കെ.പി ജലീല്‍

ഹിന്ദുത്വം മതമല്ലെന്നും ‘ഒരു ജീവിത രീതി’ യോ ‘മാനസികാവസ്ഥ’യോ ആണെന്നും ഹിന്ദു മൗലിക വാദമായി അതിനെ കണക്കാക്കാനാവില്ലെന്നുമുള്ള സുപ്രീം കോടതി ബെഞ്ചിന്റെ പഴയ വിധി പുന:പിശോധിക്കുന്നില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരിക്കയാണ്. ഹിന്ദുമതം എന്ന ഒന്നില്ലെന്നും മതത്തെക്കുറിച്ച് നിര്‍വചിക്കാന്‍ കോടതി ഉദ്ദേശിക്കുന്നില്ലെന്നും ഏഴംഗ ഭരണഘടനാ ബെഞ്ചാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ഇതിനര്‍ത്ഥം തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ആരെങ്കിലും ഹിന്ദുമതവുമായി ബന്ധപ്പെട്ട വിഷയം പരാമര്‍ശിച്ചാലത് നിയമ വിരുദ്ധമാകുന്നില്ല എന്നതാണ്. 1995 ഡിസംബര്‍ 11നാണ് ജസ്റ്റിസ് ജെ.എസ് വര്‍മ ഇത്തരമൊരു വിധി പ്രസ്താവിച്ചത്.

സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദും മറ്റും ഈ വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ഉന്നത നീതിപീഠത്തിന്റെ പുതിയ പരാമര്‍ശങ്ങള്‍. രാജ്യത്തെ മുസ്്‌ലിംകളും പട്ടികജാതി -പട്ടിക വര്‍ഗക്കാരുമെല്ലാം ഈ ഹിന്ദുത്വ ജീവിത രീതിയോട് താദാത്മ്യം പ്രാപിച്ചുവെന്നാണോ എന്നും ഹര്‍ജിയില്‍ ആരായുകയുണ്ടായി. ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന മതേതരത്വത്തിന്റെ ലംഘനം കൂടിയാണ് ഈ വ്യാഖ്യാനമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇന്ത്യ, ഹിന്ദ് തുടങ്ങിയ പദങ്ങളൊക്കെ വടക്കു പടിഞ്ഞാറന്‍ ഇന്ത്യയിലെ സിന്ധു നദിയില്‍ നിന്ന് ഉല്‍ഭവിച്ചവയാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ബി.സി 2600നും 1900നും ഇടയില്‍ നിലനിന്നിരുന്ന സിന്ധു നദീ തട സംസ്‌കാരത്തില്‍ നിന്നാണ് ഈ പേരുണ്ടായതെന്ന് ഏതാണ്ടെല്ലാ ചരിത്രകാരന്മാരും സമ്മതിക്കുന്നതുമാണ്. ഉപ ദ്വീപായ ഒരു ഭൂ പ്രദേശത്തിന്റെ അതിര്‍ത്തി പ്രദേശത്തുള്ള ഈ സംസ്‌കാരമാണ് ഏറ്റവും പുരാതന സംസ്‌കാരങ്ങളിലൊന്നായി കണക്കാക്കുന്നത്. സിന്ധു നദിയുടെ തീരത്തുണ്ടായിരുന്ന ഹാരപ്പ, മോഹന്‍ജെദാരോ എന്നീ പുരാതന പട്ടണങ്ങളില്‍ വസിച്ചിരുന്ന വലിയൊരു ഭാഗം വന്‍ പ്രളയത്തെതുടര്‍ന്ന് നശിച്ചെന്നും തുടര്‍ന്ന് അവരില്‍ ചിലര്‍ സമതലത്തിലേക്ക് കുടിയേറിയെന്നുമാണ് പറയപ്പെടുന്നത്.

അന്നു വരെ ഇന്ത്യയില്‍ ഒരു ജനതയുണ്ടായിരുന്നുവെന്നും അവര്‍ക്കൊരു സംസ്‌കാരമുണ്ടായിരുന്നുവെന്നും പലരും രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇതിനെ അട്ടിമറിച്ചുകൊണ്ട് വടക്കുനിന്ന് കുടിയേറി വന്ന യൂറോപ്യന്‍ വംശജരായ ആര്യന്മാരാണ് ഹിന്ദുക്കളെന്ന് നരവംശ ശാസ്ത്രജ്ഞരും ചരിത്രകാരന്മാരും മറ്റും സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. എങ്കിലും പൊതുവെ സിന്ധു നദിയുമായി ബന്ധപ്പെട്ട പേരാണ് ഇന്ത്യക്ക് ലഭിച്ചത്. രാജ്യത്തിന്റെ ഭരണഘടന തയ്യാറാക്കിയവര്‍ രാജ്യത്തെ ഇന്ത്യയെന്നും ഭാരതമെന്നും എഴുതിച്ചേര്‍ത്തത് അതുമൂലമാണ്. അതേസമയം ഇന്ത്യക്ക് മാത്രമായി ഒരു മതമുണ്ടെന്നും അത് ഹിന്ദുമതമാണെന്നും സനാതന ധര്‍മമാണ് അതെന്നും ചിലര്‍ പറയുന്നു. ഈ വാദത്തിന് ബലം കിട്ടുന്നത് ദേശീയ പ്രസ്ഥാനം ശക്തി പ്രാപിച്ചതോടെയായിരുന്നു. ഇസ്‌ലാം, ക്രിസ്ത്യന്‍ തുടങ്ങിയ സെമറ്റിക് മതങ്ങളെ അപേക്ഷിച്ച് ഹിന്ദുമതത്തിന് വ്യക്തമായ ഒരു ഗ്രന്ഥമോ പ്രവാചകനോ അനുയായികളോ ഇല്ല.

ലോകാ സമസ്‌തോ സുഖിനോ ഭവന്തു, വസുദൈവ കുടുംബകം എന്നൊക്കെ അടിസ്ഥാന ആശയങ്ങളായി പറയുമ്പോഴും ചാതുര്‍വര്‍ണ്യം, സതി, തൊട്ടുകൂടായ്മ തുടങ്ങിയ അപരിഷ്‌കൃതമായ അനുഷ്ഠാന-ആചാരങ്ങള്‍ ഹിന്ദുമതത്തിന്റെ ഭാഗമായി നിലനിന്നിരുന്നു. ബ്രാഹ്മണിസമാണ് അതിന്റെ മുഖമുദ്ര. ശ്രീകൃഷ്ണന്‍, ശ്രീരാമന്‍, വിഷ്ണു, ശിവന്‍ തുടങ്ങിയ ഒട്ടനവധി ദൈവങ്ങളാണ് ഹിന്ദു മതത്തിലുള്ളത്. ഒരു മതത്തിന്റേതായ ഒട്ടുമിക്ക ലക്ഷണങ്ങളും ഹിന്ദു മതത്തിനുള്ളപ്പോള്‍ സുപ്രീം കോടതി വിധിയില്‍ പക്ഷേ ഇപ്പോഴും അതൊരു ജീവിത രീതി മാത്രമാണെന്ന് പറഞ്ഞുവെക്കുകയാണ്. ഇന്ത്യയില്‍ ഇന്നുള്ള എല്ലാ ജീവിത രീതികളെയുമാണ് കോടതി ഹിന്ദുത്വ എന്ന നിര്‍വചനത്തില്‍ ഉള്‍പെടുത്തിയിരിക്കുന്നത്.

ബി.ജെ.പിയുടെയും ശിവസേനാ നേതാവ് ബാല്‍താക്കറെ അടക്കമുള്ളവരുടെ വാദങ്ങള്‍ പരിഗണിച്ചുകൊണ്ടായിരുന്നു ജസ്റ്റിസ് വര്‍മയുടെ വിധി. ഇതിനെ ഇന്ത്യയുടെ ഭരണഘടനയില്‍ പറയുന്ന ഒരു മതേതരമായ വീക്ഷണ കോണില്‍ നിന്നുകൊണ്ട് അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്.
പ്രശ്‌നം ഇവിടെ മാത്രമല്ല. മതപരമായ വിഷയങ്ങള്‍ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത് രാജ്യത്തിന്റെ മതേതരത്വ സ്വഭാവത്തിന് ക്ഷതമേല്‍പിക്കുന്നതാണെന്ന് ജസ്റ്റിസ് ജീവന്‍ റെഡ്ഡി കഴിഞ്ഞ വര്‍ഷം നല്‍കിയ വിധിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത് ഓര്‍ക്കുക. 1951ലെ ജന പ്രാതിനിധ്യനിയമ പ്രകാരം തെരഞ്ഞെടുപ്പില്‍ മതേതരത്വത്തിന് വിധേയമല്ലാത്ത മതപരവും സാമുദായികവുമായ പ്രസ്താവനകളും പ്രസംഗങ്ങളും നടത്തുന്നത് ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ടു നേടുന്നതായി കണക്കാക്കണമെന്ന് പറയുന്നുണ്ട്.

ഇതിന് തടസ്സമാകുകയാണ് ഫലത്തില്‍ സുപ്രീം കോടതി വിധികളും പരാമര്‍ശങ്ങളും. മറ്റു മതങ്ങളുടെ കാര്യത്തില്‍ അവ മതങ്ങളല്ലെന്ന് ഇപ്പോഴും സുപ്രീം കോടതി പറയാത്ത സ്ഥിതിക്ക്, ഹിന്ദു വികാരം ഇളക്കിവിടുന്നതിന് ആരെങ്കിലും ശ്രമിച്ചാല്‍ നിയമപ്രകാരം കുറ്റം പറയാനാവാത്ത അവസ്ഥയാണുണ്ടായിട്ടുള്ളത്. ഇന്നത്തെ ഇന്ത്യന്‍ അവസ്ഥയില്‍ ബി.ജെ.പി പ്രതിനിധാനം ചെയ്യുന്ന തീവ്ര ഹിന്ദുത്വം വലിയ ഭീഷണിയായി നിലനില്‍ക്കുമ്പോഴാണ് കോടതി വിധി പ്രസക്തമാകുന്നത്. 1995ലെ വിധിയെയും പുതിയ കോടതി പരാമര്‍ശത്തെയും ബി.ജെ.പിയും ആര്‍.എസ്.എസും പ്രതിനിധാനം ചെയ്യുന്നവര്‍ സ്വാഗതം ചെയ്യുന്നതിന്റെ കാരണം മറ്റൊന്നുമല്ല. ഹിന്ദു മഹാസഭാ നേതാവായിരുന്ന വി.ഡി സവര്‍ക്കര്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്നു വാദിച്ചയാളാണ്. വംശീയവും സാംസ്‌കാരികവും രാഷ്ട്രീയവുമായ വ്യക്തിത്വമാണ് ഹിന്ദുത്വമെന്നും സവര്‍ക്കര്‍ പറയുന്നു.

 

ഇന്ത്യയിലെ എല്ലാ മതങ്ങളും ഹിന്ദുത്വത്തിന് കീഴില്‍ വരുന്നുവെന്നും അദ്ദേഹം വാദിച്ചിരുന്നു. ഇതുതന്നെയാണ് ഇപ്പോള്‍ സംഘപരിവാറിന്റെ വക്താക്കളും പറഞ്ഞുകൊണ്ടിരിക്കുന്നത്. ഒരു പടി കൂടി കടന്നുകൊണ്ട് ഇന്ത്യന്‍ ദേശീയത തന്നെ ഹിന്ദുത്വ ദേശീയതയാമെന്നും ഹിന്ദുത്വ ജീവിത രീതി ആശ്ലേഷിച്ചവര്‍ക്കു മാത്രമേ ഇന്ത്യാ രാജ്യത്ത് ജീവിക്കാന്‍ അവകാശമുള്ളൂവെന്നും ഇവര്‍ ആണയിടുന്നു. ഇന്ത്യയുടെ വിഭജനത്തിലേക്ക് എത്താന്‍ ഹിന്ദു-മുസ്്‌ലിം വികാരം ഊതിക്കത്തിക്കുന്ന സവര്‍ക്കറുടെ വിചാരധാര സഹായകമായിരുന്നുവെന്ന് ചരിത്രം പറഞ്ഞു തരുന്നുണ്ട്. മതത്തേക്കാളുപരി ഹിന്ദുത്വത്തിന് രാഷ്ട്രീയ അസ്തിത്വം നല്‍കാനായിരുന്നു സ്വാതന്ത്ര്യ സമരകാലത്ത് സവര്‍ക്കര്‍ നടത്തിയ യജ്ഞം. ആര്‍. എസ്.എസ് തലവന്‍ ഗോള്‍വര്‍ക്കറാകട്ടെ മറ്റു മതക്കാരെ രാജ്യത്തുനിന്ന് തുടച്ചുനീക്കണമെന്ന ആശയമാണ് മുന്നോട്ടുവെച്ചത്.

 
സുപ്രീം കോടതി വിധിയെ പ്രകീര്‍ത്തിച്ച് ആര്‍. എസ്.എസ് മുഖപത്രമായ ഒര്‍ഗനൈസര്‍ 1995ല്‍ തന്നെ ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി. ഇന്നത്തെ ഇന്ത്യന്‍ സാമൂഹികാവസ്ഥയില്‍ ഹിന്ദുമതത്തെ ഹിന്ദുത്വത്തിന്റെ വക്താക്കളായ സംഘപരിവാറുകാര്‍ കീഴടക്കിയിരിക്കുകയാണ്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്നും മറ്റുള്ള മതക്കാരെ നാടുകടത്തണമെന്നും വരെ പലരും ആവശ്യപ്പെട്ടുവരുന്ന സന്ദര്‍ഭത്തിലാണ് ഉന്നത നീതി പീഠത്തിന്റെ വിധികള്‍ ചോദ്യം ചെയ്യപ്പെടുന്നത്. ടീസ്റ്റയും മറ്റും ഉദ്ദേശിച്ചതും ഇതുതന്നെയാണ്. 1995ലെ വിധിയിലെ വിനാശകരമായ അനന്തര ഫലങ്ങളായിരുന്നു ഹര്‍ജിക്കാര്‍ ചൂണ്ടിക്കാണിച്ചത്.
രാജ്യത്തെ പട്ടികജാതി പട്ടികവര്‍ഗക്കാരും ദലിത്-പിന്നാക്ക സമുദായങ്ങളും സിഖ്്, മുസ്്‌ലിം, ക്രിസ്ത്യന്‍, ബുദ്ധ, ജൈന മതക്കാരുമൊക്കെ പിന്തുടര്‍ന്നുപോരുന്ന വ്യതിരിക്തമായ മതാനുഷ്ഠാനങ്ങളും ആചാരങ്ങളുമെല്ലാം ഹിന്ദുത്വത്തിന്റെ ഭാഗമാണെന്നാണ് കോടതി വിധിയിലൂടെ അനുമാനിക്കപ്പെടേണ്ടത്.

 

മാത്രമല്ല, ഇതിലൊന്നും പെടാത്തതും പ്രാദേശികവും ഗോത്രാധിഷ്ഠിതവുമായ എണ്ണമറ്റ വിശ്വാസങ്ങളും രാജ്യത്ത് ഇന്നും സജീവമാണ്. ഇന്നത്തെ രാഷ്ട്രീയാവസ്ഥയില്‍ കോടതിവിധിക്കെതിരെ നിയമ നിര്‍മാണം മാത്രമാണ് സര്‍ക്കാരുകള്‍ക്ക് ചെയ്യാനുള്ളത്. സംഘപരിവാറിന് ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ അധികാരത്തിലിരിക്കെ ഇതിനുള്ള സാധ്യത വിദൂരവുമാണ്. ജനാധിപത്യത്തില്‍ നിയമ നിര്‍മാണ സഭയും എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും രാജ്യത്തിന്റെ ഭരണഘടനയുടെ സംരക്ഷകരാകേണ്ടവരാണ്. ജനങ്ങള്‍ക്ക് മറ്റു രണ്ടിലും വിശ്വാസം നഷ്ടപ്പെടുമ്പോള്‍ നീതിന്യായ സംവിധാനത്തെ ആശ്രയിക്കുന്നത് അവരില്‍ കൂടുതല്‍ വിശ്വാസം ഉള്ളതിനാലാണ്. എന്നാല്‍ ഉന്നത നീതിപീഠത്തിന്റെ മേല്‍പരാമര്‍ശിത വിധികള്‍ ജനങ്ങളിലെ ആ വിശ്വാസം നഷ്ടപ്പെടുത്തുന്നതാവും. 1990കളില്‍ ശക്തമായി വന്ന ഹിന്ദുത്വ വര്‍ഗീയത ഇന്ന് വര്‍ഗീയ ഭീകര വാദമായിത്തന്നെ പരിണതി പ്രാപിച്ചിരിക്കയാണ്.

 

ബാബരി മസ്ജിദ് തകര്‍ത്തതും ഗുജറാത്ത്, ബോംബെ, വഡോദര, മീററ്റ്, ഭീവണ്ടി, മുസാഫര്‍നഗര്‍, ദാദ്രി, മേവാത്ത് തുടങ്ങി ഒട്ടനവധി വര്‍ഗീയ കലാപങ്ങളും കൊലപാതകങ്ങളും ബീഫിന്റെ പേരിലുള്ള മുസ്്‌ലിം വേട്ടയും ദലിതുകള്‍ക്കെതിരായ നരനായാട്ടും ദിനേനെ ശക്തിയാര്‍ജിച്ചുവരികയും ഹിന്ദുത്വ ശക്തികള്‍ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ബോംബ് സ്‌ഫോടനം നടത്തുകയും വരെ ചെയ്തു. എന്നിട്ട് ഏകസിവില്‍ നിയമം പോലുള്ള വിഷയങ്ങളില്‍ അഭിരമിക്കുകയാണ് തീവ്ര വലതുപക്ഷ ശക്തികള്‍. ബി. ജെ.പിയും ശിവസേനയും പ്രത്യേകിച്ചും അധികാരത്തിലിരുന്നുകൊണ്ട് ഇത്തരം ശക്തികള്‍ക്ക് ഒത്താശ ചെയ്യുകയുമാണ്. ഈ അവസരത്തില്‍ കൂടുതല്‍ ജാഗ്രവത്തായ നിയമ നീതിന്യായ സംവിധാനം നാടിന്റെ ആവശ്യമാണ്.