ഗാന്ധിനഗര്‍: രാജിവെച്ചില്ലെങ്കില്‍ പുറത്താക്കേണ്ടി വരുമെന്ന സുപ്രീംകോടതി മുന്നറിയപ്പിനെ തുടര്‍ന്ന് ഗുജറാത്ത് ഡി.ജി.പി പി.പി പാണ്ഡെ സ്ഥാനമൊഴിഞ്ഞു. 2004ലെ ഇഷ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിയാണ് പാണ്ഡെ. ജാമ്യം നേടി പുറത്തു നില്‍ക്കവെയാണ് ഗുജറാത്ത് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം അദ്ദേഹത്തെ ഡി.ജി.പിയായി നിയമിച്ചിരുന്നത്.

നിയമനത്തിനെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിക്കവെയായിരുന്നു പുറത്തു പോകാനുള്ള കോടതി നിര്‍ദേശം. ഇന്ന് കേസ് പരിഗണിക്കവെ, പാണ്ഡെ സ്ഥാനമൊഴിയാന്‍ തയാറാണെന്ന് ഗുജറാത്ത് സര്‍ക്കാറിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. പിന്‍ഗാമിക്കു വേണ്ടിയുള്ള കൂടിയാലോചനകള്‍ നടന്നുവരികയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാര്‍ അധ്യക്ഷനും ഡി.വൈ ചന്ദ്രചൂഢ് അംഗവുമായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
കഴിഞ്ഞ ഏപ്രിലിലാണ് അദ്ദേഹത്തെ ഡി.ജി.പിയാക്കി നിയമിച്ചിരുന്നത്. അഡീഷണല്‍ ചാര്‍ജ് മാത്രമാണ് പാണ്ഡെക്കുള്ളത് എന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. ജനുവരി 31ന് വിരമിക്കേണ്ടിയിരുന്ന ഇദ്ദേഹത്തിന് മൂന്നു മാസം കൂടി സമയം നീട്ടി നല്‍കുകയായിരുന്നു. ആറു മാസം കൂടി തസ്തികയില്‍ നീട്ടി നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് അനുമതി ചോദിച്ചിരുന്നതായും മന്ത്രാലയം മൂന്നു മാസം അനുമതി നല്‍കിയിരുന്നതായും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
മുംബൈ മുന്‍ പൊലീസ് കമ്മീഷണര്‍ ജൂലിയോ ഫ്രാന്‍സിസ് റിബറിയോ ആണ് പാണ്ഡെയുടെ നിയമനത്തിനെതിരെ കോടതിയെ സമീപിച്ചിരുന്നത്. മാര്‍ച്ച് 31ന് ഹര്‍ജി പരിഗണിക്കവെ പാണ്ഡെയ്ക്ക് സര്‍വീസില്‍ കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കിയതില്‍ വിശദീകരണം നല്‍കണമെന്ന് കോടതി ഗുജറാത്ത് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. പ്രമാദമായ ഇഷ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ നടക്കുന്ന വേളയില്‍ സംസ്ഥാന ക്രൈംബ്രാഞ്ച് മേധാവിയായിരുന്നു പാണ്ഡെ.
കേസില്‍ പ്രതി ചേര്‍ത്ത് സി.ബി.ഐയാണ് പാണ്ഡെയെ കസ്റ്റഡിയിലെടുത്തിരുന്നത്. ജാമ്യത്തിലിറങ്ങിയ അദ്ദേഹത്തെ 2015 ഫെബ്രുവരിയില്‍ അഴിമതി വിരുദ്ധ ബ്യൂറോ ഡയറക്ടാറാക്കിയാണ് പൊലീസ് സേനയിലേക്ക് തിരികെ കൊണ്ടുവന്നത്.
മുതിര്‍ന്ന ഉദ്യോഗസ്ഥരായ ഗീതാ ജോഹ്്‌റി, പ്രമോദ് കുമാര്‍ എന്നിവരില്‍ ആരെങ്കിലും ഒരാള്‍ അടുത്ത ഡി.ജി.പിയായി ചുമതലയേല്‍ക്കുമെന്നാണ് സൂചന. സുഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ പ്രതിയായിരുന്നു ജോഹ്‌റി. പിന്നീട് ഇവരുടെ മേലുള്ള കുറ്റം എടുത്തുകളഞ്ഞു.