Connect with us

Video Stories

കുത്തഴിഞ്ഞു വീഴുന്ന പുരോഗമന നാട്യങ്ങള്‍

Published

on

ഇന്നേക്ക് അഞ്ചുമാസം തികയുന്ന കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിലെ ഒരു മന്ത്രിക്ക് ബന്ധു നിയമനത്തിന്റെ പേരില്‍ രാജിവെച്ചൊഴിയേണ്ടിവന്നുവെങ്കില്‍, ആദിവാസികളെ ആക്ഷേപിച്ചു പ്രസംഗിച്ചതിന് മറ്റൊരാള്‍ കടുത്ത ആരോപണം നേരിടുകയാണ്. കേരള സാംസ്‌കാരിക, പട്ടികജാതി-വര്‍ഗക്ഷേമ-നിയമ വകുപ്പു മന്ത്രിയാണ് ആരോപണ മധ്യത്തില്‍. സി.പി.എമ്മിന്റെ കേന്ദ്ര കമ്മിറ്റിയിലെ അത്യപൂര്‍വമായ ദലിത് പ്രതിനിധി കൂടിയായ എ.കെ ബാലന്‍ നിയമസഭയില്‍ കഴിഞ്ഞ പത്തൊമ്പതിനാണ് ആദിവാസിക്കുഞ്ഞുങ്ങളുടെ മരണം സംബന്ധിച്ച് ‘എണ്ണ’മെന്നും ‘ഗര്‍ഭ’മെന്നും മറ്റും പറഞ്ഞ് ആക്ഷേപിച്ചത്.

മണ്ണാര്‍ക്കാട്ടെ മുസ്‌ലിം ലീഗ് എം.എല്‍.എ അഡ്വ. എന്‍. ശംസുദ്ദീന്റെ ചോദ്യത്തിന് മറുപടി പറയവെയായിരുന്നു നാലു തവണ എം.എല്‍.എയും ഒരു തവണ എം.പിയുമായ ബാലന്റെ ഭാഗത്തുനിന്ന് വിമര്‍ശനവിധേയമായ പരാമര്‍ശമുണ്ടായത്. മുന്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതിനും തന്റെ ഭാഗം ന്യായീകരിക്കുന്നതിനുമായിരുന്നു ബാലന്റെ പരാമര്‍ശങ്ങള്‍. പ്രസംഗം കേട്ട് മന്ത്രിമാരും ഭരണകക്ഷി അംഗങ്ങളും കുലുങ്ങിച്ചിരിക്കുന്നതും പ്രതിപക്ഷം എഴുന്നേറ്റ് പ്രതിഷേധിക്കുന്നതും സ്പീക്കര്‍ ഇടപെട്ട് ശാന്തമാക്കുന്നതും നിയമസഭയുടെ വീഡിയോയിലും രേഖയിലുമുണ്ട്.

സംഭവം കഴിഞ്ഞ് രണ്ടാം ദിവസമാണ് പ്രശ്‌നത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി സാമൂഹിക മാധ്യമങ്ങള്‍ വിഷയം ഏറ്റുപിടിച്ചത്. പ്രതിപക്ഷം കഴിഞ്ഞ ദിവസം സ്പീക്കര്‍ക്ക് അവകാശ ലംഘന നോട്ടീസ് നല്‍കി. നോട്ടീസ് സംബന്ധിച്ച് സ്പീക്കര്‍ പരിശോധിച്ച് തെറ്റ് ചൂണ്ടിക്കാണിക്കട്ടെ എന്ന നിലപാടാണ് ബാലന്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നത്. രാജിവെച്ച മന്ത്രി ഇ.പി ജയരാജന്റെ കാര്യത്തിലെന്നപോലെ പ്രകടമായിരിക്കുന്ന തെറ്റ് തിരുത്താനോ മാപ്പുപറയാനോ ബാലനും ഒരുക്കമല്ലെന്നര്‍ത്ഥം. കേരളത്തിന്റെ സാംസ്‌കാരിക വകുപ്പുമന്ത്രിയാണ് സമൂഹത്തിലെ ഏറ്റവും താഴേക്കിടയില്‍ കിടക്കുന്നവരെക്കുറിച്ച് ഇങ്ങനെ പറഞ്ഞതെന്ന് കേള്‍ക്കുന്നതുതന്നെ മലയാളിക്ക് അപമാനകരമാണ്. ആദിവാസികളെയും പിന്നാക്ക ജനതയെയും സംബന്ധിച്ചുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെയും ഉത്തരവാദപ്പെട്ട സി.പി.എം നേതാവിന്റെയും സമീപനമെന്തെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണിത്

പോഷകാഹാരക്കുറവുകൊണ്ട് ആദിവാസികള്‍ സംസ്ഥാനത്ത് പ്രത്യേകിച്ചും പാലക്കാട്ടെ അട്ടപ്പാടി മേഖലയില്‍ മരണപ്പെടുന്നത് പുതിയ കാര്യമല്ല. ഇതിനെതിരെ മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അഞ്ഞൂറ് കോടി രൂപയുടെ കേന്ദ്ര-സംസ്ഥാന പാക്കേജാണ് പ്രഖ്യാപിച്ചു നടപ്പാക്കിയത്. കേരളത്തിലാകെ ശിശുമരണനിരക്ക് (ആയിരത്തില്‍) 12 ഉള്ളപ്പോള്‍ അട്ടപ്പാടിയിലത് 66 ആണ്. ഇന്ത്യയിലിത് 44 ആണെന്ന് ഓര്‍ക്കുക. ഏറെക്കാലമായുള്ള ഈ ദു:സ്ഥിതിക്ക് ഇടതുപക്ഷ സര്‍ക്കാരും ഉത്തരവാദിയാണെന്ന് പറഞ്ഞത് ഇതുസംബന്ധിച്ച് പഠനം നടത്തിയ ഇടതുപക്ഷ അനുഭാവി കൂടിയായ ഡോ. ബി. ഇഖ്ബാല്‍ ആണ്.

ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും മതിയായ പോഷകാഹാരം ലഭിക്കുന്നില്ലെന്നത് കണക്കിലെടുത്ത് അതിനായി അട്ടപ്പാടിയിലെ 192 ഊരുകളിലും സാമൂഹിക അടുക്കളകള്‍ തുറക്കാനും അവരുടെ പരമ്പരാഗത കൃഷി രീതികള്‍ വീണ്ടെടുക്കാനും യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനും ആസ്പത്രികളുടെ സൗകര്യം വര്‍ധിപ്പിക്കാനും മറ്റുമുള്ള പദ്ധതികളാണ് യു.ഡി.എഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. ഇതിനായി പ്രത്യേക ഓഫീസറെ നിയോഗിക്കുകയുമുണ്ടായി. അങ്ങനെ ആദിവാസി കുഞ്ഞുങ്ങളുടെ മരണം ഇല്ലാതായപ്പോഴാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാലു മാസങ്ങള്‍ക്കകം നാല് ശിശുമരണങ്ങള്‍ അട്ടപ്പാടിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈ കുഞ്ഞുങ്ങളുടെ ഗര്‍ഭത്തിനുത്തരവാദി താനല്ലെന്നും പ്രതിപക്ഷത്തിന്റെ ഭരണ കാലത്താണ് ഗര്‍ഭമുണ്ടായതെന്നുമായിരുന്നു മന്ത്രി ബാലന്റെ പരാമര്‍ശം. കഴിഞ്ഞ വര്‍ഷം പാലക്കാട് എം.പി എം.ബി രാജേഷ് അട്ടപ്പാടിയില്‍ നിരാഹാരം കിടന്നിട്ടും ഇപ്പോള്‍ ഇതേക്കുറിച്ച് മൗനമാണ്. ആദിവാസി ഭൂമി പ്രശ്‌നങ്ങളായ മുത്തങ്ങയും ചെങ്ങറയും അരിപ്പയും പരിഹരിക്കാന്‍ ഇടതു സര്‍ക്കാരുകള്‍ക്കായതുമില്ല.

ആദിവാസികളുടെ ക്ഷേമത്തിന് ഇടതുപക്ഷ സര്‍ക്കാരുകള്‍ ഒന്നും ചെയ്തിട്ടില്ലെന്നതിന്റെ തെളിവാണ് അട്ടപ്പാടിയിലെ അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകളിലായി വസിക്കുന്ന മുപ്പതിനായിരത്തോളം വരുന്ന ആദിവാസികളുടെ ജീവിത നിലവാരം ഇന്നും അതേപടി തുടരുന്നത്. സി.പി.എമ്മിനേക്കാള്‍ സി.പി.ഐക്കാണ് ഇവിടെ അല്‍പമെങ്കിലും സ്വാധീനമുള്ളത്. ഈ ദുരവസ്ഥ മുതലെടുക്കുന്നതിന് അടുത്തിടെ മാവോയിസ്റ്റുകളും ഇവിടം താവളമാക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ആദിവാസികളുടെയും പിന്നാക്കക്കാരുടെയും കാര്യത്തില്‍ തങ്ങളാണ് മുന്നിലെന്ന് സ്ഥാപിക്കാന്‍ സി. പി.എം എന്നും ആവേശം കാട്ടാറുണ്ട്.

എന്നാല്‍ വോട്ടിനപ്പുറം ഇതിലൊന്നും ആത്മാര്‍ഥമായ താല്‍പര്യമില്ലെന്ന് പലപ്പോഴും ആ പാര്‍ട്ടി തെളിയിച്ചിട്ടുള്ളതാണ്. സി.പി.എമ്മിന്റെ പി.ബിയില്‍ എണ്‍പത് കൊല്ലമായിട്ടും ഒരൊറ്റ ദലിതന്‍ പോലുമില്ല. കണ്ണൂരില്‍ ദലിത് യുവതികള്‍ക്കെതിരെ കള്ളക്കേസ് ചുമത്തി പിഞ്ചുകുഞ്ഞുള്‍പ്പെടെ ജയിലിട്ടതും അടുത്തിടെ ദലിത് യുവാക്കളെ പൊലീസിനെകൊണ്ട് ക്രൂരമായി മര്‍ദിച്ചതും നാം അറിഞ്ഞതാണ്. സംഘ്പരിവാറിന്റെ ദലിത് വേട്ടക്കെതിരെ പ്രചണ്ഡപ്രചാരണം നടത്തുമ്പോഴും തങ്ങളുടെ ഭരണത്തിന്‍ കീഴിലും ദലിതര്‍ക്ക് രക്ഷയില്ലെന്ന് നാള്‍ക്കുനാള്‍ തെളിയിക്കുന്നതാണ് മന്ത്രിയുടേതടക്കമുള്ള മേല്‍നിലപാടുകള്‍.

ആടും കോഴിയും കൈക്കോട്ടും വെച്ചുനീട്ടി പാര്‍ട്ടി പ്രകടനത്തിനും സമ്മേളനത്തിനും അധികാരലബ്ധിക്കുംവേണ്ടി ആളെക്കൂട്ടാനേ സി.പി.എം എന്ന തൊഴിലാളി വര്‍ഗ പാര്‍ട്ടിക്ക് ദലിതുകളെയും ആദിവാസികളെയും ആവശ്യമുള്ളൂ. ആദിവാസി മുതല്‍ നമ്പൂതിരിവരെയുള്ളവരുടെ ഉന്നമനം പറയുന്ന കേന്ദ്ര ഭരണക്കാര്‍ സവര്‍ണ താല്‍പര്യ സംരക്ഷണത്തിനപ്പുറം ഒന്നും ചെയ്യാനില്ലെന്ന് തെളിയിച്ചുകഴിഞ്ഞതാണ്. ഇതിന്റെ ചുവടുപിടിക്കുകയാണോ സി.പി.എമ്മും കേരളത്തിന്റെ പട്ടികജാതി-വര്‍ഗവകുപ്പുമന്ത്രിയുമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഗുജറാത്തില്‍ ദലിത് ചരിത്രമുന്നേറ്റത്തിന് നേതൃത്വം നല്‍കുന്ന ജിഗ്നേഷ് മേവാനിയെപോലുള്ളവര്‍ സി.പി.എമ്മിന്റെ ഈ ഇരട്ടത്താപ്പിനെതിരെ പരസ്യമായി പ്രതികരിച്ചിട്ടുണ്ട്. ജാതിയും മതവും ഇല്ലാതാക്കി തൊഴിലാളി- മുതലാളി വര്‍ഗത്തിലധിഷ്ഠിതമായ സാമൂഹിക-സാമ്പത്തിക ക്രമമാണ് കമ്യൂണിസ്റ്റുകള്‍ ലക്ഷ്യം വെക്കുന്നത്.

ഇന്ത്യയില്‍ ജാതീയതയുടെ അടിവേരുകള്‍ എത്രയോ ആഴത്തിലാണെന്ന ്തിരിച്ചറിഞ്ഞ് അതിനെ അടിസ്ഥാനമാക്കിയുള്ള നയസമീപനങ്ങളാണ് അഭികാമ്യമെന്ന് പല സാമൂഹിക വിശാരദന്മാരും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. നൂറ്റാണ്ടുകളായി ബ്രാഹ്മണ്യത്തിന്റെയും ആര്യന്മാരുടെയും നുകങ്ങളില്‍ പിടയേണ്ടിവരുന്ന ദലിത്-ആദിവാസി -പിന്നാക്ക സമുദായങ്ങള്‍ക്ക് ഊര്‍ജം പകരാന്‍ തങ്ങള്‍ക്കാവില്ലെന്നും മനസ്സില്‍ അടിഞ്ഞുകിടക്കുന്ന ബ്രാഹ്മണ്യമാണ് തങ്ങളെ ഇന്നും നയിക്കുന്നതെന്നും തുറന്നുപ്രഖ്യാപിക്കുകയുമാണ് മന്ത്രി ബാലനും അതിന് ചൂട്ടുപിടിക്കുന്ന സി.പി.എമ്മും ഇപ്പോള്‍ ചെയ്തിട്ടുള്ളത്. അത്താഴപ്പട്ടിണിക്കാരായ ആദിവാസികളുടെ കൂരയില്‍ ചെന്ന് ഒരുനേരം ചാനല്‍ കാമറകള്‍ക്കുമുന്നില്‍ ഓണസദ്യ ഒരുമിച്ചുണ്ടതുകൊണ്ടു സാക്ഷാല്‍കരിക്കാനാവില്ല ശാസ്ത്രീയ രീതിയിലുള്ള ആദിവാസി ക്ഷേമവും തൊഴിലാളി വര്‍ഗ സര്‍വാധിപത്യവും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

സിംഗപ്പൂരില്‍ വീണ്ടും കൊവിഡ്‌ തരംഗം ; ഒരാഴ്ചയ്ക്കിടെ 25,900 കേസുകള്‍, മാസ്ക് ധരിക്കണമെന്ന് നിര്‍ദേശം

അടുത്ത രണ്ടോ നാലോ ആഴ്‌ചയ്‌ക്കുള്ളിൽ കൊവിഡ് വ്യാപനം അതിന്‍റെ മൂര്‍ധന്യത്തില്‍ എത്തിയേക്കുമെന്നും മുന്നറിയിപ്പ്

Published

on

സിംഗപ്പൂരിൽ കൊവിഡ്‌ വീണ്ടും വ്യാപിക്കുന്നതായി റിപ്പോർട്ട്. മെയ് 5 മുതൽ 11 വരെ 25,900-ലധികം കേസുകൾ രേഖപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി. കൊവിഡ്‌ 19 ന്റെ ഒരു പുതിയ തരംഗമാണ് സിംഗപ്പൂരിൽ പടർന്നുപിടിക്കുന്നത്. രോഗം വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി ഓങ് യെ കുങ് അറിയിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

കൊവിഡ്‌ വ്യാപന തരംഗത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ് തങ്ങളെന്നും അടുത്ത രണ്ടോ നാലോ ആഴ്ചക്കുള്ളിൽ തരംഗം മൂര്‍ധന്യത്തില്‍ എത്തിയേക്കുമെന്നും ആരോഗ്യമന്ത്രിയെ ഉദ്ധരിച്ച് ദി സ്ട്രെയിറ്റ്സ് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു.

ദിവസേന കൊവിഡ്‌ ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം 181 ൽ നിന്ന് 250 ആയി ഉയർന്നിട്ടുണ്ട്. രോഗികളുടെ എണ്ണം ഉയർന്നതിനാൽ ആശുപത്രികളിൽ ആവശ്യമായ കിടക്കകളും മറ്റ് സൗകര്യങ്ങളും ഒരുക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ കുറക്കണമെന്നും ഗുരുതരമല്ലാത്ത രോഗികളെ വീട്ടിലേക്ക് തിരിച്ചയക്കണമെന്നും അല്ലെങ്കിൽ മൊബൈൽ ഇൻപേഷ്യന്റ് കെയർ ഡെലിവറി മോഡൽ വഴി ചികിത്സ തുടരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

60 വയസിന് മുകളിലുള്ളവർ, മറ്റ് രോഗങ്ങളാൽ വലയുന്നവർ, വയോജന പരിചരണ കേന്ദ്രങ്ങളിലെ താമസക്കാർ എന്നിവരുൾപ്പെടെ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ 12 മാസത്തിനിടെ കൊവിഡ്‌ വാക്‌സിൽ എടുക്കാത്തവർ സുരക്ഷയുടെ ഭാഗമായി ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

Health

കാലിന് ഇടേണ്ട വലിയ കമ്പി കൈയിൽ ഇട്ടു; കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്‌

കോഴിക്കോട് പയ്യാനക്കല്‍ സ്വദേശി അജിത്താണ് പരാതി നല്‍കിയിരിക്കുന്നത്.

Published

on

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സ പിഴവുണ്ടായതായി പരാതി. പൊട്ടിയ കൈയില്‍ ഇടേണ്ട കമ്പി മാറി പോയെന്നാണ് യുവാവ് നല്‍കിയ പരാതി. കോഴിക്കോട് പയ്യാനക്കല്‍ സ്വദേശി അജിത്താണ് പരാതി നല്‍കിയിരിക്കുന്നത്. പൊലീസ് അജിത്തിന്റെ മൊഴിയെടുക്കുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാഹനാപകടത്തെ തുടര്‍ന്നാണ് 24 വയസുകാരനായ അജിത്തിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ശസ്ത്രക്രിയയ്ക്ക് ശേഷം ഉണ്ടായ അസഹനീയമായ വേദനയാണ് ശസ്ത്രക്രിയയില്‍ പിഴവ് പറ്റിയെന്ന് മനസിലാക്കാന്‍ കാരണമായത്. പരാതിപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ ആവശ്യം നിരസിച്ചപ്പോള്‍ ഡോക്ടര്‍ ദേഷ്യപ്പെട്ടുവെന്നും അജിത്ത് പ്രതികരിച്ചു.

ശസ്ത്രക്രിയയ്ക്ക് വേണ്ടി ഒരാഴ്ചയോളമാണ് അജിത്ത് ആശുപത്രിയില്‍ കഴിഞ്ഞത്. പൊട്ടലുണ്ടെന്ന് നേരത്തെ തിരിച്ചറിഞ്ഞിട്ടും ശസ്ത്രക്രിയ ഒരാഴ്ചത്തേക്ക് നീട്ടുകയായിരുന്നു. മറ്റൊരു രോഗിയുടെ കമ്പിയാണ് ഡോക്ടര്‍ തന്റെ കൈയിലിട്ടതെന്നും തങ്ങള്‍ വാങ്ങി കൊടുത്ത കമ്പിയല്ല അധികൃതര്‍ ശസ്ത്രക്രിയക്കായി ഉപയോഗിച്ചതെന്നും അജിത്തിന്റെ അമ്മ പറഞ്ഞു.

ശസ്ത്രക്രിയക്കായി 3000 രൂപയുടെ ഉപകരണങ്ങള്‍ വാങ്ങി നല്‍കിയിരുന്നുന്നെങ്കിലും അതൊന്നും ഡോക്ടര്‍ ഉപയോഗിച്ചിട്ടില്ലെന്നും അജിത്തിന്റെ അമ്മ ആരോപിച്ചു. കൈ വേദന അസഹനീയമായപ്പോള്‍ അജിത്തിന് അനസ്‌തേഷ്യ നല്‍കുകയാണ് ഉണ്ടായതെന്നും അമ്മ പ്രതികരിച്ചു.

Continue Reading

Health

കോഴിക്കോട് വെസ്റ്റ് നൈല്‍ മരണം; സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ്

ബേപ്പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി തിങ്കളാഴ്ചയാണ് മരിച്ചത്.

Published

on

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പതിമൂന്നുകാരിക്ക് വെസ്റ്റ്‌നൈല്‍ സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്. ബേപ്പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി തിങ്കളാഴ്ചയാണ് മരിച്ചത്.

മരണം വെസ്റ്റ് നൈല്‍ മൂലമാണെന്ന് ഇന്നലെയാണ് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.

വൈറസ് മൂലമുണ്ടാകുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍ പനി. വെസ്റ്റ് നൈല്‍ വൈറസാണ് രോഗകാരി. ക്യൂലക്സ് കൊതുകുകളിലൂടെയാണ് ഇവ മനുഷ്യ ശരീരത്തിലേക്കെത്തുന്നത്. പക്ഷികളില്‍ നിന്ന് കൊതുകുകള്‍ വഴിയാണ് വൈറസ് മനുഷ്യരിലേക്കെത്തുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് ഈ രോഗം പകരില്ല. തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റല്‍, ഓര്‍മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

Continue Reading

Trending