തിലേക്ക്് പാലക്കാടിന്റെ സൂപ്പര്‍ ഫിനിഷിങ്. സീനിയര്‍ പെണ്‍കുട്ടികളുടെ 4-400 റിലേ മത്സരത്തില്‍ പങ്കെടുക്കാത്തതും തിങ്കളാഴ്ച്ച നടന്ന ജൂനിയര്‍ ആണ്‍കുട്ടികളുടെ 4-100 റിലേയില്‍ അയോഗ്യത വന്നതുമാണ് എറണാകുളത്തിന്റെ കിരീട സ്വപ്‌നം തകര്‍ത്തത്. 2012ല്‍ ആദ്യ കിരീടം നേടിയ പാലക്കാടിന്റെ രണ്ടാം കിരീട നേട്ടമാണിത്. എറണാകുളം 247 പോയിന്റുകള്‍ നേടി. 101 പോയിന്റുകളോടെ കോഴിക്കോട് മൂന്നാം സ്ഥാനം നിലനിര്‍ത്തി. 73 പോയിന്റുകള്‍ നേടിയ തിരുവനന്തപുരത്തിനാണ് നാലാം സ്ഥാനം.

അവസാന രണ്ടു ദിനങ്ങളില്‍ വന്‍ കുതിപ്പ് നടത്തിയ ആതിഥേയരായ മലപ്പുറം 59 പോയിന്റുകള്‍ അക്കൗണ്ടിലാക്കി അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 28 സ്വര്‍ണവും 25 വെള്ളിയും 21 വെങ്കലവുമാണ് പാലക്കാടിന്റെ താരങ്ങള്‍ നേടിയത്. എറണാകുളം 24 സ്വര്‍ണവും 31 വെള്ളിയും 20 വെങ്കലവും നേടി. കോഴിക്കോട് 12 പൊന്നണിഞ്ഞപ്പോള്‍ തിരുവനന്തപുരം, മലപ്പുറം, തൃശൂര്‍ ജില്ല ടീമുകള്‍ ഏഴു വീതം സ്വര്‍ണം അക്കൗണ്ടിലാക്കി. ഇതാദ്യമായി എല്ലാ ജില്ലകളും മെഡല്‍ പട്ടികയില്‍ ഇടം നേടിയെങ്കിലും കണ്ണൂര്‍, കാസര്‍ക്കോട്, ആലപ്പുഴ ടീമുകള്‍ക്ക് സ്വര്‍ണ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല.

ആദ്യ രണ്ടു സ്ഥാനക്കാര്‍ സെഞ്ചുറി കടന്ന സ്‌കൂള്‍ വിഭാഗം പോരില്‍ പാലക്കാട് കുമരംപുത്തൂര്‍ കല്ലടി എച്ച്.എസിന്റെ ശക്തമായ വെല്ലുവിളികള്‍ അതിജീവിച്ച്് 117 പോയിന്റുകളോടെയാണ് കോതമംഗലം മാര്‍ബേസില്‍ കിരീടം നിലനിര്‍ത്തിയത്. മാര്‍ബേസിലിന്റെ നാലാം കിരീടമാണിത്. 2009, 2011, 2015 വര്‍ഷങ്ങളിലെ കിരീടവും മാര്‍ബേസിലിനായിരുന്നു. രണ്ടാം സ്ഥാനക്കാരായ കല്ലടി 102 പോയിന്റുകള്‍ നേടി. കഴിഞ്ഞ മീറ്റിലെ തകര്‍ച്ചയില്‍ നിന്ന് കരകയറിയ മുന്‍ ചാമ്പ്യന്‍മാരായ കോതമംഗലം സെന്റ്‌ജോര്‍ജ്ജ് ഇത്തവണ 50 പോയിന്റുകള്‍ നേടി മൂന്നാം സ്ഥാനക്കാരായി മാനം കാത്തു.

പോയ വര്‍ഷത്തെ റണ്ണേഴ്‌സ് അപ്പായ പാലക്കാട് പറളി സ്‌കൂള്‍ 45 പോയിന്റില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പാലക്കാടില്‍ നിന്ന് തന്നെയുള്ള മുണ്ടൂര്‍ എച്ച്.എസിനാണ് അഞ്ചാം സ്ഥാനം (40). അവസാന ദിനം നാലു റെക്കോഡുകള്‍ കൂടി തിരുത്തപ്പെട്ടു. ജൂനിയര്‍ ഹാമര്‍ത്രോയില്‍ പറളി സ്‌കൂളിന്റെ ശ്രീവിശ്വ.എം, ജൂനിയര്‍ ഹൈജമ്പില്‍ കല്ലടി സ്‌കൂളിലെ ജിഷ്ണ.എം, സീനിയര്‍ ഹാമര്‍ത്രോയില്‍ പറളിയുടെ തന്നെ സുധീഷ്.വി.എസ്, 800 മീറ്ററില്‍ എ.എം.എച്ച്.എസ് പൂവമ്പായിയുടെ അബിത മേരി മാനുവല്‍ എന്നിവരാണ് അവസാന ദിനത്തിലെ റെക്കോര്‍ഡ് നേട്ടക്കാര്‍.