ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെയും എഴുത്തുകാരന്‍ കല്‍ബുര്‍ഗിയെയും വെടിവെച്ചത് ഒരേ തോക്ക് ഉപയോഗിച്ചാണെന്ന് കണ്ടത്തല്‍. ഫോറന്‍സിക് റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച് ചൂണ്ടിക്കാട്ടുന്നത്. ഗൗരി ലങ്കേഷിന്റെ കൊലപാതകം അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനു മുമ്പാകെ സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലബോറട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നിര്‍ണായക വിവരം. ഇരുവരെയും വധിച്ചത് ഒരേ ശക്തികളാണെന്ന വാദത്തെ സ്ഥിരീകരിക്കുന്നതാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്.