തിരുവനന്തപുരം: മെഡിക്കല്‍ കോളജ് കോഴ വിവാദവുമായി ബന്ധപ്പെട്ട് പ്രതിരോധത്തിലായ ബിജെപി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി വീണ്ടും അഴിമതി ആരോപണം. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ തേജ്വസ്വിനി കെട്ടിടത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ട് 88 ലക്ഷം രൂപയുടെ അഴിമതി നടന്നതായാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിക്കിടയില്‍ ഇക്കാര്യം ചര്‍ച്ചാവിഷയമായിട്ടുണ്ട്. വിഷയത്തില്‍ അന്വേഷണ കമ്മീഷനെ നിശ്ചയിക്കുന്ന കാര്യം സംസ്ഥാന സമിതി യോഗം തീരുമാനിക്കുമെന്ന് പാര്‍ട്ടി നേതാക്കള്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ അറിയിച്ചു.
അതിനിടെ വീടുകള്‍ സന്ദര്‍ശിച്ച് ജനങ്ങളില്‍ നിന്ന് ഓരോ രൂപ വീതം സ്വീകരിച്ച് പാര്‍ട്ടി ഫണ്ട് സ്വരൂപിക്കാന്‍ കേന്ദ്രനേതൃത്വം സംസ്ഥാന ഘടകത്തിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ സമ്പന്നരില്‍ നിന്ന് വന്‍ തുക ഒന്നിച്ച് സംഭാവന വാങ്ങി പിരിവ് അവസാനിപ്പിച്ച നടപടി കേന്ദ്ര നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. വന്‍ തുക സംഭാവന വാങ്ങിയവര്‍ക്ക് അനുകൂലമായ പല കാര്യങ്ങളും പാര്‍ട്ടി നേതൃത്വം ചെയ്തു കൊടുത്തതായും ആരോപണമുണ്ട്.