ഭോപ്പാല്‍: ദേശീയ ജൂനിയര്‍ സ്‌കൂള്‍ കായിക മേള ഇന്ന് സമാപിക്കാനിരിക്കെ എതിരാളികളെ ബഹുദൂരം പിറകിലാക്കി കേരളം കിരീടത്തിലേക്ക്. നാലാംദിനം നേടിയ മൂന്ന് സ്വര്‍ണവും മൂന്ന് വെള്ളിയും ഒരു വെങ്കലവുമടക്കം കേരളത്തിന് ആകെ 16 മെഡലുകളായി. ആകെ 68 പോയിന്റ്. രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാടിന് 31ഉം മൂന്നാം സ്ഥാനത്തുള്ള ഉത്തര്‍പ്രദേശിന് 22ഉം പോയിന്റുണ്ട്.
4ത100 റിലേയില്‍ ഇരുവിഭാഗങ്ങളിലും റെക്കോഡു കുറിച്ച കേരളത്തിനുവേണ്ടി പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ജംപില്‍ സാന്ദ്ര ബാബുവാണ് മൂന്നാം സ്വര്‍ണം നേടിയത്. പി എസ് പ്രഭാവതി സാന്ദ്ര വെള്ളിയണിഞ്ഞു. ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ അഖില്‍ ബാബുവും വെള്ളി നേടി. പെണ്‍കുട്ടികളില്‍ അന്ന മാത്യൂ തോമസിന് വെങ്കലമുണ്ട്. നേരത്തെ പെണ്‍കുട്ടികളുടെ മൂന്ന് കിലോമീറ്റര്‍ നടത്തത്തില്‍ വെള്ളി സ്വന്തമാക്കി സാന്ദ്ര സുരേന്ദ്രനാണ് നാലാംദിനത്തില്‍ കേരളത്തിന് ആദ്യ മെഡല്‍ സ്വന്തമാക്കിയത്.