Connect with us

Video Stories

പൊലീസ് വിശ്വാസ്യത വീണ്ടെടുക്കണം

Published

on

സംസ്ഥാന പൊലീസ് സേനക്കെതിരെ സമീപ കാലങ്ങളില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളും ആക്ഷേപങ്ങളും അത്ര നിസാരമായി കണ്ടുകൂടാ. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഔദ്യോഗിക പദവി നിക്ഷിപ്ത താത്പര്യങ്ങള്‍ക്കു തീറെഴുതുന്ന പൊലീസ് ഉദ്യോഗസ്ഥന്മാര്‍ തല പൊക്കുന്നത് പതിവായിരിക്കുകയാണ്. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തില്‍ തുടങ്ങി, കരിനിയമ പ്രയോഗങ്ങളിലും മാവോയിസ്റ്റ് വേട്ടയിലും ദേശീയ ഗാനത്തിന്റെ പേരിലെ അറസ്റ്റുകളിലും യോഗ പരിശീലനങ്ങളിലുമെല്ലാം ഇതു പ്രകടമാണ്. ആര്‍.എസ്.എസ് കുറുവടിയാണ് പൊലീസിന്റെ ലാത്തിയെന്നും സംഘ്പരിവാര്‍ പ്രേതങ്ങളാണ് പൊലീസ് സ്റ്റേഷനുകളുടെ കാവല്‍ക്കാരെന്നും കരുതുന്ന പൊതുസമൂഹത്തെ കുറ്റപ്പെടുത്താനാവില്ല. ഹൈന്ദവ ഭക്തിഗാനം ആലപിച്ചില്ലെന്ന് ആരോപിച്ച് കുട്ടികളുടെ കരോള്‍ സംഘത്തെ ആക്രമിച്ച നാല് ആര്‍.എസ്.എസുകാരില്‍ രണ്ടു പേരെ ഇന്നലെ വെറുതെ വിട്ടത് ഇതിന്റെ അവസാന അടയാളമാണ്. പൊലീസില്‍ സ്വാര്‍ത്ഥ തത്പരരും ക്രിമിനലുകളും ഗുണ്ടകളുമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയനു പോലും പൊലീസിനെ നിയന്ത്രിക്കാനാവുന്നില്ലെന്നുമുള്ള പ്രതിപക്ഷ വീക്ഷണം സര്‍ക്കാര്‍ മുഖവിലെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് മൂക്കുകയറിടാനാവുമോ ഇല്ലയോ എന്നതിനേക്കാള്‍ ആപത്കരമാണ് പൊലീസിലെ കാവിവത്കരണം. സ്ഥാപിത താത്പര്യങ്ങള്‍ക്കു വിരുദ്ധമായി സ്വാര്‍ത്ഥതയെ സംരക്ഷിക്കാന്‍ സംസ്ഥാന പൊലീസ് സേനയുടെ തല മുതല്‍ വാലറ്റം വരെ സംഘ്പരിവാര്‍ പിണിയാളുകളുണ്ട്. ബി.ജെ.പിയും ആര്‍.എസ്.എസും പ്രതിസ്ഥാനത്തു വരുന്ന പല സംഭവങ്ങളിലും പരാതി ലഭിച്ചിട്ടുപോലും കേസെടുക്കാന്‍ പൊലീസ് കൂട്ടാക്കുന്നില്ല. എന്നാല്‍ പ്രഭാഷകരുടെയും എഴുത്തുകാരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ജാതിയും മതവും നിറവും നിലപാടുകളും നോക്കി കേസെടുക്കാന്‍ ചില പൊലീസ് ഉദ്യോഗസ്ഥര്‍ മത്സരിക്കുന്നു. ബി.ജെ.പിയുടെയും യുവമോര്‍ച്ചയുടെയും ഒരു പരാതി പോലും കേസെടുക്കാതെ ഫയലില്‍ കിടക്കുന്നില്ല. പരാതിയില്ലെങ്കിലും കേസെടുക്കാന്‍ ഉത്സാഹിക്കുന്ന പൊലീസുകാരുണ്ട്. എഴുത്തുകാരന്‍ കമല്‍ സി. ചവറയെയും സുഹൃത്ത് നദീറിനെയും കസ്റ്റഡിയിലെടുത്ത് യു.എ.പി.എ ചുമത്താന്‍ തിടുക്കം കാണിച്ചത് ഇത്തരം മനോഭാവം വച്ചുപുലര്‍ത്തുന്നവരാണ്. ദേശീയ ഗാനാപലന സമയത്ത് എഴുന്നേറ്റു നിന്നില്ലെന്ന് ആരോപിച്ച് അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയില്‍ നാലുപേരെ കസ്റ്റഡിയിലെടുത്ത നടപടിയോട് വിയോജിച്ച സംവിധായകന്‍ കമലിന്റെ വീടിനു മുന്നില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ച ബി.ജെ.പിക്കാര്‍ക്കെതിരെ പൊലീസ് ചെറുവിരലനക്കിയില്ല. ബി.ജെ.പി ബന്ധമുള്ള മാധ്യമ പ്രവര്‍ത്തകരുടെ ആവശ്യപ്രകാരമായിരുന്നു ചലച്ചിത്രോത്സവ വേദിയില്‍ പൊലീസിന്റെ പൊറാട്ടുനാടകമെന്നോര്‍ക്കണം. നിലമ്പൂര്‍ കരുളായി വനത്തിലെ മാവോ വേട്ടയില്‍ മരിച്ച കുപ്പു ദേവരാജിന്റെ മൃതദേഹം കൊണ്ടുപോകുന്നത് തടയാന്‍ റോഡ് ഉപരോധിച്ച ബി.ജെ.പി പ്രവര്‍ത്തകരെ കാണാന്‍ പൊലീസിന്റെ കാവിക്കണ്ണിന് കഴിഞ്ഞില്ല. എന്നാല്‍ കാസര്‍കോട്ട് സമസ്ത കോ-ഓര്‍ഡിനേഷന്‍ സംഘടിപ്പിച്ച ശരീഅത്ത് സംരക്ഷണ റാലിക്കെതിരെ കേസെടുക്കാന്‍ പൊലീസ് തിടുക്കം കാണിക്കുകയും ചെയ്തു. സമീപകാലങ്ങളിലുണ്ടായ നിരവധി സംഭവങ്ങളില്‍ ചിലതു മാത്രമാണിവ. പുറംലോകം അറിയുമ്പോഴും വിവാദമുയരുമ്പോഴും ‘കാര്യങ്ങള്‍ അന്വേഷിക്കട്ടെ’ എന്ന് ഒറ്റവാക്കില്‍ മറുപടി പറഞ്ഞൊഴിയുകയാണ് പൊലീസ് മേധാവി. ഇദ്ദേഹത്തിനെതിരെ സംഘ്പരിവാര്‍ ബന്ധമാരോപിച്ച് പുറത്തുവരുന്ന പ്രചാരണങ്ങളെ സംബന്ധിച്ച് അന്വേഷിക്കാന്‍ മറ്റൊരു പൊലീസ് മേധാവിയെ നിയോഗിച്ചുണ്ടെന്നതാണ് വാസ്തവം.

ഇതിനിടെയാണ് പൊലീസുകാരുടെ ശാരീരിക-മാനസിക ക്ഷമത വര്‍ധിപ്പിക്കാന്‍ യോഗ പരിശീലനം നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഏഴു ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളില്‍ നിര്‍ബന്ധ യോഗ പരീശീലനം നടപ്പിലാക്കിയിട്ടുണ്ട്. മറ്റു ജിലകളിലും പരിശീലനം പൂര്‍ത്തിയാക്കാനാണ് ഡി.ജി.പിയുടെ നിര്‍ദേശം. നിര്‍ബന്ധ യോഗ പരിശീലിപ്പിക്കുന്നു എന്ന കാര്യത്തില്‍ മാത്രമല്ല, ഇതിനു വേണ്ടി ശ്രീ ശ്രീ രവിശങ്കറിന്റെയും ബാബാ രാംദേവിന്റെയും കേന്ദ്രങ്ങളിലെ പരിശീലകരെ ചുമതലപ്പെടുത്തി എന്നുള്ളതാണ് ആശങ്കയുയര്‍ത്തുന്നത്. രാജ്യത്തെ മികച്ച യോഗ പരിശീലകര്‍ എന്നതിനേക്കാളുപരി സംഘ്പരിവാറിനോട് ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്ന യോഗാചാര്യന്മാരുടെ അനുയായികളെ തന്നെ പരിശീലകരായി കൊണ്ടുവന്നതിലെ സാംഗത്യമെന്താണ്?. സി.പി.എം ഭരിക്കുന്ന, പോളിറ്റ് ബ്യൂറോ അംഗം മുഖ്യമന്ത്രി പദവിയും ആഭ്യന്തര വകുപ്പും കയ്യാളുന്ന ഒരു സംസ്ഥാനത്ത് ഇത് എങ്ങനെ അഭികാമ്യമായി കാണാനാവും? നിര്‍ബന്ധ യോഗയില്‍ നിന്ന് ഒഴിവാക്കിത്തരണമെന്ന ചില പൊലീസ് ഉദ്യോഗസ്ഥരുടെ ആവശ്യം പരിഗണിക്കപ്പെടാതെ കിടക്കുകയാണ്. എന്നാല്‍ പരിശീലനത്തില്‍ നിന്നു വിട്ടുനില്‍ക്കുന്നവരുടെ ലിസ്റ്റ് തയാറാക്കി ജില്ലാ പൊലീസ് മേധാവികള്‍ക്ക് കൈമാറാനാണ് എസ്.ഐമാരോട് നിര്‍ദേശിച്ചിട്ടുള്ളത്. ആഭ്യന്തര വകുപ്പിന്റെ അറിവോടു കൂടിയാണോ പരിശീലനമെന്നും പരിശീലകരെ കണ്ടെത്തിയത് സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെയാണോ എന്നും വ്യക്തമാക്കേണ്ട ബാധ്യത സി.പി.എമ്മിനുണ്ട്. പൊലീസിന്റെ കായികക്ഷമത വര്‍ധിപ്പിക്കാന്‍ യോഗ ഫലപ്രദമാണെന്ന് സമര്‍ത്ഥിച്ചാലും ശ്രീ ശ്രീ രവിശങ്കറിന്റെയും ബാബാ രാംദേവിന്റെയും സൈദ്ധാന്തികതകളെ യോഗയില്‍ സമന്വയിപ്പിക്കുമെന്ന യാഥാര്‍ഥ്യം ഇടതുസര്‍ക്കാര്‍ മനസിലാക്കാതെ പോയത് എന്തുകൊണ്ടാണ്?

പൊലീസിലെ കാവിവത്കരണം രൂക്ഷമാകുന്നുവെന്ന് ബോധ്യപ്പെട്ടപ്പോഴാണ് ദേശീയഗാനത്തിന്റെ പേരില്‍ ആര്‍ക്കെതിരെയും കേസെടുക്കരുതെന്നും യു.എ.പി.എ കുറ്റം ചുമത്തും മുമ്പ് ജില്ലാ പൊലീസ് മേധാവിയുടെ അനുമതി വേണമെന്നും സര്‍ക്കാര്‍ അസന്നിഗ്ധമായി പ്രഖ്യാപിക്കാന്‍ നിമിത്തമായത്. പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിച്ച് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 143,145,147,153,283 തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ശരീഅത്ത് സംരക്ഷണ റാലിയില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുത്ത പൊലീസ് നിലപാട് എത്ര കിരാതമാണ്. ജനാധിപത്യ രാജ്യത്ത് പൗരനു നല്‍കുന്ന അവകാശങ്ങളുടെ മേലുള്ള കടുത്ത ലംഘനമാണിതെല്ലാം. ഹൈന്ദവതയുടെ പേരില്‍ വര്‍ഗീയ വിഷം ചീറ്റുന്നവര്‍ സുരക്ഷിതരായി വിലസുകയും ന്യൂനപക്ഷ-മുസ്‌ലിം-ദലിത് വിഭാഗങ്ങള്‍ക്കിടയിലേക്ക് മാത്രം തീവ്രവാദ-രാഷ്ട്രവിരുദ്ധ വേട്ടയുടെ നീരാളിക്കൈകള്‍ നീളുന്നതും സര്‍ക്കാര്‍ ഇനിയും കണ്ടില്ലെന്നു നടിക്കരുത്. സംഘ്പരിവാര്‍ പ്രഭൃതികള്‍ക്കു മുമ്പില്‍ കവാത്തു മറക്കുന്ന പൊലീസുദ്യോഗസ്ഥരല്ല നമുക്ക് വേണ്ടത്. നീതിയും നിയമവും നടപ്പാക്കാന്‍ പക്ഷംചേര്‍ന്നു പ്രവര്‍ത്തിക്കാത്ത പ്രതിബദ്ധതയുള്ള പൊലീസുകാരാണ് സേനയില്‍ ഉണ്ടാവേണ്ടത്. നാഥനില്ലാപ്പടയായി മാറിയ ആഭ്യന്തര സംവിധാനത്തെ ശുദ്ധികലശം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അധികാരാലസ്യങ്ങള്‍ക്കിടയില്‍ ആഭ്യന്തര വകുപ്പിന്റെ വിശ്വാസ്യത നഷ്ടപ്പെടുന്ന സാഹചര്യം അതിരുവിടുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ക്കിയടാകും. ഇതു തിരിച്ചറിയാന്‍ ഇനിയെങ്കിലും ഇടതു സര്‍ക്കാര്‍ മനസുവെച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരുമെന്ന കാര്യത്തില്‍ തെല്ലും തര്‍ക്കമില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending