കൊച്ചി: ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതി മുറിയില്‍ നിന്നും മാധ്യമ പ്രവര്‍ത്തകരെ ഒഴിവാക്കണമെന്ന് അഭിഭാഷകര്‍. ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ ഭാരവാഹിയായ അഭിഭാഷകന്‍ ജാമ്യാപേക്ഷ പരിഗണിക്കും മുമ്പ് കോടതിയില്‍ നേരിട്ട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കണമെന്ന അഭിഭാഷകന്റെ ആവശ്യം ജസ്റ്റിസ് സുനില്‍ തോമസ് നിരസിച്ചു. അക്രഡിറ്റേഷന്‍ ഇല്ലാത്തവരാണ് കോടതിമുറിയില്‍ നിലയുറപ്പിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അഭിഭാഷകന്റെ അഭ്യര്‍ത്ഥന. അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മില്‍ ഹൈക്കോടതിയില്‍ ഏറ്റുമുട്ടല്‍ ഉണ്ടായതിന്റെ ഒന്നാം വാര്‍ഷികമാണെന്നും അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ അഭിഭാഷകര്‍ക്ക് ഉത്തരവാദിത്വമില്ലെന്നും അറിയിച്ചു. അക്രഡിറ്റേഷന്‍ ഇല്ലാത്ത മാധ്യമ പ്രവര്‍ത്തകരെ റിപ്പോര്‍ട്ടിംഗിന് അനുവദിക്കരുതെന്നും ആവശ്യം ഉന്നയിച്ചു. എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ അവരുടെ ജോലിയാണ് നിര്‍വഹിക്കുന്നതെന്നും അവരുടെ ജോലി തടയാനാവില്ലെന്നും കോടതി പ്രതികരിച്ചു. റിപ്പോര്‍ട്ടിംഗിന് കോടതിയില്‍ എത്തുന്ന മാധ്യമ പ്രവര്‍ത്തകരോട് സഹിഷ്ണുത കാട്ടുകയാണ് വേണ്ടതെന്ന് കോടതി പറഞ്ഞു. കോടതി മുറിയില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാമെന്ന് കോടതി കൂട്ടിച്ചേര്‍ത്തു.