കമാല്‍ വരദൂര്‍

പ്രത്യാക്രമണമാണ് ഏറ്റവും നല്ല ആയുധമെന്ന് എപ്പോഴും പറയാറുണ്ടായിരുന്നു ഇംഗ്ലീഷ് ക്യാപ്റ്റനായ സമയത്ത് നാസര്‍ ഹുസൈന്‍ എന്ന ക്രിക്കറ്റര്‍. പക്ഷേ ഇംഗ്ലീഷ് ക്രിക്കറ്റിലെ ഇപ്പോഴത്തെ നായകന്‍ അലിസ്റ്റര്‍ കുക്ക് വിശാഖപ്പട്ടണത്ത് തെരഞ്ഞെടുത്ത പ്രതിരോധ വഴി കാര്യങ്ങള്‍ ഇന്ത്യക്ക് എളുപ്പമാക്കി എന്ന് പറഞ്ഞാല്‍ അതാണ് സത്യം. 402 റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് ഒന്നര ദിവസമുണ്ടായിരുന്നു. പിച്ചില്‍ അത്തരത്തിലുളള സ്പിന്‍ ഭൂതവുമുണ്ടായിരുന്നില്ല. വ്യക്തമായ ആക്രമണ പ്ലാന്‍ തയ്യാറാക്കിയിരുന്നുവെങ്കില്‍ ഒരു പക്ഷേ അവസാന ദിവസത്തില്‍ ആവേശം വിതറാന്‍ സന്ദര്‍ശകര്‍ക്ക് കഴിയുമായിരുന്നു.

അശ്വിന്‍, ജഡേജ, ജയന്ത് യാദവ്, മുഹമ്മദ് ഷമി എന്നിവര്‍ അവസരങ്ങളെ പ്രയോജനപ്പെടുത്തുന്നവരാണ്. പക്ഷേ അലിസ്റ്റര്‍ കുക്ക്, ജോ റൂട്ട് തുടങ്ങിയവര്‍ സ്പിന്നിനെയും പേസിനെയും നേരിടാന്‍ കരുത്തരായതിനാല്‍ ഒരു പരീക്ഷണത്തിന് മുതിരാമായിരുന്നു. അതിന് പകരം രണ്ടാം ഇന്നിംഗ്‌സിലെ ആദ്യ പന്ത് മുതല്‍ പ്രതിരോധത്തിന്റെ കോട്ട തീര്‍ക്കാനുളള ശ്രമത്തില്‍ കുക്കിലെ നായകന്‍ വിജയം ഇന്ത്യന്‍ ക്യാമ്പിലേക്ക് നല്‍കുകയായിരുന്നു. ഇന്ത്യന്‍ സ്പിന്നര്‍മാരെ ഇന്ത്യന്‍ ട്രാക്കില്‍ നേരിടുക എളുപ്പമല്ല. ഇന്നലെ കോലിയിലെ നായകന്‍ സ്വന്തം ഫീല്‍ഡര്‍മാരെ ബാറ്റ്‌സ്മാന്മാര്‍ക്ക് ചുറ്റും നിരത്തി ആക്രമിച്ചപ്പോള്‍ അതില്‍ നിന്നും മോചനം നേടാനുള്ള വഴി ഇംഗ്ലീഷ് നിരയില്‍ ആര്‍ക്കും പരിചയമുണ്ടായിരുന്നില്ല. ചുറ്റും നിന്ന് തോല്‍പ്പിക്കുക എന്ന പ്ലാന്‍ ഇന്ത്യ നടപ്പിലാക്കുമെന്ന് ഉറപ്പായിട്ടും ക്രിസ് വിട്ട് പന്തിനെ പ്രഹരിക്കാനോ, പന്തിനെ ഗ്യാലറിയില്‍ എത്തിക്കാനോ ഒരു ഇംഗ്ലീഷുകാരും തയ്യാറായില്ല.

ആക്രമണം മാത്രം പരിചയമുള്ള ഡക്കറ്റ് പോലും. ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്കു മേല്‍ ആധിപത്യം നേടിയതിന്റെ ആത്മവിശ്വാസം അവര്‍ക്ക് പ്രകടിപ്പിക്കാമായിരുന്നു. ഇവിടെയാണ് വിരാത് കോലിയിലെ നായകന്‍ മാര്‍ക്ക് നേടുന്നത്. ഇംഗ്ലീഷ് ബാറ്റ്‌സ്മാന്മാരെ അദ്ദേഹം ശരിക്കും പഠിച്ചിരുന്നു. കുക്കിനെ വീഴ്ത്തിയാല്‍ പാതി ജയമായി. അതിനായി നാലാം ദിവസത്തെ അവസാന സെഷനില്‍ കോലി നടത്തീയ പരീക്ഷണങ്ങള്‍ രസകരമായിരുന്നു. അവസാനം പരീക്ഷണത്തിന് ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഇരയായപ്പോള്‍ തന്നെ മല്‍സരം പകുതി നേടി. രവീന്ദു ജഡേജയിലെ ഇടം കൈയ്യന്‍ സ്പിന്നറെ ഭംഗിയായി ഉപയോഗപ്പെടുത്താന്‍ പുതിയ സ്പിന്നര്‍ ജയന്തിനെ അത്യാവശ്യ ഘട്ടത്തില്‍ പ്രയോജനപ്പെടുത്താനും ഷമിയിലെ സീമര്‍ക്ക് പുതിയ പന്തില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കാനുമെല്ലാം ക്യാപ്റ്റന് ധൈര്യം നല്‍കിയത് ഇംഗ്ലീഷുകാരുടെ പ്രതിരോധ അതി ജാഗ്രതയായിരുന്നു.

നിങ്ങള്‍ കടന്നാക്രമിക്കില്ല എന്ന് വ്യക്തമായി മനസ്സിലാവുമ്പോള്‍ ക്യാപ്റ്റന് ഫീല്‍ഡ് സെറ്റ് ചെയ്യാന്‍ എളുപ്പമാണ്. ബൗളര്‍മാര്‍ക്ക് ഏത് തരം പന്തെറിയാനും അവസരമാണ്. അനില്‍ കുംബ്ലെയിലെ കോച്ചിന് ഇതെല്ലാം വളരെ വ്യക്തമായി അറിയാം. പരമ്പരയില്‍ ഇനിയും മൂന്ന് മല്‍സരങ്ങള്‍ ബാക്കിനില്‍ക്കുന്നു. ഇന്ത്യ വിശാഖപ്പട്ടണത്തിലൂടെ നേടിയത് മാനസികാധിപത്യമാണ്. അത് തകര്‍ക്കാന്‍ ഇംഗ്ലണ്ടിന് മൊഹാലിയില്‍ കഴിഞ്ഞാല്‍ മാേ്രതമേ പരമ്പര ആവേശകരമാവു.