പാലാ: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ വീശിയടിച്ച പാലക്കാടന്‍ കാറ്റ് മീനച്ചിലാറിന്‍ തീരത്ത് ഏശിയില്ല. കഴിഞ്ഞ തവണ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ നഷ്ടമായ കിരീടം എറണാകുളം തിരിച്ചുപിടിച്ചു. 34 സ്വര്‍ണ്ണവും 16 വെള്ളിയും 21 വെങ്കലവുമടക്കം 258 പോയിന്റുമായാണ് എറണാകുളത്തിന്റെ കുതിപ്പ്. രണ്ടാമതെത്തിയ പാലക്കാടിന് 22 സ്വര്‍ണ്ണവും 14 വെള്ളിയും 24 വെങ്കലവുമടക്കം 185 പോയിന്റാണുള്ളത്. കോഴിക്കോട് ജില്ലയാണ് മൂന്നാം സ്ഥാനത്ത്. 8 സ്വര്‍ണ്ണവും 20 വെള്ളിയും 6 വെങ്കലവുമടക്കം 109 പോയിന്റാണ് കോഴിക്കോടിന്റെ നേട്ടം. നാലാമതെത്തിയ തിരുവനന്തപുരത്തിന് 99 പോയിന്റും ആതിഥേയ ജില്ലയായ കോട്ടയത്തിന് 5 സ്വര്‍ണ്ണവും 4 വെള്ളിയും 7 വെങ്കലവുമടക്കം 53 പോയിന്റും ലഭിച്ചു. കോട്ടയം ആറാം സ്ഥാനത്താണ്. സ്‌കൂളുകളില്‍ തുടര്‍ച്ചയായ നാലാം തവണയും കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 13 സ്വര്‍ണ്ണവും 1 വെള്ളിയും 7 വെങ്കലവുമടക്കം 75 പോയിന്റ് . പാലക്കാട് പറളിയെ മറികടന്ന് രണ്ടാമതെത്തിയ കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച്എസ്എസ്. 7 സ്വര്‍ണ്ണം 9 വെള്ളി 2 വെങ്കലമടക്കം 63 പോയിന്റ് നേടി. 7 സ്വര്‍ണ്ണവും 6 വെള്ളിയും 4 വെങ്കലവുമടക്കം 57 പോയിന്റാണ് പറളിക്കുള്ളത്.