ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കുടുക്കിയാല്‍ വെറുതെ വിടാമെന്ന് സിബിഐ ഉറപ്പു നല്‍കിയതായി ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജേന്ദ്ര കുമാര്‍. അരവിന്ദ് കെജ്‌രിവാളിന്റെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറിയായിരുന്ന രാജേന്ദ്ര കുമാര്‍ സര്‍വ്വീസില്‍ നിന്ന് സ്വയം വിരമിക്കലിന് നല്‍കിയ അപേക്ഷയിലാണ് കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയുടെ പീഡനത്തെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്.

ഡല്‍ഹി ചീഫ് സെക്രട്ടറിക്ക് വിആര്‍എസ് ആവശ്യപ്പെട്ട് അയച്ച കത്തിലാണ് അതീവ ഗുരുതരമായ ആരോപണങ്ങള്‍ കേന്ദ്രസര്‍ക്കാറിനും സിബിഐക്കും എതിരായി മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥിനില്‍ നിന്നും ഉയരുന്നത്. ഡല്‍ഹി മുഖ്യമന്ത്രിയുടേയും ഉദ്യോഗസ്ഥരുടേയും ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ നടത്തിയ അറസ്റ്റും പിന്നീടുണ്ടായ പീഡനങ്ങളും മനസ് മടുപ്പിച്ചെന്നാണ് രാജേന്ദ്ര കുമാര്‍ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ പറയുന്നത്.ചോദ്യം ചെയ്യലിന് ഇടയില്‍ സിബിഐ ഉദ്യോഗസ്ഥര്‍ അടിക്കടി ആവശ്യപ്പെട്ടതും പറഞ്ഞതും കെജ്‌രിവാളിനെ കുടുക്കിയാല്‍ വെറുതെ വിടാം എന്നാണ്.

അതിന് വേണ്ടിയാവും ഇത്തരത്തില്‍ അസാധാരണമായ നടപടികളിലേക്ക് സിബിഐ പോയത്. ഞാനടക്കം ഡസന്‍ കണക്കിനാളുകളെ മര്‍ദ്ദിച്ചും സമ്മര്‍ദ്ദം ചെലുത്തിയും ഡല്‍ഹി മുഖ്യമന്ത്രിയെ കുടുക്കാന്‍ ആവശ്യപ്പെട്ടു. പലര്‍ക്കും ഗുരുതരമായി പരുക്കു പറ്റി. ഇതെല്ലാം ഗവണ്‍മെന്റിലുള്ള എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ആരും ശബ്ദമുയര്‍ത്തില്ല.

ഇതേ സിബിഐക്കാരാണ് എം.കെ ബന്‍സാലിനേയും മകനേയും ആത്മഹത്യക്ക് പ്രേരിപ്പിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയും മകളും അതിന് മുമ്പേ അതിക്രമം സഹിക്കാനാവാതെ ആത്മഹത്യ ചെയ്‌തെന്നും എല്ലാര്‍ക്കും അറിയാമെന്നും കത്തില്‍ അദ്ദേഹം പറയുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന് നീതി ലഭിക്കുക എന്നത് സാധ്യമല്ലെന്നും കത്തില്‍ അദ്ദേഹം ആരോപിക്കുന്നു.