ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി മൊഹാലിയിലെ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ അടക്കം മൂന്നു പേര്‍ കുറ്റക്കാരാണെന്നു കുറ്റപത്രത്തില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ജനുവരി രണ്ടിന് നടന്ന പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ എട്ട് സൈനികര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
മസൂദ് അസ്ഹറിനൊപ്പം സഹോദരന്‍ അബ്ദുല്‍ റഊഫ് അസ്ഹറിന്റെ പേരും കുറ്റപത്രത്തിലുണ്ട്. റഊഫിന്റെ പങ്ക് വെളിവാക്കുന്ന വീഡിയൊ സന്ദേശങ്ങളും അന്വേഷണ സംഘം സമര്‍പ്പിച്ചു. ഇവരെ കൂടാതെ കൂട്ടാളികളായ ഷാഹിദ് ലത്തീഫ്, കഷിഫ് ജാന്‍ എന്നിവര്‍ക്കെതിരെയും ഐഎന്‍ഐഎ പഞ്ചഗുള പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ആംസ് ആക്റ്റ്, എക്‌സ്‌പ്ലോസീവ് സബ്‌സ്റ്റന്‍സ് ആക്റ്റ്, പ്രിവന്‍ഷന്‍ ഓഫ് ഡാമേജ് ടു പബ്ലിക് പ്രോപ്പര്‍ട്ടി ആക്റ്റ് ഉള്‍പ്പെടെ ഐപിസിയുടെ വിവിധ വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
മൂന്നു ദിവസം നീണ്ട ആക്രമണത്തില്‍ പാക് സ്വദേശികളായ നാല് ഭീകരരും കൊല്ലപ്പെട്ടിരുന്നു. നാസിര്‍ ഹുസൈന്‍, ഹാഫിസ് അബു ബക്കര്‍, ഉമര്‍ ഫാറൂഖ്, അബ്ദുല്‍ ഖുയാം എന്നിവരാണ് കൊല്ലപ്പെട്ടത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പത്താന്‍കോട്ട് വ്യോമതാവളത്തിലെ ഭീകരാക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദിനും മസൂദ് അസഹ്‌റിനും പങ്കുണ്ടെന്ന് ഇന്ത്യ ആവര്‍ത്തിച്ച് അവകാശപ്പെട്ടിട്ടും പാകിസ്താന്‍ ഇന്ത്യയുടെ വാദത്തെ തള്ളുകയായിരുന്നു. ഭീകരാക്രമണത്തില്‍ പാകിസ്താനും അന്വേഷണം പ്രഖ്യാപിക്കുകയും അന്വേഷണസംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പാകിസ്താന്‍ കേന്ദ്രീകരിച്ചുള്ള ജെയ്‌ഷെ മുഹമ്മദിനെതിരെയുള്ള തെളിവുകളും ഫോണ്‍സംഭാഷണങ്ങളും പാകിസ്താന് ഇന്ത്യ കൈമാറിയെങ്കിലും പാക് സര്‍ക്കാര്‍ ഇവ തള്ളുകയായിരുന്നു.
Be the first to write a comment.