ലിയോൺ: വിമർശകരുടെ വായടപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തലയും ബൂട്ടും ഗർജിച്ചപ്പോൾ വെയിൽസിനെതിരായ ആധികാരിക ജയത്തോടെ പോർച്ചുഗൽ യൂറോ കപ്പ് ഫൈനലിലേക്ക്. 90 മിനുട്ടിൽ ജയിക്കുന്നില്ലെന്ന കുറ്റപ്പെടുത്തലുകൾക്കിടെ സെമിഫൈലനിറങ്ങിയ പറങ്കിപ്പടക്ക് ഇന്നലെ സർവം ക്രിസ്റ്റ്യാനോ മയമായിരുന്നു. 50-ാം മിനുട്ടിൽ ഒരാൾപ്പൊക്കം ഉയർന്നുചാടിയുള്ള തകർപ്പൻ ട്രേഡ് മാർക്ക് ഹെഡ്ഡറിലൂടെ ഗോൾ. രണ്ട് മിനുട്ടുകൾക്കുള്ളിൽ നാനിക്ക് വലയിലേക്ക് വഴിതിരിച്ചുവിടാൻ പാകത്തിൽ അസിസ്റ്റ്. ആദ്യമായി യോഗ്യത നേടിയ യൂറോ കപ്പിൽ തന്നെ സെമിഫൈനൽ വരെ മുന്നേറിയ വെയിൽസിന്റെ അത്ഭുതക്കുതിപ്പ് വിരാമമിട്ട ക്രിസ്റ്റ്യാനോ, റയൽ മാഡ്രിഡിലെ സഹതാരം ഗരത് ബെയ്‌ലുമായുള്ള ശീതയുദ്ധത്തിൽ വിജയിച്ചു; ഒപ്പം യൂറോ കപ്പിൽ ഏറ്റവുമധികം ഗോളെന്ന (ഒമ്പത്) റെക്കോർഡിൽ മിഷേൽ പ്ലാറ്റിനിക്കൊപ്പമെത്തുകയും ചെയ്തു.
റൊണാൾഡോയും ബെയ്‌ലും തമ്മിലുള്ള അങ്കം എന്നതായിരുന്നു കിക്കോഫിനു മുമ്പ് പോർച്ചുഗൽ – വെയിൽ പോരാട്ടത്തെപ്പറ്റിയുള്ള വിശേഷണം. ആരോൺ റംസി, ബെൻ ഡേവിസ് എന്നീ പ്രമുഖരുടെ സേവനം നഷ്ടമായിട്ടും തുടക്കം മുതൽ വെയിൽസ് റാങ്കിങിലും താരപ്പൊലിമയിലും തങ്ങളേക്കാൾ മുന്നിലുള്ള എതിരാളികൾക്കൊപ്പം നിന്നു. പരിക്കിന്റെ പിടിയിലുള്ള ഡിഫന്റർ പെപെയെ പോർച്ചുഗൽ കളിപ്പിച്ചിരുന്നില്ല.
എതിർനിരയിലേക്ക് ഇരച്ചുകയറുന്നതിനു പകരം ബോക്‌സിനു പുറത്തുനിന്ന് ഭാഗ്യം പരീക്ഷിക്കുന്ന തന്ത്രം ഇരുടീമുകളും ഒരേപോലെ പയറ്റിയപ്പോൾ കളി മധ്യനിരയിൽ ഒതുങ്ങിനിന്നു. പോർച്ചുഗൽ നിരയിൽ ക്രിസ്റ്റിയാനോയുടെയും ജോ മരിയോയുടെയും മിന്നലാട്ടങ്ങൾ ആവേശം പകർന്നപ്പോൾ മറുവശത്ത് ബെയ്ൽ ഏറെക്കുറെ ഒറ്റക്കാണ് അങ്കം നയിച്ചത്.
15-ാം മിനുട്ടിൽ ഇടതുബോക്‌സിൽ നിന്നുള്ള മരിയോയുടെ ഷോട്ട് വലതുപോസ്റ്റിനു പുറത്തുകൂടി പുറത്തുപോയി. തൊട്ടടുത്ത മിനുട്ടിൽ തന്ത്രപരമായ കോർണർ കിക്കിനൊടുവിൽ ബോക്‌സിനുള്ളിൽ നിന്നുള്ള ബെയ്‌ലിന്റെ കരുത്തുറ്റ ഷോട്ട് ബാറിനു മുകളിലൂടെ പറന്നു. പ്രതിരോധത്തെ വലച്ച് പന്തുമായി ഓടിക്കയറിയ ബെയ്ൽ തൊടുത്ത ലോങ് റേഞ്ചർ പോർച്ചുഗീസ് കീപ്പർ റുയ് പാട്രിഷ്യോയുടെ നേർക്കായത് വെയിൽസിന്റെ ദൗർഭാഗ്യമായി. ആദ്യപകുതിയിൽ ലക്ഷ്യത്തിലേക്ക് തൊടുക്കപ്പെട്ട ഒരേയൊരു ശ്രമം ഇതായിരുന്നു. രണ്ടാം ബോക്‌സിൽ നിന്ന് റൊണാൾഡോക്ക് വായുവിൽ അവസരം ലഭിച്ചെങ്കിലും പന്ത് ഉയരത്തിലാണ് പറന്നത്.
രണ്ടാം പകുതി തുടങ്ങി എട്ടു മിനുട്ടിനകം പോർച്ചുഗൽ സമനിലക്കെട്ട് പൊട്ടിച്ചു. കോർണർ കിക്കിനെ തുടർന്ന് ഇടതുവിങിൽ നിന്ന് റാഫേൽ ഗെറോറോ ഉയർത്തി നൽകിയ പന്ത്, തന്ത്രപൂർവം ചാടിയുയർന്ന് ക്രിസ്റ്റ്യാനോ വലയിലേക്ക് ഹെഡ്ഡ് ചെയ്തിടുകയായിരുന്നു. സൂപ്പർതാരത്തെ മാർക്ക് ചെയ്യുന്നതിൽ വെൽഷ് പ്രതിരോധത്തിന് പിഴച്ചപ്പോൾ സ്വതന്ത്രനായി ഉയർന്നുചാടിയ ക്രിസ്റ്റിയാനോ ക്ലോസ്‌റേഞ്ചിൽ നിന്ന് ഗോൾകീപ്പറെ കീഴടക്കി. (1-0).
അപ്രതീക്ഷിതമായി വഴങ്ങിയ ഗോളിന്റെ ആഘാതത്തിൽ നിന്ന് മോചിതരാവും മുമ്പ് വെയിൽസ് വീണ്ടും ഞെട്ടി. ബോക്‌സിനു പുറത്തുനിന്ന് ഗോൾലക്ഷ്യം വെച്ച് ക്രിസ്റ്റിയാനോ തൊടുത്ത ഷോട്ടിൽ അവസാന നിമിഷം ചാടിവീണ് കാൽവെച്ച നാനിയാണ് രണ്ടാം ഗോൾ നേടിയത്. ക്രിസ്റ്റ്യാനോയുടെ ഷോട്ട് കണക്കാക്കി വെൽഷ് കീപ്പർ വെയ്ൻ ഹെന്നസ്സി വലതുഭാഗത്തേക്ക് ഡൈവ് ചെയ്തപ്പോൾ നാനിയുടെ ഇടപെടലിൽ പന്ത് വലയിലെത്തി (2-0).
ലീഡ് വർധിപ്പിക്കാൻ പോർച്ചുഗലിന് തുടർന്നും അവസരം ലഭിച്ചെങ്കിലും ഹെന്നസ്സിയുടെ സേവുകളും വെൽഷ് പ്രതിരോധത്തിന്റെ മികവും വിലങ്ങായി. മറുവശത്ത് മൈതാനം നിറഞ്ഞുകളിച്ച ബെയ്ൽ കരുത്തൻ ഷോട്ടുകളിലൂടെ പരീക്ഷിച്ചെങ്കിലും റുയ് പാട്രിഷ്യോയെ കീഴടക്കാനായില്ല.
അഞ്ച് തവണ സെമിഫൈനൽ കളിച്ച പോർച്ചുഗൽ രണ്ടാം തവണയാണ് ഫൈനലിൽ പ്രവേശിക്കുന്നത്. 2004-ൽ ക്രിസ്റ്റ്യാനോ ഉൾപ്പെട്ട പോർച്ചുഗൽ ഫൈനലിലെത്തിയിരുന്നെങ്കിലും ഗ്രീസിനോട് തോൽക്കുകയായിരുന്നു.