ഹൈദരാബാദ്: സൈന നെഹ്‌വാള്‍ തന്റെ അക്കാദമി വിട്ടു പോയതില്‍ ഏറെ വേദനിച്ചിട്ടുണ്ടെന്ന് മുന്‍ കോച്ച് ഗോപീചന്ദ്. ‘ഡ്രീംസ് ഓഫ് എ ബില്യണ്‍: ഇന്ത്യ ആന്‍ഡ് ദ ഒളിമ്പിക്‌സ് ഗെയിംസ്’ എന്ന പുസ്തകത്തിലാണ് ഗോപീചന്ദ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. സൈന അക്കാദമി വിട്ട് പ്രകാശ് പദുകോണ്‍ അക്കാദമിയിലേക്കു കൂടുമാറിയപ്പോള്‍ പ്രകാശ് പദുകോണ്‍ എന്തുെകാണ്ട് ഇടപെട്ടില്ല എന്നതാണ് ഗോപീചന്ദിനെ വിഷമിപ്പിച്ചത്.
”പ്രകാശ് പദുകോണിനും വിമല്‍കുമാറിനും സൈനയോട് സംസാരിക്കാമായിരുന്നു. അവര്‍ എന്തുെകാണ്ടാണ് അത് ചെയ്യാഞ്ഞതെന്നറിയില്ല. മറിച്ച് ഹൈദരാബാദ് വിടാന്‍ അവളെ േപ്രരിപ്പിക്കുകയാണവര്‍ ചെയ്തത്. ഞാന്‍ ആരാധനയോടെ കാണുന്ന പ്രകാശ് സര്‍ എന്നെക്കുറിച്ച് അവളോട് നല്ലവാക്ക് പറയാതിരുന്നത് എന്തുകൊണ്ടാണെന്ന് ഇന്നും എനിക്കറിയില്ല” -‘ബിറ്റര്‍ റൈവല്‍റി’ എന്ന അധ്യായത്തില്‍ ഗോപീചന്ദ് പറയുന്നു.
”പ്രിയപ്പെട്ടത് എന്തോ എടുത്തുമാറ്റുന്നതുപോലെയായിരുന്നു സൈനയുടെ വിട്ടുപോകല്‍. എനിക്കൊപ്പം തുടരാന്‍ അന്ന് യാചിച്ചു. എന്നാല്‍, മറ്റാരൊക്കെയോ ചേര്‍ന്ന് അവളുടെ മനസ്സ് മാറ്റിയിരുന്നു” -ഗോപി പറയുന്നു. അക്കാദമിയില്‍ കൂടെയുണ്ടായിരുന്ന പി.വി. സിന്ധുവിന്റെ കാര്യത്തില്‍ ഗോപി കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നുവെന്ന് കണ്ടാണ് 2014ലെ ലോക ചാമ്പ്യന്‍ഷിപ്പിനുശേഷം ഗോപീചന്ദിന്റെ ഹൈദരാബാദിലെ അക്കാദമി വിട്ട് സൈന ബംഗളൂരു പ്രകാശ് പദുകോണ്‍ അക്കാദമിയില്‍ മലയാളിയായ വിമല്‍കുമാറിനു കീഴില്‍ പരിശീലനം ആരംഭിച്ചത്.